ആര്‍ടിപിസിആര്‍ ടെസ്റ്റിലെ നാല് മണിക്കൂര്‍ നിബന്ധന തടസമാകുന്നു; പ്രവാസികളുടെ യുഎഇ മടക്കയാത്ര വൈകിയേക്കും

ആര്‍ടിപിസിആര്‍ ടെസ്റ്റിലെ നാല് മണിക്കൂര്‍ നിബന്ധന തടസമാകുന്നു; പ്രവാസികളുടെ യുഎഇ മടക്കയാത്ര വൈകിയേക്കും

ദുബായ്: ആര്‍ടിപിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രവാസി ഇന്ത്യക്കാരുടെ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് തടസമാകുന്നു. യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണം എന്നതതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിനു സൗകര്യം ഉണ്ടായെങ്കില്‍ മാത്രമേ നാല് മണിക്കൂര്‍ കാലാവധിയുള്ള ഫലം ലഭിക്കൂ. കേരളത്തിലെ വിമാനത്താളങ്ങളില്‍ നിലവില്‍ ഇതിനുള്ള സൗകര്യമില്ല.

ഒരു മണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്ന ട്രൂനാറ്റ് ടെസ്റ്റ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ലാബ് സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കാനുമുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അനുമതി ആവശ്യമാണ്. താല്‍ക്കാലിക അനുമതി വാങ്ങി ടെസ്റ്റ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ചെലവിലാണോ സര്‍ക്കാര്‍ ചെലവിലാണോ ഇതു വേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ താമസ വീസക്കാര്‍ക്ക് ക്വാറന്റീന്‍ സൗജ്യമായിരുന്നു.

വാക്‌സീന്‍ എടുക്കാത്ത കുട്ടികളുടെ യാത്രാനുമതി സംബന്ധിച്ചും വ്യക്തതയില്ല. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്ന് വീസ കാലാവധി തീര്‍ന്നവരുടെ തിരിച്ചുപോക്കു സംബന്ധിച്ചും തീരുമാനം ഉണ്ടാകണം. സന്ദര്‍ശക വിസ തീര്‍ന്നവരുടെ കാര്യത്തിലും മറ്റ് എമിറേറ്റുകളിലെ വിസയുള്ളവരുടെ മടക്കയാത്ര സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്.

ഇക്കാര്യങ്ങള്‍ യുഎഇ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവ പൂര്‍വമായ തീരുമാനം പ്രതീക്ഷിക്കുന്നതായും യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

23 മുതല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. തടസങ്ങള്‍ പരിഹരിച്ച് യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അതിനിടെ യുഎഇ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയിലെ കൊവിഷീല്‍ഡിനേയും ഉള്‍പ്പെടുത്തിയത് ആശ്വാസമായി. രണ്ട് വാക്‌സിന്‍ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യുഎയിലെത്താം.

കോവിഷീല്‍ഡും അസ്ട്രാസെനകയും ഒന്നാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ഓക്‌സ്ഫര്‍ഡ് അസ്ട്രസെനക്ക, സിനോഫാം, സ്പുട്‌നിക്, ഫൈസര്‍ വാക്‌സിനുകള്‍ക്ക് രാജ്യം നേരത്തേ അംഗീകരം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.