പാകിസ്താനില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം; ഇക്കുറി ഇരയായത് 13 വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി

പാകിസ്താനില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം; ഇക്കുറി ഇരയായത് 13 വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി

ഇസ്ലാമാബാദ്: പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുള്ള ആക്രമണത്തിനിരയായി വീണ്ടുമൊരു പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി. പാക് പഞ്ചാബിലെ ഗുജ്രന്‍വാല പ്രദേശത്താണ് സംഭവം. പതിമൂന്നു വയസുകാരിയെയാണ് സദ്ദാം എന്നയാള്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്. ഇയാള്‍ക്ക് മൂന്ന് ഭാര്യമാരും അതില്‍ നാല് കുട്ടികളുമുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദീകരിക്കുന്ന മാതാപിതാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വോയിസ് ഓഫ് പാകിസ്താന്‍ മൈനോരിറ്റിയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടത്.

തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പതിമൂന്നുകാരിയായ നയാബ് ഗില്ലിനെ കൊണ്ടുപോയത്. പ്രദേശത്തെ ഒരു സലൂണില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്ക് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് പെണ്‍കുട്ടിയെ അച്ഛനും അമ്മയും ജോലിക്ക് വിട്ടത്. എന്നാല്‍ സദ്ദാം കുടുംബത്തെ സമീപിച്ച് പെണ്‍കുട്ടിക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. പെണ്‍കുട്ടി തന്റെ അഞ്ചാമത്തെ മകളെപ്പോലെയാണെന്ന് സദ്ദാം പറഞ്ഞതായി നയാബിന്റെ അച്ഛന്‍ വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ മേയ് 20-ന് ജോലി കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് തിരികെ എത്താതിരുന്നതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി മതം മാറിയതായും സദ്ദാമിനെ വിവാഹം കഴിച്ചതായും അറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. കോടതി പെണ്‍കുട്ടിയെ സദ്ദാമിന്റെ കൂടെ വിട്ടയച്ചുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

നയാബ് ക്രൈസ്തവ വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന പെണ്‍കുട്ടിയായിരുന്നു. അവളെ എങ്ങനെ അയാള്‍ മാറ്റിയെടുത്തു എന്നറിയില്ല. അവള്‍ പോയശേഷം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയില്ലെന്നും പിതാവ് കണ്ണീരോടെ വീഡിയോയില്‍ പറയുന്നു.

പാകിസ്ഥാനില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കടുത്ത വിവേചനവും പീഡനവുമാണ് അനുഭവിക്കുന്നത്. നിരവധി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നുണ്ട്. സമീപകാലത്ത് ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകൂടം ഇത്തരം സംഭവങ്ങളോടു മൗനം പാലിക്കുന്നതാണ് അതിക്രമങ്ങള്‍ പതിവാകാന്‍ കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.