തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ഡിസിസികളുടെ സമ്പൂര്‍ണ അഴിച്ചു പണിയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആദ്യം ലക്ഷ്യം വയ്ക്കുന്നത്.
നിലവില്‍ എല്ലാ ജില്ലകളിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരാണ് ഡിസിസി ഭാരവാഹികള്‍. സംസ്ഥാനത്തെ ഒമ്പത് ഡിസിസി പ്രസിഡന്റുമാര്‍ ഐ ഗ്രൂപ്പുകാരും അഞ്ച് പേര്‍ എ ഗ്രൂപ്പുകാരുമാണ്.
ഗ്രൂപ്പിന് പകരം പ്രവര്‍ത്തന മികവായിരിക്കും പുതിയ അധ്യക്ഷന്മാരെ കണ്ടെത്തുമ്പോള്‍ പ്രധാന മാനദണ്ഡമായി പരിഗണിക്കുക. ഇതിനുള്ള നടപടികള്‍ക്ക് അഞ്ചംഗ പ്രത്യേക സമിതിയായിരിക്കും ചുക്കാന്‍ പിടിക്കുക. ജില്ലാ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കളോട് കിടപിടക്കാന്‍ കഴിയുന്നവരാണ് ഉണ്ടാകേണ്ടതെന്നാണ് കെ.സുധാകരന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.
സ്ഥാനമൊഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍ പ്രധാന പദവികള്‍ നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍.
ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തരായ വനിതകളേയും പരിഗണിക്കുന്നുണ്ട്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ തഴയപ്പെട്ടെന്ന വിമര്‍ശനം ശക്തമായിരുന്നു. അടിമുടി പൊളിച്ചെഴുത്തെന്ന ലക്ഷ്യത്തില്‍ സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍. നിലവില്‍ കൊല്ലം ജില്ലയില്‍ മാത്രമാണ് കോണ്‍ഗ്രസിനെ വനിത നയിക്കുന്നത്. കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് നേതൃത്വത്തിന് താത്പര്യം.
ജില്ലാ തലത്തില്‍ അറിയപ്പെടുന്ന, എല്ലാ മണ്ഡലങ്ങളിലും പേരിനെങ്കിലും സ്വാധീനമുളള നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കും. മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുളളവരുമായ നേതാക്കളേയും പരിഗണിക്കും. യുവാക്കള്‍ക്ക് പ്രാധാന്യമുളള പട്ടികയായിരിക്കും അവസാന നിമിഷം പുറത്തുവരിക.
ജനപ്രതിനിധികള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതില്ല എന്ന നിര്‍ദേശം മറികടന്നാണ് കെപിസിസി പ്രസിഡന്റിനേയും വര്‍ക്കിംഗ് പ്രസിഡന്റുമാരേയും നിയോഗിച്ചത്. ഇതോടെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എംപിമാരും എംഎല്‍എമാരും പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്.
ലതിക സുഭാഷ് രാജിവച്ച ഒഴിവില്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കും ഒരാളെ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആലപ്പുഴയിലും കൊച്ചിയിലുമായുളള രണ്ട് വനിതാ നേതാക്കളെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.