10 മാസത്തിനിടെ 43 തവണ കോവിഡ്!.. മരണ ശുശ്രൂഷകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ വരെ ചെയ്തു; പക്ഷേ, 72കാരന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു

10 മാസത്തിനിടെ 43 തവണ കോവിഡ്!.. മരണ ശുശ്രൂഷകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ വരെ ചെയ്തു; പക്ഷേ, 72കാരന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു

ന്യൂയോര്‍ക്ക്: ബ്രിട്ടനിലെ മുന്‍ ഡ്രൈവിംഗ് പരിശീലകനായ ഡേവ് സ്മിത്തിന് കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 43 തവണയാണ് കോവിഡ് പൊസിറ്റീവ് ആയത്. എഴുപത്തിരണ്ടുകാരനായ ഡേവ് ഏഴ് തവണ വെന്റിലേറ്ററിന്റെയും ഓക്‌സിജന്റെയും സഹായത്തോടെയാണ് കോവിഡിനെ പരാജയപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഡേവിന്റെ ബന്ധുക്കള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മരണ ശുശ്രൂഷകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ വരെ ചെയ്തു. എന്നാല്‍ ഇപ്പോഴും കോവിഡിന് പിടിക്കൊടുക്കാതെ ഡേവ് ബ്രിട്ടനിലെ ബ്രിസ്റ്റോളില്‍ ജീവനോടെയുണ്ട്. ചില സമയങ്ങള്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഡേവ് തങ്ങളെ വിട്ടുപോയി എന്ന് വരെ കരുതിയെന്നും അദ്ദേഹത്തോടൊപ്പം ക്വാറന്റീനിലിരുന്ന ഭാര്യ ലിന്‍ഡ പറഞ്ഞു.

ലോകത്തില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് ചികിത്സ ഒരുപക്ഷേ ഡേവിലായിരിക്കും നടത്തിയിട്ടുണ്ടാകുക എന്ന് ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ചിലര്‍ കോവിഡില്‍ നിന്ന് മുക്തരായാലും കുറച്ചു നാള്‍ ശരീരത്തില്‍ വൈറസിന്റെ കണികകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

എന്നാല്‍ ഡേവിന്റെ ശരീരത്തില്‍ ആക്ടീവ് ആയ കോവിഡ് വൈറസിനെ ആണ് കണ്ടെത്തിയിരുന്നതെന്ന് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പകര്‍ച്ച വ്യാധി ചികിത്സകന്‍ ഡോ. എഡ് മോറാന്‍ പറഞ്ഞു. ഡേവിന്റെ ശരീരത്തില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ വിശദമായ പഠനത്തിന് വിധേയമാക്കിയശേഷം മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ കാര്യം മനസിലാകുന്നത്.

അമേരിക്കയിലെ ഗവേഷണ കേന്ദ്രമായ റീജെനെറോണ്‍ വികസിപ്പിച്ച സിന്തറ്റിക്ക് ആന്റിബോഡികള്‍ വച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഒടുവില്‍ ഡേവിന്റെ ശരീരത്തില്‍ നിന്നും കോവിഡ് വൈറസിനെ പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചത്. ഡേവിന്റെ കാര്യത്തില്‍ പ്രത്യേക അനുമതികള്‍ക്കു ശേഷമാണ് ഈ ചികിത്സ നടത്തിയതെങ്കിലും ബ്രിട്ടനില്‍ ഇത്തരം ചികിത്സയ്ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.