'മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു': ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണം; ഇ.ഡി ഹൈക്കോടതിയില്‍

 'മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു': ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണം; ഇ.ഡി ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍.

കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആയിരുന്നു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍. നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് സന്ദീപ് നായര്‍ കോടതിക്ക് കത്തയച്ചു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.

കമ്മീഷന്റെ പരിഗണന വിഷയം നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിറകെയാണ് കമ്മീഷന്‍ തെളിവുകള്‍ ശേഖരിക്കാന്‍ നടപടികള്‍ തുടങ്ങിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്.

നേരത്തെ ജുഡീഷ്യല്‍ കമ്മീഷന്‍ പത്രപ്പരസ്യം നല്‍കി കമ്മീഷനില്‍ കക്ഷി ചേരാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. തെളിവുകള്‍ കൈയിലുള്ളവര്‍ക്ക് അവ ഹാജരാക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇവ ഹാജരാക്കാനുള്ള സമയപരിധി ജൂണ്‍ 26ന് അവസാനിക്കാനിരിക്കെയാണ് ഇ.ഡി കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.