ഇഷ്ടനിമിഷങ്ങള്‍ ഫോട്ടോയാക്കൂ; ആ‍ർടിഎയുടെ സമ്മാനം നേടൂ

ഇഷ്ടനിമിഷങ്ങള്‍ ഫോട്ടോയാക്കൂ; ആ‍ർടിഎയുടെ സമ്മാനം നേടൂ

ദുബായ്: പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കാന്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്റർനാഷണല്‍ ഫോട്ടോ ഗ്രഫിയുടെ സഹകരണത്തോടെയാണ് മൊത്തം 45000 ദി‍ർഹം സമ്മാനമായി നല്‍കുന്ന മത്സരം സംഘടിപ്പിക്കുന്നത്.



അലി ബിന്‍ തലിത്ത്

ജല റോഡ് പൊതു ഗതാഗത സംവിധാനങ്ങളിലെയടക്കം അവിസ്മരണീയ ജീവിത മുഹൂർത്തങ്ങള്‍ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകള്‍ക്കായിരിക്കും പുരസ്കാരമെന്ന് എച്ച്ഐപിഎ സെക്രട്ടറി ജനറൽ അലി ഖലീഫ ബിന്‍ തലിത്ത് റഞ്ഞു.

പൊതു ഗതാഗത സംവിധാനങ്ങളിലൂടെയുളള യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നതെന്ന് ആ‍‍ർടിഎ കോ ഓപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സെക്ടർ സിഇഒ യൂസിഫ് അല്‍ റെദാ പറഞ്ഞു.

യൂസിഫ് അല്‍ റെദാ

ആ‍ർട്ട് ആന്റ് കള്‍ച്ചർ, എമിറാത്തി കള്‍ച്ചർ ആന്റ് ലൈഫ് സ്റ്റൈല്‍, പബ്ലിക് ട്രാന്‍സ്പോർട്ട് എന്നീ മൂന്ന് വിഷയത്തിലാണ് മത്സരം നടക്കുന്നത്. പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫർമാർക്കും ഫോട്ടോഗ്രഫി ഹോബിയായി കൊണ്ടു നടക്കുന്നവർക്കും മത്സരത്തിന്റെ ഭാഗമാകാം.

ഫോട്ടോഗ്രഫി വെറും നിശ്ചല ചിത്രങ്ങള്‍ മാത്രമല്ല, ജീവിതത്തിന്‍റെ മറക്കാനാകാത്ത അനുഭവങ്ങളുടെ നേർകാഴ്ചകള്‍ കൂടിയാണ്. നിരവധി പ്രോത്സാഹനസമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ ഫോട്ടോഗ്രാഫറുടെ പേര് സഹിതം നോല്‍കാർഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ മാസം 27 മുതലാണ് മത്സരം ആരംഭിക്കുന്നത്. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ താമസവിസക്കാർക്കും സന്ദർശകർക്കും പങ്കെടുക്കാം. ഓരോ തീമിലും ഏറ്റവും കുറഞ്ഞത് ഓരോ ഫോട്ടോ അടക്കം ഏറ്റവും കുറഞ്ഞത് മൂന്ന് ഫോട്ടോകള്‍ http://www.hipa.ae എന്ന വെബ്സൈറ്റില്‍ നല്‍കണം.

ആ‍ർട് ആന്റ് കള്‍ച്ചർ വിഭാഗത്തില്‍ ദുബായിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും സൗകര്യങ്ങളും തെരുവ് ഭംഗിയും ഇല്ലസ്ട്രേഷനുമൊക്കെ പകർത്താം. മെട്രോ, ട്രാം, ഫെറി, അബ്ര, ടാക്സി, ബസ് എന്നിവിടങ്ങളില്‍ നിന്നുളള ചിത്രങ്ങളാണ് പബ്ലിക് ട്രാന്‍സ്പോർട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. യുഎഇയുടെ തനത് സംസ്കാരവും ഗൃഹാതുരത്വമുണർത്തുന്ന സ്ഥലങ്ങളും പരിപാടികളുമെല്ലാം എമിറാത്തി കള്‍ച്ചർ ആന്റ് ലൈഫ് സ്റ്റൈല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.

എച്ച് ഐ പി എ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനമായി പതിനായിരം ദിർഹവും രണ്ടാം സമ്മാനമായി ഏഴായിരം ദിർഹവും മൂന്നാം സമ്മാനമായി മൂവായിരം ദിർഹവുമാണ് നല്‍കുക. ആയിരം ദിർഹം വിലമതിക്കുന്ന 25 നോല്‍കാർഡുകളാണ് 25 പേർക്ക് പ്രോത്സാഹന സമ്മാനമായി നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.