അപൂര്‍വങ്ങളില്‍ അപൂര്‍വം ശിവബാലന്റെ രക്തം; അമേരിക്കയിലെ രോഗിക്ക് ന്യൂസിലന്‍ഡില്‍നിന്ന് രക്തദാനം

അപൂര്‍വങ്ങളില്‍ അപൂര്‍വം ശിവബാലന്റെ രക്തം; അമേരിക്കയിലെ രോഗിക്ക് ന്യൂസിലന്‍ഡില്‍നിന്ന് രക്തദാനം

ഹാമില്‍ടണ്‍: ജീവിതാനുഭവങ്ങളിലൂടെ വ്യത്യസ്തരാകുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ജന്മം കൊണ്ട് വ്യത്യസ്തരാകുന്നത് അപൂര്‍വം ചിലരാണ്. ന്യൂസിലന്‍ഡിലെ ഇന്ത്യക്കാരനായ ശിവബാലന്‍ രമേഷ് അങ്ങനെ ഒരാളാണ്. അത്യപൂര്‍വമായ രക്തഗ്രൂപ്പാണ് ശിവബാലന്റേത്. ആ അപൂര്‍വത മൂലം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യമാണ് ശിവബാലനെ തേടിയെത്തിയിരിക്കുന്നത്. അമേരിക്കയില്‍ മരണത്തോടു മല്ലടിക്കുന്ന ഒരു രോഗിയെ രക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രക്തദാതാക്കളില്‍നിന്ന് ശിവബാലനെ തെരഞ്ഞെടുത്തിരിക്കുകയാണ്.

ഇന്ത്യയിലെ ചെന്നൈ സ്വദേശിയായ ശിവബാലന്‍ ന്യൂസിലന്‍ഡിലെ വൈകാറ്റോയിലാണ് താമസിക്കുന്നത്. അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഒരു രോഗിക്കു വേണ്ടിയാണ് 24 കാരനായ ശിവബാലന്‍ രക്തം ദാനം ചെയ്യാനൊരുങ്ങുന്നത്. ഇതിനു മുന്‍പ് തന്നെ ശിവബാലന്‍ പല തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്തിടെ അപൂര്‍വമായ ഒരു രക്തഗ്രൂപ്പിനു വേണ്ടി ലോകവ്യാപകമായി നടന്ന അന്വേഷണമാണ് ശിവബാലനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ഓക്‌ലന്‍ഡിലെത്തിയാണ് ശിവബാലന്‍ രക്തം ദാനം ചെയ്യുന്നത്.  തുടര്‍ന്ന് അമേരിക്കയിലേക്ക് അയയ്ക്കും.

എട്ട് തരം രക്തഗ്രൂപ്പുകളെക്കുറിച്ചു മാത്രമേ എല്ലാവര്‍ക്കും അറിയൂ. എ പോസിറ്റീവ്, എ നെഗറ്റീവ്, ബി പോസിറ്റീവ്, ബി നെഗറ്റീവ്, എബി നെഗറ്റീവ്, എബി പോസിറ്റീവ്, സാര്‍വത്രികമായ ഒ പോസിറ്റീവ്, ഓ നെഗറ്റീവ് എന്നിവ. എന്നാല്‍ യഥാര്‍ഥത്തില്‍ 33 രക്തഗ്രൂപ്പുകളുണ്ട്.

ജെ.കെ.എ നെഗറ്റീവ്, ജെ.കെ.ബി നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളുടെ അപൂര്‍വ സംയോജനമാണ ശിവബാലന്റെ രക്തം. ഇതു തന്നെയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്കു വേണ്ടതും. ജെ.കെ.എ, ജെ.കെ.ബി എന്നിവയ്‌ക്കൊപ്പം ഒ നെഗറ്റീവും ചേര്‍ന്നതാണ് ശിവബാലന്റെ രക്തഗ്രൂപ്പ്. ന്യൂസിലന്‍ഡില്‍ ഈ അപൂര്‍വതയുള്ള ഒരേ ഒരാള്‍ ശിവബാലനാണ്.

പോളിനേഷ്യന്‍ ജനസംഖ്യയില്‍ കാണപ്പെടുന്ന രക്തഗ്രൂപ്പാണ് ജെ.കെ.എയും ജെ.കെ.ബിയും. 600 പോളിനേഷ്യക്കാരില്‍ ഒരാള്‍ക്കാണ് ഈ രക്തഗ്രൂപ്പുള്ളത്. ന്യൂസിലന്‍ഡില്‍ ഏകദേശം 20 പേര്‍ക്കു മാത്രമാണ് ഈ രക്തഗ്രൂപ്പുള്ളത്. 2018-നുശേഷം ഈ ഗ്രൂപ്പില്‍പെട്ട രക്തം ദാനം ചെയ്യാന്‍ സാഹചര്യം ഉണ്ടായിട്ടില്ല.

ആയിരത്തില്‍ ഒരാളില്‍ പോലും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് ഒരു രക്തഗ്രൂപ്പിനെ അപൂര്‍വ്വം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂര്‍വ്വ രക്തഗ്രൂപ്പിന് കാരണമാവുന്നത്.

ശിവബാലന്‍ വളരെ അപൂര്‍വതകളുള്ള വ്യക്തിയാണെന്നു ന്യൂസിലന്‍ഡ് ബ്ലഡ് സര്‍വീസ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ദീപക് സദാനി പറഞ്ഞു.
ന്യൂസിലന്‍ഡില്‍ രക്തം ദാനം ചെയ്യുന്നവരില്‍ ഒന്‍പതു ശതമാനം പേര്‍ക്കു മാത്രമാണ് ഒ നെഗറ്റീവ്. എന്നാല്‍ ഇന്ത്യയില്‍ ഈ ഗ്രൂപ്പ് രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമാണുള്ളതെന്ന് സദാനി പറഞ്ഞു. ഈ കാരണത്താല്‍ രക്തം ദാനം ചെയ്യാനുള്ള ഇടവേളയായ മൂന്ന് മാസത്തിനുപകരം ഓരോ രണ്ട് മാസത്തിലും രക്തദാനത്തിന് ശിവബാലന് അനുമതിയുണ്ട്.

ന്യൂസിലന്‍ഡിലെ ജനങ്ങളില്‍ നാല് ശതമാനത്തില്‍ താഴെ മാത്രമാണ് രക്തം ദാനം ചെയ്യുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതിനാലാണ് ശിവബാലന്റെ രക്തദാനത്തിന് പ്രസക്തിയേറുന്നത്.

മാസി യൂണിവേഴ്‌സിറ്റിയില്‍ ക്വാണ്ടിറ്റി സര്‍വേയിംഗ് വിദ്യാര്‍ഥിയായ ശിവബാലന്‍ ഒരു വര്‍ഷം മുന്‍പാണ് ചെന്നൈയില്‍നിന്ന് ന്യൂസിലന്‍ഡില്‍ എത്തിയത്. ന്യൂസിലന്‍ഡില്‍ വച്ച് അഞ്ച് തവണ രക്തം നല്‍കി. രക്തം ദാനം ചെയ്യുകയെന്ന ദൗത്യം ഇന്ത്യയില്‍ സാധാരണമാണെന്നും അതു തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നുമാണു ശിവബാലന്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.