കേരളത്തിനുള്ള ശക്തമായ മുന്നറിയിപ്പ്; ചുഴലിക്കാറ്റിന്റെ എണ്ണവും തീവ്രതയും വര്‍ധിക്കുമെന്ന് പഠനം

കേരളത്തിനുള്ള ശക്തമായ മുന്നറിയിപ്പ്; ചുഴലിക്കാറ്റിന്റെ എണ്ണവും തീവ്രതയും വര്‍ധിക്കുമെന്ന് പഠനം

പത്തനംതിട്ട: പശ്ചിമതീരങ്ങളിലെ ചുഴലിക്കാറ്റിന്റെ എണ്ണവും തീവ്രതയും വര്‍ധിക്കുമെന്ന് ഐഐടി പഠനം. ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐഐടി) ഓഷ്യന്‍ എന്‍ജിനീയറിങ് ആന്‍ഡ് നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ മലയാളി ഗവേഷകര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ഈ കണ്ടെത്തല്‍ ഭാവി കേരളത്തിനുള്ള ശക്തമായ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.

അറബിക്കടലില്‍ 300 മുതല്‍ 700 കി.മീ വരെ ആഴത്തില്‍ സമുദ്രജല ഊഷ്മാവ് വളരെ വേഗം കൂടുന്നതായും ഭാവിയില്‍ ബംഗാള്‍ ഉള്‍ക്കടലിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ പിറവിയെടുക്കുമെന്നുമാണ് തിരുവനന്തപുരം സ്വദേശിയും ഐഐടി ഓഷ്യന്‍ ആന്‍ഡ് നേവല്‍ എന്‍ജിനീയറിങ് വിഭാഗം പ്രഫസറുമായ ഡോ. പ്രസാദ് കുമാര്‍ ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഗവേഷകരായ കൊച്ചി കോലഞ്ചേരി വടയംപടി സ്വദേശിനി ജിയ ആല്‍ബര്‍ട്ട്, ഒഡീഷ സ്വദേശി വിഷ്ണുപ്രിയ സാഹൂ എന്നിവരുടെ പഠനം നല്‍കുന്ന മുന്നറിയിപ്പ്.

ഈ കണ്ടെത്തല്‍ വൈകാതെ രാജ്യാന്തര ശാസ്ത്രഗവേഷണ ജേണലില്‍ പ്രസിദ്ധീകരിക്കും. ബംഗാള്‍ ഉള്‍ക്കടലിനെക്കാളും 23% കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അറബിക്കടലില്‍. വരാനിരിക്കുന്ന കൂടുതല്‍ അപകടകാരികളായ ചുഴലിക്കാറ്റുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 700 കി.മീ ആഴത്തിലെ താപനില നിരക്ക് അറബിക്കടലില്‍ വര്‍ഷത്തില്‍ 1.57 ജൂള്‍സ് ഇയര്‍ എന്ന നിരക്കില്‍ കൂടുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇതിലും വളരെക്കുറച്ച് 1.21 ജൂള്‍സ് ഇയര്‍ ആണ്. 300 മീറ്റര്‍ ആഴത്തിലും ഈ നിരക്കു വ്യത്യാസം പ്രകടമാണ്.

അറബിക്കടല്‍ ചൂടാവുന്നത് കൂടുതല്‍ ആഴങ്ങളില്‍ ആണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റിന് ഉത്ഭവിക്കാന്‍ ഏറ്റവുമധികം സഹായകമായ ആഴമാണിത്. പസഫിക് സമുദ്രത്തില്‍ നിന്ന് ഇന്തൊനീഷ്യന്‍ കടലിടുക്കിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഉഷ്ണജലം പ്രവഹിക്കുന്നു എന്നതു തെളിയിക്കപ്പെട്ട കാര്യമാണ്. ഭൂമധ്യരേഖാ ജലപ്രവാഹങ്ങളിലൂടെ ഇതില്‍ ഒരു ഭാഗം അറബിക്കടലില്‍ എത്തുന്നു. മെരിഡിയല്‍ ഓവര്‍ടേണിങ് പ്രതിഭാസം വഴി ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നുമുള്ള ജലം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലവുമായി കലരുന്നുവെന്നും പഠനത്തില്‍ സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.