മനില: കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നു ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ട്. വാക്സിന്‍ എടുക്കാന്‍ തയാറാവാത്തവര്‍ ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകണമെന്നാണ് ഡ്യുട്ടര്‍ട്ട് പറഞ്ഞത്.
വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടയ്ക്കുമെന്നും ബലമായി അവര്‍ക്ക് വാക്‌സിന്‍ കുത്തിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ ഡ്യൂട്ടര്‍ട്ട് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്.
തന്നെ തെറ്റിദ്ധരിക്കരുത്. രാജ്യം ഒരു ദേശീയ അടിയന്തരാവസ്ഥ നേരിടുന്നുണ്ട്. വാക്‌സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫിലിപ്പീന്‍സ് വിട്ടു പോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് പോകാം. ഇവിടെ തുടരണമെങ്കില്‍ വാക്‌സിന്‍ എടുക്കുക തന്നെ വേണം'-ഡ്യൂട്ടര്‍ട്ട് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ പോകാനാണോ വാക്‌സിനെടുക്കാനാണോ താത്പര്യമെന്ന് ചോദിക്കുമെന്നും വാക്‌സിന്‍ വേണ്ടെന്ന് മറുപടി നല്‍കുന്നവര്‍ക്ക് ബലമായി താന്‍ വാക്‌സിന്‍ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് കൂട്ടിച്ചേര്‍ത്തു. കോവിഡ് രണ്ടാം തരംഗം ഫിലിപ്പീന്‍സില്‍ വലിയ നാശം വരുത്തുമെന്നും റോഡ്രിഗോ ഡ്യുട്ടര്‍ട്ട് പറഞ്ഞു. വിവാദപരവും കാര്‍ക്കശ്യം നിറഞ്ഞതുമായ പ്രസ്താവനകളിലൂടെ സ്ഥിരമായി വാര്‍ത്തകളില്‍ നിറയുന്ന നേതാവാണ് ഡ്യൂട്ടര്‍ട്ട്.
വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാത്രം വാക്‌സിന്‍ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീന്‍സ് തിങ്കളാഴ്ച റദ്ദാക്കി. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ 28,000 പേര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള അറിയിപ്പ് നല്‍കിയിട്ടും 4,402 പേര്‍ മാത്രമാണ് തലസ്ഥാനമായ മനിലയില്‍ തിങ്കളാഴ്ച എത്തിയത്. കൂടുതല്‍ ആകര്‍ഷകവും ലളിതവുമായ നയങ്ങളിലൂടെ മാത്രമേ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവൂ എന്ന് മനില മേയര്‍ ഇസ്‌കോ മൊറേനോ അഭിപ്രായപ്പെട്ടു.
വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് അതിര്‍ത്തികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ഹെല്‍ത്ത് അണ്ടര്‍ സെക്രട്ടറി മരിയ റൊസാരിയോ വെര്‍ഗെയര്‍ അറിയിച്ചു. 5,249 പുതിയ കോവിഡ് കേസുകളും 128 മരണവുമാണ് കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് 1.36 ദശലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,749 പേര്‍ കോവിഡ് മൂലം മരിച്ചു. 22,10,134 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.