പാപ്പയ്ക്ക് സമ്മാനമായി ഒരു സൈക്കിള്‍ നല്‍കി ലോക പ്രശസ്ത സൈക്കിളിങ് താരം

പാപ്പയ്ക്ക് സമ്മാനമായി ഒരു സൈക്കിള്‍ നല്‍കി ലോക പ്രശസ്ത സൈക്കിളിങ് താരം

വത്തിക്കാന്‍ സിറ്റി: എണ്‍പത്തിനാലുകാരനായ ഫ്രാന്‍സീസ് പാപ്പയ്ക്ക് ഇന്നലെ അപൂര്‍വമായൊരു സമ്മാനം കിട്ടി; ഒരു സൈക്കിള്‍. ലോക പ്രശസ്ത സൈക്കിളിങ് താരം ഈഗന്‍ ബര്‍ണാലാണ് വത്തിക്കാനിലെത്തി മാര്‍പ്പാപ്പയ്ക്ക് സൈക്കിള്‍ സമ്മാനിച്ചത്.

ഇറ്റലിയിലെ ലോക പ്രശസ്തമായ ജിറോ ഡിഇറ്റാലിയ സൈക്കിളിങ് മല്‍സരത്തിലെ ഇത്തവണത്തെ വിജയിയാണ് കൊളംബിയന്‍ പൗരനായ ഈഗന്‍ ബര്‍ണാല്‍. 2019 ലെ ടൂര്‍ ഡി ഫ്രാന്‍സ് വിജയിയായ ബര്‍ണാല്‍ തന്റെ സുഹൃത്തിനൊപ്പമാണ് മാര്‍പ്പാപ്പയെ കാണാനെത്തിയത്.

ഇറ്റാലിയന്‍ സൈക്കിളിംങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് ഒരാഴ്ച തികയും മുമ്പെ തന്നെ ഈഗല്‍ ബര്‍ണാലിന് കോവിഡ് പിടിപെട്ടു. രോഗം സ്ഥിരീകരിച്ച ഈ മാസം 4 മുതല്‍ നിരീക്ഷണത്തിലായിരുന്നു. രോഗം ഭേദമായതിനു പിന്നാലയാണ് മാര്‍പ്പാപ്പയുടെ അനുഗ്രഹം തേടിയെത്തിയത്.

മാര്‍പ്പാപ്പയെ നേരില്‍ക്കണ്ടതിനെപ്പറ്റി ഈഗന്‍ ബര്‍ണാല്‍ പിന്നീട് പറഞ്ഞതിങ്ങനെ.'ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതില്‍ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ നിമിഷങ്ങളായിരുന്നു വത്തിക്കാനിലേത്. മാര്‍പാപ്പയെ കണ്ടത് വിവരിക്കാനാവാത്ത അനുഭവമായിരുന്നു. പാപ്പയുടെ സാന്നിധ്യം എന്നെ വിസ്മിയിപ്പിച്ചുകൊണ്ടിരുന്നു. ദൈവവുമായുള്ള സമാഗമത്തിനു തുല്യമായ അനുഭവം'.

ഇക്കഴിഞ്ഞ 30 ന് അവസാനിച്ച ഇറ്റാലിയന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ബര്‍ണാല്‍ വിജയിച്ചത്. ഇവിടെ വിജയം നേടിത്തന്ന അതേ മോഡല്‍ സൈക്കിളുമായിട്ടായിരുന്നു കൂട്ടുകാരി മരിയക്കൊപ്പമുള്ള ബര്‍ണാലിന്റെ വരവ്. ഇളംനീലയില്‍ വെള്ള വരകളുള്ള മനോഹരമായ പിനാരെല്ലോ എഫ് 12 സൈക്കിള്‍ പാപ്പയുടെ ഹൃദയം കവര്‍ന്നു.

ടൂര്‍ണമെന്റില്‍ ഉപയോഗിച്ചതിന് സമാനമായ പിങ്ക് ജഴ്‌സിയും അദ്ദേഹം മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു. എല്ലാ കൊളംബിക്കാര്‍ക്കും വേണ്ടിയാണ് അനുഗ്രഹം തേടുന്നതെന്നും ബര്‍ണാല്‍ മാര്‍പ്പാപ്പയോട് പറഞ്ഞു.

ഇറ്റാലിയന്‍ ഭാഷ നന്നായി സംസാരിക്കുന്ന ഈഗന്‍ ബര്‍ണാല്‍ കത്തോലിക്കാ വിശ്വാസി എന്ന നിലയിലുള്ള തന്റെ പ്രാര്‍ഥനാനുഭവങ്ങള്‍ കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോടു പങ്കുവെച്ചു.' കൊളംബിയയിലെ കത്തോലിക്കാ കുടുംബത്തിലാണ് താന്‍ വളര്‍ന്നത്. കടുത്ത വിശ്വാസിയായ താന്‍ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തത് പ്രാര്‍ഥനയിലൂടെയാണ്. വിശ്വാസ ജീവിതത്തിലെ ഏറ്റവും മനേഹരമായ മുഹൂര്‍ത്തമാണ് മാര്‍പ്പാപ്പയെ നേരില്‍ക്കണ്ട ഏതാനം നിമിഷങ്ങള്‍ '

2019 ലെ ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിള്‍ റേസില്‍ വിജയിച്ച ആദ്യത്തെ ലാറ്റിന്‍ അമേരിക്കക്കാരനാണ് ഈഗന്‍ ബര്‍ണാല്‍. 22-ാം വയസിലായിരുന്നു ഈ നേട്ടം. 1909 ന് ശേഷം റേസില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈഗന്‍ സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.