കേരളത്തെ അബോധാവസ്ഥയിലാക്കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഫാ. ചാക്കോ കുടിപ്പറമ്പില്‍

കേരളത്തെ അബോധാവസ്ഥയിലാക്കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഫാ. ചാക്കോ കുടിപ്പറമ്പില്‍

കണ്ണൂര്‍: കേരളത്തെ അബോധാവസ്ഥയിലാക്കുന്നതിന് ബാര്‍ തുറന്ന തെറ്റായ സര്‍ക്കാര്‍ തീരുമാനം അടിയന്തിര പ്രാധാന്യത്തോടെ പിന്‍വലിക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മലബാര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ ആവശ്യപ്പെട്ടു.

ഒറ്റ ദിവസം കൊണ്ട് 51 കോടി രൂപയുടെ മദ്യം ബിവറേജ്‌സില്‍ നിന്നും മാത്രം വില്‍പന നടത്തി ലോക റിക്കാര്‍ഡ് ഇട്ട സര്‍ക്കാര്‍ നിലപാടില്‍ സുബോധമുളളവര്‍ അഭിമാനിക്കുകയല്ല പരിതപിക്കുകയാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് മദ്യപാനത്തിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കുന്നത്.

കേരളം വ്യാജമദ്യത്തിന്റെ പിടിയിലാണെന്നും ഭൂരിഭാഗം മദ്യപാനികളും വ്യാജ വാറ്റിലേക്ക് തിരിഞ്ഞതിനാല്‍ ബാര്‍ തുറക്കുന്നു എന്ന രീതിയിലുള്ള പ്രസ്താവനകളുടെ വാസ്തവ വിരുദ്ധത ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

അത് പൂര്‍ണ്ണമായും വാസ്തവമായിരുന്നെങ്കില്‍ ഇരുന്നൂറ് ഇരട്ടി വില കൊടുത്ത് സര്‍ക്കാര്‍ മദ്യം വാങ്ങാന്‍ മദ്യപന്മാര്‍ ഇത്ര സാഹസം കാണിക്കുമായിരുന്നോ? കിലോ മീറ്ററ്റുകള്‍ നീളത്തിലായിരുന്നല്ലോ പല ബിവറേജസിന് മുമ്പിലും ഉണ്ടായിരുന്ന ക്യൂ. സര്‍ക്കാര്‍ വരച്ച സാമൂഹ്യ അകലത്തിന്റെ വട്ടത്തിലായിരുന്നില്ല മദ്യം വാങ്ങാനെത്തിയവര്‍ നിന്നത്.

പോലീസ് അകമ്പടിയോടെ അവര്‍ വട്ടം കൂടുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ നിയന്ത്രണങ്ങളും തെറ്റിക്കപ്പെടുന്ന അതി ഗൗരവതരമായ ഇപ്പോഴത്തെ സാഹചര്യം സര്‍ക്കാരും പൊതു സമൂഹവും ചര്‍ച്ച ചെയ്യപ്പെടാതെ പോകരുതെന്നും ഫാ.ചാക്കോ കുടിപ്പറമ്പില്‍ പറഞ്ഞു.

അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും മദ്യവില്‍പന ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂര്‍, ശ്രീകണ്ഠാപുരം, മാങ്ങോട്, വളക്കൈ, മണ്ഡപം, കുട്ടുപുഴ എന്നിവിടങ്ങളില്‍ മദ്യവിരുദ്ധ സമിതി, മുക്തിശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.