ഇബ്രാഹിം റെയ്‌സി യു.എസ് ഉപരോധം നേരിടുന്ന ഇറാന്റെ ആദ്യപ്രസിഡന്റ്

ഇബ്രാഹിം റെയ്‌സി യു.എസ് ഉപരോധം നേരിടുന്ന ഇറാന്റെ ആദ്യപ്രസിഡന്റ്

ടെഹ്‌റാന്‍: തീവ്രനിലപാടുകാരനും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ ഇബ്രാഹിം റെയ്സി ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ചനടന്ന തിരഞ്ഞെടുപ്പില്‍ 61.95 ശതമാനം വോട്ടുനേടി റെയ്‌സി വിജയിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുന്‍ സൈനിക കമാന്‍ഡര്‍ മൊഹ്സെന്‍ റിസായിയെയാണ് റെയ്‌സി തോല്‍പ്പിച്ചത്. ആകെ പോള്‍ചെയ്ത 2.89 കോടി വോട്ടില്‍ 37.26 ലക്ഷം വോട്ട് അസാധുവായിരുന്നു.

48.8 ശതമാനമാണ് പോളിങ്. ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ആദ്യ പ്രസിഡന്റാണ് ഇറാന്റെ എട്ടാമതു പ്രസിഡന്റായ റെയ്‌സി. ആറു വന്‍ശക്തിരാഷ്ട്രങ്ങളുമായുള്ള, ഇറാന്‍ ആണവക്കരാറിലേക്ക് അമേരിക്കയെ തിരികെയെത്തിക്കാനുള്ള ചര്‍ച്ചകള്‍ ഓസ്ട്രിയയിലെ വിയന്നയില്‍ നടക്കവേയാണ് റെയ്‌സി പ്രസിഡന്റാവുന്നത്.

ഇറാന്‍ പരമോന്നതനേതാവ് അയത്തൊള്ള ഖമേനിയുടെ മാനസപുത്രനാണ് റെയ്സി. ഖമേനിയാണ് 2019-ല്‍ റെയ്‌സിയെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഈ പദവിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ യു.എസ്. അദ്ദേഹത്തിന് ഉപരോധമേര്‍പ്പെടുത്തി. 1980-കളില്‍ രാഷ്ട്രീയത്തടവുകാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതില്‍ പ്രധാന പങ്കു വഹിച്ചെന്നതുള്‍പ്പെടെയുള്ള മനുഷ്യാവകാശലംഘനങ്ങളുടെ പേരിലാണ് ഉപരോധം. ജനഹിതം അംഗീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. തുടര്‍ച്ചയായ രണ്ടുതവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൂഹാനിയുടെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റിലാകും റെയ്‌സിയുടെ സ്ഥാനാരോഹണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.