ഇന്ത്യ - ദുബായ് യാത്ര: തടസങ്ങള്‍ നീങ്ങിയില്ല,ടിക്കറ്റ് ബുക്കിംഗ് തുടങ്ങാതെ വിമാന കമ്പനികള്‍

ഇന്ത്യ - ദുബായ് യാത്ര: തടസങ്ങള്‍ നീങ്ങിയില്ല,ടിക്കറ്റ് ബുക്കിംഗ് തുടങ്ങാതെ വിമാന കമ്പനികള്‍

ദുബായ്: ഇന്ത്യയില്‍ നിന്നും ദുബായിലേക്കുളള യാത്രാവിമാനങ്ങള്‍ക്ക് ഇന്ന് മുതല്‍ ദുബായ് പ്രവേശന അനുമതി നല്‍കിയെങ്കിലും അതിവേഗ പിസിആർ പരിശോധനാ സൗകര്യം വിമാനത്താവളങ്ങളില്‍ ഒരുങ്ങാത്തത് അടക്കമുളള വിഷയങ്ങളാല്‍ വിമാനകമ്പനികള്‍ ‍ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചില്ല.

ഇന്ത്യയിലെ ചുരുക്കം ചില വിമാനത്താവളങ്ങളില്‍ റാപ്പിഡ് പരിശോധനയ്ക്കുളള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്നുളള ബുക്കിംഗും ആരംഭിച്ചിട്ടില്ല. കേരളത്തിലെ നാല് വിമാനത്താവങ്ങളിലടക്കം സൗകര്യം ഏർപ്പെടുത്താനുളള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലേക്ക് എത്തിയിട്ടില്ല.

കോവിഡ് വാക്സിന്റെ രണ്ട് ഡോസുമെടുത്ത താമസ വിസക്കാർക്ക് കോവിഡ് മാർഗ നിർദ്ദേശങ്ങള്‍ പാലിച്ച് മടങ്ങിയെത്താമെന്നാണ് ദുബായ് അറിയിച്ചിരുന്നത്. യാത്രപുറപ്പെടും മുന്‍പ് 48 മണിക്കൂറിനുളളിലെ ആ‍ർടി പിസിആർ പരിശോധനാ ഫലത്തിന് പുറമെ നാല് മണിക്കൂറിനുളളിലെ അതിവേഗ പിസിആർ പരിശോധനാ ഫലം കൂടി വേണമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്സിന്‍ ദുബായ് അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ അതിവേഗ പരിശോധനാഫലം നല്‍കുന്നതിനുളള സൗകര്യം വിമാനത്താവളങ്ങളില്‍ ഒരുക്കിയാല്‍ യാത്ര സാധ്യമാകുമെന്നതായിരുന്നു പ്രതീക്ഷ. പക്ഷെ ഈ സൗകര്യം ഒരുക്കുന്നതിനുളള കാലതാമസമാണ് ബുക്കിംഗ് തുടങ്ങുന്നതിലടക്കമുളള അനിശ്ചിതത്വം.

മുംബൈ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറുകൊണ്ട് ഫലമറിയുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് സൗകര്യമുണ്ട്. ഇത് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യമുണ്ടെങ്കിലും നാല് മുതല്‍ ആറ് വരെ മണിക്കൂറുകളെടുക്കും ഫലമറിയാന്‍. യാത്രപുറപ്പെടുന്നത് ആറല്ലെങ്കില്‍ നാല് മണിക്കൂർ മുന്‍പെങ്കിലും ബുക്ക് ചെയ്യണം.

ബംഗലൂരു വിമാനത്താവളത്തില്‍ 15 മിനുറ്റുകൊണ്ട് ഫലമറിയുന്ന രണ്ട് ടെസ്റ്റിംഗ് കേന്ദ്രങ്ങളുണ്ട്. ആസ്റ്റർ എയർപോർട്ട് മെഡിക്കല്‍ സെന്ററിലും പരിശോധനാ സൗകര്യമുണ്ട്.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എട്ട് മണിക്കൂറിനകം ഫലം ലഭ്യമാകുന്ന കേന്ദ്രങ്ങളാണ് ഉളളത്.

ഇന്ത്യയിലെ 34 വിമാനത്താവളങ്ങളിലെ മൂന്നിലൊന്ന് വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്ക് വിമാനസർവ്വീസുകളുണ്ട്.

റാപ്പിഡ് ടെസ്റ്റ് സൗകര്യം നിലവില്‍ വന്നാലും സംശയങ്ങളും ആശങ്കകളും ബാക്കിയാണ്. വാക്സിനെടുത്തവർക്ക് മടങ്ങിവരാമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുളളത്. വാക്സിനെടുക്കാത്ത കുട്ടികള്‍ ഉള്‍പ്പടെയുളളവരുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വിസാ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിലും തീരുമാനമായില്ല. ഇവരുടെ കാര്യത്തില്‍ ഇളവുണ്ടാകുമെന്നുളള പ്രതീക്ഷയാണുളളത്. ജിഡിആ‍ർഎഫ്എ, ഐസിഎ അനുമതികളുടെ കാര്യത്തിലും സംശയങ്ങള്‍ ബാക്കി.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 നാണ് ഇന്ത്യയില്‍ നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. നിബന്ധനകളോടെ തിരിച്ചുവരാമെന്ന് ദുബായ് വ്യക്തമാക്കിയപ്പോള്‍ ഇന്ന് മുതല്‍ രാജ്യത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ പല കാര്യങ്ങളിലും നിലനില്‍ക്കുന്ന അവ്യക്തത മൂലം യാത്ര അനിശ്ചിതമായി നീളുമോയെന്നുളളതാണ് ഇപ്പോള്‍ ആശങ്ക.

തിരിച്ചുവരുമ്പോള്‍ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണമെന്നുളളതും ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നുളളതും പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിൽ കഴിയണമെന്നുളതും മറ്റ് നിബന്ധനകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.