പരീക്ഷണ ഘട്ടങ്ങളില്‍ കര്‍ത്താവ് അകലെയല്ല: നിലവിളിക്കുക; അത്ഭുതങ്ങള്‍ കാണാമെന്നു ഫ്രാന്‍സിസ് പാപ്പ

പരീക്ഷണ ഘട്ടങ്ങളില്‍ കര്‍ത്താവ് അകലെയല്ല:  നിലവിളിക്കുക; അത്ഭുതങ്ങള്‍ കാണാമെന്നു ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കൊടുങ്കാറ്റിലും തിരമാലകളിലും അകപ്പെട്ട വഞ്ചിയില്‍ യേശു ഉണ്ടായിട്ടും ഭയക്കുകയും നിലവിളിക്കുകയും ചെയ്ത ശിഷ്യന്മാരുടെ അവസ്ഥയാണ് നമ്മുടേതെന്നും പരീക്ഷണ ഘട്ടങ്ങളില്‍ ഒരിക്കലും ക്ഷമ നശിക്കാതെ കര്‍ത്താവിനെ അന്വേഷിക്കുകയും അവിടുത്തെ വിശ്വാസമെന്ന കൃപയ്ക്കായി പ്രാര്‍ഥിക്കുകയും ചെയ്യണമെന്നു ഫ്രാന്‍സിസ് പാപ്പ. പ്രതികൂല ജീവിതാവസ്ഥകളില്‍ നാം അവിടുത്തെ മുറുകെ പിടിക്കാന്‍ കര്‍ത്താവ് എപ്പോഴും നമുക്കരികിലായി കാത്തിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ച വത്തിക്കാന്‍ സ്‌ക്വയറില്‍ കൂടിയ വിശ്വാസികളെ ത്രികാല പ്രാര്‍ത്ഥനാവേളയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

തിരമാലകയെും കാറ്റിനെയും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പരീക്ഷണങ്ങളോട് ഉപമിച്ചായിരുന്നു മാര്‍പാപ്പയുടെ സന്ദേശം. ദിവ്യബലിമധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗത്തിലെ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം നാലാം അധ്യായം 35 മുതല്‍ 41 വരെയുള്ള വാക്യങ്ങളാണ് മാര്‍പാപ്പ വിചിന്തനത്തിന് എടുത്തത്. കൊടുങ്കാറ്റിനെയും അലറിയടുക്കുന്ന തിരമാലകളെയും യേശു ശാസിച്ച് ശാന്തമാക്കുന്ന ഭാഗങ്ങള്‍ ആയിരുന്നു പാപ്പാ വിശദീകരിച്ചത്.

അക്കരെ കടക്കാനായി ശിഷ്യന്മാര്‍ യാത്ര ചെയ്ത വഞ്ചി കാറ്റിലും തിരമാലകളിലുംപെട്ട് ഉലയുന്നു. യേശു അവരോടൊപ്പം വഞ്ചിയിലുണ്ട്. അവിടുന്ന് അമരത്ത് ഉറങ്ങുകയായിരുന്നു. വഞ്ചി മുങ്ങിപ്പോകുമെന്ന പരിഭ്രാന്തിയാല്‍ ശിഷ്യന്മാര്‍ നിലവിളിച്ച് യേശുവിനെ ഉണര്‍ത്തുന്നു. ശിഷ്യന്മാരുടെ ഭയത്തെയും പരിഭ്രാന്തിയെയും നമ്മുടെ ജീവിതത്തിലെ പരീക്ഷണങ്ങളോടുള്ള പ്രതികരണങ്ങളുമായി മാര്‍പ്പാപ്പ താരതമ്യം ചെയ്യുന്നു. ജീവിതപരീക്ഷണങ്ങളില്‍പെട്ട് കര്‍ത്താവിനോട് നിലവിളിക്കുമ്പോള്‍, എന്തുകൊണ്ടാണ് അവന്‍ നിശബ്ദനായിരിക്കുന്നതും എനിക്കായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്നു നാം ചിന്തിക്കുന്നു.

തൊഴിലില്ലായ്മയും ആരോഗ്യപ്രശ്‌നങ്ങളും അലട്ടുമ്പോഴും ജീവിതസമുദ്രത്തില്‍ ദിശയറിയാതെയും തുറമുഖം കാണാതെയും ഉത്കണ്ഠകളുടെ തിരമാലകളില്‍പെട്ട്് ഉലയുമ്പോഴും എല്ലാം അവസാനിച്ചതായി തോന്നുന്ന നിരവധി സമയങ്ങള്‍ ഉണ്ടാകാമെന്നു മാര്‍പ്പാപ്പ നിരീക്ഷിച്ചു. കാറ്റും കോളും വഞ്ചിയെ ഉലയ്ക്കുന്നത് മനുഷ്യരുടെ അസ്ഥിരമായ അവസ്ഥയിലേക്കാണു വിരല്‍ചൂണ്ടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഭയം നമ്മെ ശ്വാസം മുട്ടിക്കുന്നു. ശിഷ്യന്മാരെപ്പോലെ, ഏറ്റവും പ്രധാനപ്പെട്ടത് കാണാതെ പോകുന്നു. ഉറങ്ങുകയാണെങ്കിലും വഞ്ചിയില്‍ യേശുവുണ്ട്. സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും തന്റെ പ്രിയപ്പെട്ടവരുമൊത്ത് അവിടുന്ന് പങ്കുചേരുന്നു.

യേശുവിന്റെ ഉറക്കം ഒരുവശത്ത് നമ്മെ ആശ്ചര്യപ്പെടുത്തുമ്പോള്‍, മറുവശത്ത് അത് വിശ്വാസത്തിന്റെ പരീക്ഷണം കൂടിയാണ്. കര്‍ത്താവ് എല്ലായ്‌പ്പോഴും നമുക്കരികിലുണ്ട്. അവിടുത്തെ വിളിച്ചപേക്ഷിക്കാനും നമ്മുടെ ജീവിതാനുഭവങ്ങളുടെ മധ്യത്തില്‍ പ്രതിഷ്ഠിക്കാനും അവിടുന്ന് കാത്തിരിക്കുകയാണെന്നു മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. ദൈവത്തില്‍ വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി നിരന്തരം ഇടപഴകണം. കര്‍ത്താവിനോടൊപ്പം സ്വരം ഉയര്‍ത്തുകയും അവിടുത്തോടു നിലവിളിക്കുകയും ചെയ്യണം.

നമ്മുടെ ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കാറ്റിനെക്കുറിച്ചും യാത്രകളെ തടസപ്പെടുത്തുന്ന തിരമാലകളെക്കുറിച്ചും നാം യേശുവിനോട് ഉത്കണ്ഠ പങ്കിടണമെന്നു മാര്‍പാപ്പ പറഞ്ഞു. നമുക്ക് എല്ലാം അവിടുത്തോട് പറയാം. അവിടുന്ന് അത് ആഗ്രഹിക്കുന്നുണ്ട്. ജീവിതത്തിന്റെ പ്രതികൂല തിരമാലകളില്‍നിന്ന് രക്ഷ നേടാന്‍ നാം മുറുകെ പിടിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. നമുക്ക് അഭയവും ആശ്വാസവും പിന്തുണയും നല്‍കാന്‍ അവന്‍ ആഗ്രഹിക്കുന്നു.

വഞ്ചിയില്‍ ഉണര്‍ന്നിരുന്ന ശിഷ്യന്മാര്‍ യേശുവിനെ സമീപിക്കുകയും അവനെ ഉണര്‍ത്തുകയും അവനോട് സംസാരിക്കുകയും ചെയ്തത് നാം പിന്തുടരേണ്ട സമീപനമാണ്. നമുക്ക് മാത്രമായി സഞ്ചരിക്കാനാവില്ലെന്ന തിരിച്ചറിവ് വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നു മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. വഴി കണ്ടെത്താന്‍ നക്ഷത്രങ്ങളെ ആശ്രയിച്ച നാവികരെപ്പോലെ നമുക്ക് യേശുവിനെ ആവശ്യമുണ്ടെന്നു തിരിച്ചറിയുക. നാം മാത്രം പോരെന്നും ദൈവത്തെ ആവശ്യമാണെന്നുമുള്ള അവബോധത്തില്‍നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. കര്‍ത്താവില്‍ പൂര്‍ണമായി ആശ്രയിക്കുമ്പോഴും അവന്റെ കൃപയാണ് വിശ്വാസത്തിന്റെ അടിസ്ഥാനമെന്നു തിരിച്ചറിയുമ്പോഴും ഫ്രാന്‍സിസ് പാപ്പ ചില പ്രലോഭനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ദൈവത്തെ ശല്യപ്പെടുത്താതെ എല്ലാം സ്വന്തമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്ന പ്രലോഭനത്തെ നാം അതിജീവിക്കണം. പകരം നാം അവിടുത്തോട് നിലവിളിക്കുമ്പോള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അടുത്തേയ്ക്കു കഴിയും. പ്രാര്‍ത്ഥനയുടെ സൗമ്യവും അസാധാരണവുമായ ശക്തി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.

ശിഷ്യന്മാരുടെ നിലവിളി കേട്ട യേശു കാറ്റിനെയും തിരമാലകളെയും ശാന്തമാക്കുന്നു. അവന്‍ അവരോട് ചോദിക്കുന്നു. നിങ്ങള്‍ ഭയപ്പെടുന്നതെന്തിന്? ഇനിയും നിങ്ങള്‍ക്ക് വിശ്വാസമില്ലേ?. ഈ ചോദ്യം നേമ്മാടും കൂടിയാണ്. ഭയം പിടികൂടിയപ്പോള്‍ ശിഷ്യന്മാര്‍ യേശുവിനെക്കാള്‍ കൂടുതല്‍ തിരമാലകളെയാണ് നോക്കിയത്. നമുക്കും സംഭവിക്കുന്നത് ഇതുപോലെയാണ്. പരീക്ഷണഘട്ടങ്ങളില്‍ പലപ്പോഴും പ്രശ്നത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കാതിരിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ആവശ്യമുള്ള നിമിഷത്തില്‍ മാത്രം യേശുവിനെ ഉണര്‍ത്തുന്നു. എല്ലായ്‌പ്പോഴും കര്‍ത്താവിനെ അന്വേഷിക്കുകയും അവിടത്തെ ഹൃദയവാതിലില്‍ മുട്ടിവിളിക്കുകയും ഒരിക്കലും മടുക്കാതെ വിശ്വാസമെന്ന കൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

കന്യാമറിയത്തിനു ദൈവത്തിലുള്ള നിരന്തരമായ വിശ്വാസം അനുദിനം നമ്മെ ദൈവത്തിനു ഭരമേല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം നമ്മില്‍ ഉളവാക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.