വാഷിംഗ്ടണ്‍: യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും ജീവനക്കാരുടെ കുറവു മൂലം പ്രതിദിനം നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്. ഞായറാഴ്ച മാത്രം കമ്പനിയുടെ ആറു ശതമാനത്തോളം പ്രധാനപ്പെട്ട ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. അതായത് 180 ഫ്‌ളൈറ്റുകള്‍ അന്നു സര്‍വീസ് നടത്തിയില്ല. യാത്രക്കാരുടെ എണ്ണം കോവിഡിനു മുന്‍പുള്ള പോലെ വര്‍ധിച്ചിട്ടും ജീവനക്കാരുടെ അഭാവവും അറ്റകുറ്റപ്പണിയും മറ്റ് പ്രശ്‌നങ്ങളും മൂലം വലിയ പ്രതിന്ധിയാണു അമേരിക്കയിലെ വിമാനക്കമ്പനികള്‍ നേരിടുന്നത്. ശനിയാഴ്ച 123 വിമാനങ്ങള്‍ റദ്ദാക്കി.
മോശം കാലാവസ്ഥയും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഇത്തരം തടസങ്ങള്‍ മൂലം ജൂലൈ പകുതി വരെ മൊത്തം ഷെഡ്യൂളുകളുടെ ഒരു ശതമാനം കുറയ്ക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഷാര്‍ലറ്റ്, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ മോശം കാലാവസ്ഥ കാരണം ജൂണ്‍ ആദ്യ പകുതിയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.
യാത്രക്കാരുടെ എണ്ണം വളരെയേറെ വര്‍ധിച്ചതിനാല്‍ ജൂലൈ പകുതിയോടെ സര്‍വീസുകള്‍ പുനഃക്രമീകരിച്ചുകൊണ്ട് പ്രതിസന്ധികള്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് സാറാ ജാന്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. മോശം കാലാവസ്ഥ കാരണം പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഓവര്‍ടൈം ഡ്യുട്ടി കൊടുത്ത് ജീവനക്കാരുടെ കുറവ് നികത്തണമെന്ന് 15000 ത്തോളം പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന പൈലറ്റ്‌സ് അസോസിയേഷന്‍ വക്താവ് ഡെന്നിസ് താജര്‍ ആവശ്യപ്പെട്ടു. ഇതിനായി പൈലറ്റുമാര്‍ക്ക് സൗകര്യപ്രദമായ ഷെഡ്യൂളുകള്‍ അനുവദിക്കണം. കൂടുതല്‍ സമയം ജോലി ചെയ്യുന്നതിനുള്ള പ്രോത്സാഹനം കമ്പനി നല്‍കണമെന്നും ഡെന്നിസ് ആവശ്യപ്പെട്ടു.
കോവിഡ് മൂലം വ്യോമയാനരംഗത്തുണ്ടായ വലിയ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികള്‍. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനശേഷി 2019-നെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 20 മുതല്‍ 25 ശതമാനം കുറയുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.