ഇനിയും അതിര്‍ത്തി ലംഘിച്ചാല്‍ ദാക്ഷണ്യം കാണിക്കില്ല; ബ്രിട്ടന്റെ പടകപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ

ഇനിയും അതിര്‍ത്തി ലംഘിച്ചാല്‍ ദാക്ഷണ്യം കാണിക്കില്ല; ബ്രിട്ടന്റെ പടകപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ

മോസ്‌കോ: ബ്രിട്ടീഷ് പടക്കപ്പലുകള്‍ അതിര്‍ത്തി ലംഘിച്ചെന്ന തര്‍ക്കം രൂക്ഷമാകവേ ബ്രിട്ടണും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായി. ബ്രിട്ടീഷ് കപ്പലുകള്‍ ഒരിക്കല്‍കൂടി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഒരു ദാക്ഷണ്യവും കൂടാതെ അവയെ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ ബ്രിട്ടനെ അറിയിച്ചു.

റഷ്യയോട് ചേര്‍ന്നുള്ള ക്രിമിയ എന്ന പ്രദേശത്ത് ബ്രിട്ടീഷ് കപ്പലുകള്‍ എത്തിയതാണ് റഷ്യയെ ചൊടിപ്പിച്ചത്. റഷ്യയുടെ ബ്രിട്ടീഷ് അംബാസഡറെ മോസ്‌കോയിലേക്ക് വിളിച്ചു വരുത്തി അധികൃതര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ക്രിമിയ തങ്ങളുടെ ഭരണത്തിനു കീഴിലുള്ള പ്രദേശം ആണെന്നാണ് റഷ്യയുടെ അവകാശവാദം, എന്നാല്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ലോകരാഷ്ട്രങ്ങളും ഈ അവകാശവാദം അംഗീകരിച്ചു കൊടുത്തിട്ടില്ല. മാത്രമല്ല, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തി മേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.

ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീര സംരക്ഷണസേനാ കപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി.

ക്രിമിയയുടെ തീരത്തിനടുത്ത് വച്ച് ബ്രിട്ടീഷ് പടകപ്പലിന്റെ പാതയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ ബോംബുകള്‍ ഇട്ടിരുന്നു. ഇപ്പോള്‍ നടന്നത് മുുന്നറിയിപ്പായിരുന്നുവെന്നും ബ്രിട്ടന്‍ ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ തങ്ങള്‍ കപ്പലിന്റെ പാതയിലല്ല കപ്പല്‍ ലക്ഷ്യമാക്കി തന്നെ ബോംബ് ഇടുമെന്ന് റഷ്യയുടെ സഹ വിദേശകാര്യ മന്ത്രി സെര്‍ജീ റിയാബഖോവ് പറഞ്ഞു.

ഈ മേഖല വര്‍ഷങ്ങളായി റഷ്യയും മറ്റ് ലോകരാഷ്ട്രങ്ങളായ ബ്രിട്ടന്‍, തുര്‍ക്കി, അമേരിക്ക, ഫ്രാന്‍സ് എന്നിവയുമായുള്ള തര്‍ക്കത്തിനു കാരണമായി നിലനില്‍ക്കുന്ന പ്രദേശമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.