പോര്‍ച്ചുഗലിനെ ഗോള്‍മഴയില്‍ മുക്കി ജര്‍മനി; രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ജയം

പോര്‍ച്ചുഗലിനെ ഗോള്‍മഴയില്‍ മുക്കി ജര്‍മനി; രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ജയം

മ്യൂണിക് (ജര്‍മനി): പ്രീക്വാര്‍ട്ടര്‍ മോഹങ്ങളുമായി ഇറങ്ങിയ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെതിരേ ജര്‍മനിക്ക് തകര്‍പ്പന്‍ ജയം. മൊത്തം ആറ് ഗോളുകള്‍ വീണ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ പടയുടെ ജയം.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ജര്‍മനിയെ ഞെട്ടിച്ച് പോര്‍ച്ചുഗലാണ് ആദ്യം ലീഡെടുത്തത്. 15-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. പക്ഷേ ഗോള്‍ വീണതോടെ ജര്‍മനി ആക്രമണം ശക്തമാക്കി. നാലു മിനിറ്റിനിടെ വീണ രണ്ട് സെല്‍ഫ് ഗോളുകളില്‍ ജര്‍മനി ലീഡെടുത്തു. ജയത്തോടെ മൂന്ന് പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പോര്‍ച്ചുഗലിനും മൂന്ന് പോയിന്റാണെങ്കിലും ഗോള്‍ വ്യതാസത്തില്‍ ജര്‍മനി മുന്നില്‍ക്കയറി. ഒരു ജയവും ഒരു സമനിലയും അടക്കം 4 പോയിന്റുള്ള ഫ്രാന്‍സാണ് ഒന്നാമത്.

യൂറോ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരു കളിയില്‍ ഒന്നിലധികം സെല്‍ഫ് ഗോള്‍ വഴങ്ങുന്നത്. അലിയാന്‍സ് അരിന സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ റൂബന്‍ ഡയസ്, റാഫേല്‍ ഗുറെയ്‌റോ എന്നിവരുടെ സെല്‍ഫ് ഗോളുകളില്‍ പകച്ചു പോയ പോര്‍ച്ചുഗലിന്റെ കഥ കായ് ഹവാര്‍ട്‌സും റോബിന്‍ ഗൊസെന്‍സും തീര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.

കളി തുടങ്ങിയതു മുതല്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖം വിറപ്പിച്ച ജര്‍മനിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. പോര്‍ച്ചുഗല്‍ പകുതിയില്‍നിന്നു ബെര്‍ണാഡോ സില്‍വ തുടക്കമിട്ട മിന്നല്‍വേഗമുള്ള കൗണ്ടറാണു ഗോളായി പരിണമിച്ചത്. പക്ഷേ ഗോള്‍ വീണതോടെ ജര്‍മനി ആക്രമണം ശക്തമാക്കി. നാലു മിനിറ്റിനിടെ വീണ രണ്ട് സെല്‍ഫ് ഗോളുകളില്‍ അവര്‍ ലീഡെടുക്കുകയും ചെയ്തു.

35-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍ റൂബന്‍ ഡയസാണ് ആദ്യ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. പിന്നാലെ 39-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗര്‍, റോബിന്‍ ഗോസെന്‍സ്, തോമസ് മുള്ളര്‍ എന്നിവര്‍ ചേര്‍ന്നുള്ള ജര്‍മനിയുടെ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. മുള്ളറില്‍ നിന്ന് പന്ത് ലഭിച്ച കിമ്മിച്ച് നല്‍കിയ ക്രോസ് പോര്‍ച്ചുഗീസ് താരം ഗുറെയ്റോയുടെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.