ചങ്ങനാശേരി എസ്.ബി. കോളേജ് നൂറാം വർഷത്തിലേക്ക്

ചങ്ങനാശേരി എസ്.ബി. കോളേജ് നൂറാം വർഷത്തിലേക്ക്

ചങ്ങനാശേരി: ക്രൈസ്‌തവ സഭകൾ വിദ്യാഭ്യാസ മേഖലയിൽ നൽകിയ മഹത്തായ സംഭാവനകളുടെ ഉദാഹരണങ്ങളിൽ ഒന്നാണ്‌ ചങ്ങനാശേരിയിലെ സെന്റ്‌ ബർക്കുമാൻസ്‌ കോളേജ്‌ എന്ന എസ്‌ബി കോളേജ്‌. നാടിന്‌ വിദ്യപകർന്ന ഒരു നൂറ്റാണ്ടിനിടെ മഹാരഥൻമാർ പലരും ഇവിടെ പഠിച്ചിറങ്ങി. കാലത്തിനൊപ്പം വളർന്ന കോളേജ്‌ ഇന്ന്‌ അക്കാദമിക്‌ രംഗത്ത്‌ അനന്യമായ നേട്ടങ്ങളുമായി തലയുയർത്തി നിൽക്കുന്നു.


ചങ്ങനാശേരി എസ്.ബി. കോളജ് നൂറാം വാർഷത്തിലേക്ക്‌ പ്രവേശിച്ചു. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കമായി. 1922 ജൂൺ 19 നാണ് എസ്.ബി. കോളജ് പ്രവർത്തനം തുടങ്ങിയത്. ചങ്ങനാശേരി അതിരൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരിയാണ് സ്ഥാപകൻ. പാറേൽ പള്ളി കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ കോളജ് 1925 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി. കോളജ് നിർമാണത്തിനുള്ള തടി നൽകിയത് തിരുവിതാംകൂർ രാജകുടുംബമായിരുന്നു.


ജൂൺ 21ന് നടന്ന ശതാബ്ദി ആഘോഷ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചത് ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവായിരുന്നു. വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സൗമ്യവും വിവേക പൂർണവുമായ ഇടപെടലിലൂടെ കോളേജിന് നേതൃത്വം നൽകുന്ന മാനേജർ ഫാ തോമസ് പടിയത്ത് സ്വാഗതം അർപ്പിച്ചു. ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി, ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, ഡിജിപിയും കലാലയത്തിലെ മുൻ വിദ്യാർത്ഥിയുമായ ടോമി ജെ തച്ചങ്കരി, ഡോ. ആർ പ്രകാശ്, സന്ധ്യ മനോജ്, ബീന, എൻ എൻ മാത്യു, കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പി കുര്യൻ, തുടങ്ങിയവർ ആശംസ അർപ്പിച്ചു.

'ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം മനസിൽ ഉദിച്ച ആശയം പരിണമിച്ചുണ്ടായത് അല്ല നൂറാം വയസിലേക്ക് പ്രവേശിച്ചിരിക്കുന്ന എസ് ബി കോളേജ്. ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനി സമൂഹം ഗർഭം ധരിച്ച ജന്മം നൽകിയ കലാലയ മുത്തശിയാണ്, ഏവർക്കും അഭിമാനം പകർന്നു ഉയർന്നുനിൽക്കുന്ന എസ് ബി കോളേജ്' എന്ന് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുൻനിര സ്ഥാപനങ്ങൾക്കിടയിൽ സവിശേഷ സ്ഥാനം അലങ്കരിച്ചുകൊണ്ട് കോട്ടയത്തെയും ദക്ഷിണ കേരളത്തിലെ ആകെ തന്നെയും സാംസ്കാരിക മണ്ഡലത്തിൽ യശ സ്തംഭം പോലെ ഉയർന്നുനിൽക്കുന്ന ഒന്നാണ് എസ് ബി കോളേജ്. നൂറു വർഷങ്ങൾ പൂർത്തീകരിക്കുന്ന ഒരു കലാലയം സമൂഹത്തിന് നൽകുന്ന അമൂല്യമായ സംഭാവനയെക്കുറിച്ച് ഏറ്റവും കൃതജ്ഞതാപൂർവം മാത്രമാണ് വർത്തമാനകാല സമൂഹത്തിന് അനുസ്മരിക്കാനാവു. ആത്യന്തികമായി കലാലയത്തിന്റെ മാറ്റുരയ്ക്കുന്നത് അതിന്റെ ഉൽപ്പന്നങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന വിദ്യാർത്ഥികളെ തന്നെയാണ്.

ഈ കലാലയത്തിൽ നിന്ന് രണ്ടു മുഖ്യമന്ത്രിമാർ, 15 മന്ത്രിമാർ, നാല് കേന്ദ്രമന്ത്രിമാർ, മൂന്ന് ഗവർണർമാർ, രണ്ടു മേജർ ആർച്ച് ബിഷപ്പുമാർ, അഞ്ച് ആർച്ച് ബിഷപ്പുമാർ, ഏഴ് ബിഷപ്പുമാർ, സുപ്രീംകോടതി ജഡ്ജി ഉൾപ്പെടെ മൂന്ന് ജഡ്ജിമാർ, ആറു വൈസ് ചാൻസലർമാർ, രണ്ട് എംപിമാർ, മൂന്ന് പത്മഅവാർഡ് ജേതാക്കൾ, എംഎൽഎമാർ, പ്രേം നസീർ ഉൾപ്പെടെ നിരവധി സാമൂഹിക സാംസ്കാരിക നായകന്മാർ ഒക്കെ തന്നെ ജന്മമെടുത്തത് ഈ കലാലയത്തിൽ നിന്നാണെന്ന്' വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. എസ് ബി കോളേജിന്റെ നൂറാം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്ക് മാത്രമായിരുന്നു പ്രവേശനം. ചടങ്ങുകൾ കോളജിന്റെ ഔദ്യോഗിക യുടൂബ് ചാനലായ ബി ടി വിയിൽ തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു.


കേരള വിദ്യാഭ്യാസത്തിന്റെ പൊന്‍തൂവലായ ചങ്ങനാശേരി എസ്ബി കോളേജ് ശതാബ്ദി നിറവിൽ

എം സി റോഡരികിലെ കലാലയ കാരണവർക്ക് ശതാബ്ദിയുടെ യൗവനം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.