വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുമായുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി ബുധനാഴ്ച്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അങ്കണത്തില്‍ എത്തിയ വിശ്വാസികള്‍ പതിവില്ലാത്ത ഒരു സന്ദര്‍ശകനെ കണ്ട് അമ്പരന്നു. കുട്ടികളുടെ പ്രിയപ്പെട്ട കോമിക് കഥാപാത്രമായ സ്‌പൈഡര്‍മാനാണ് കാണികള്‍ക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയെ കാത്തിരുന്നത്. അപ്രതീക്ഷിതമായി സ്‌പൈഡര്‍ മാനെ കണ്ട കുട്ടികള്‍ ആഹ്‌ളാദത്തിലായി. മുതിര്‍ന്നവരാകട്ടെ അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായി.
ഫ്രാന്‍സിസ് പാപ്പയുടെ അനുഗ്രഹം തേടുന്ന മാറ്റിയ വില്ലാര്‍ഡിറ്റ.
വടക്കന്‍ ഇറ്റലിയില്‍നിന്നുള്ള മാറ്റിയ വില്ലാര്‍ഡിറ്റ ആണ് സ്‌പൈഡര്‍ മാന്‍ വേഷം ധരിച്ചെത്തിയത്. വെറുമൊരു ആരാധനയുടെ പേരിലല്ല 27-കാരനായ മാറ്റിയ ഈ വേഷത്തിലെത്തിയത്. സാന്ത്വനത്തിന്റേതായ ഒരു ദൗത്യം ഇതിനു പിന്നിലുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് രാജ്യമൊട്ടാകെയുള്ള ആശുപത്രികളില്‍ എത്തി രോഗികളായ കുട്ടികളെ സന്ദര്‍ശിക്കുകയും അവരെ സന്തോഷിക്കുകയും ആശ്വസിപ്പിക്കുകയുമാണ് മാറ്റിയ ചെയ്യുന്നത്. അതിനു വേണ്ടിയാണ് കോമിക് കഥാപാത്രങ്ങളുടെ വേഷങ്ങള്‍ ധരിക്കുന്നത്.
സ്‌പൈഡര്‍ മാനെ കണ്ട പാപ്പയുടെ മുഖത്തും ചിരി വിടര്‍ന്നു. ഹ്രസ്വനേരത്തെ കൂടിക്കാഴ്ച്ചയ്ക്കുശേഷം മാര്‍പാപ്പയ്ക്ക് സ്‌പൈഡര്‍മാന്റെ ഒരു മാസ്‌ക് വില്ലാര്‍ഡിറ്റ സമ്മാനിച്ചു.
'ഞാന്‍ കത്തോലിക്കനാണ്, പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് താന്‍ ആരാണെന്നും എന്റെ ദൗത്യമെന്താണെന്നും നേരത്തെ അറിയാമായിരുന്നു'-വില്ലാര്‍ഡിറ്റ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ബസലിക്ക സ്‌ക്വയറിലെത്തിയ കുട്ടികള്‍ക്കൊപ്പംനിന്ന് സെല്‍ഫികള്‍ എടുക്കാന്‍ അദ്ദേഹം അനുവദിച്ചു. ആശുപത്രികളില്‍ ചികിത്സയിലുള്ള കുട്ടികളുടെ വേദന ലഘൂകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് മാറ്റിയ വില്ലാര്‍ഡിറ്റ പറഞ്ഞു. രോഗബാധിതരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് വില്ലാര്‍ഡിറ്റയെ ഇറ്റാലിയന്‍ പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം ആദരിച്ചിരുന്നു.
പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി സ്‌പൈഡര്‍മാന്റെ വേഷത്തില്‍ ഫ്രാന്‍സിസ് പാപ്പയെ കാത്തിരിക്കുന്ന മാറ്റിയ വില്ലാര്‍ഡിറ്റ
ബാല്യത്തില്‍ രോഗം ബാധിച്ച് ഒരുപാട് കാലം ആശുപത്രികളില്‍ കഴിഞ്ഞ അനുഭവത്തില്‍നിന്നാണ് ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാനുള്ള വില്ലാര്‍ഡിറ്റയുടെ പ്രചോദനം. ഒന്നിലധികം ശസ്ത്രക്രിയകളുമായി ഏറെക്കാലം ആശുപത്രികളില്‍ കഴിഞ്ഞു. ഈ അനുഭവങ്ങളില്‍നിന്നാണ് രോഗികളായ കുട്ടികളുടെയും അവരുടെ കുടുംബങ്ങളെയും ആശ്വസിപ്പിക്കാന്‍ വില്ലാര്‍ഡിറ്റ മുന്നിട്ടിറങ്ങിയത്. രണ്ട് വര്‍ഷം മുന്‍പാണ് വില്ലാര്‍ഡിറ്റ 'സൂപ്പര്‍ഹീറോസ് ഇന്‍ ദ വാര്‍ഡ്' എന്ന തന്റെ പ്രോജക്റ്റ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ ദൗത്യത്തില്‍ പങ്കാളികളാണ്. ജനപ്രിയ കഥാപാത്രങ്ങളായി വേഷമിട്ട് ഇവര്‍ ആശുപത്രികള്‍ പതിവായി സന്ദര്‍ശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.