വനിതാ കമ്മീഷനില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല: ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന് പരാതി; നിഷേധിച്ച് ഷാഹിദ

വനിതാ കമ്മീഷനില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല: ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന് പരാതി; നിഷേധിച്ച് ഷാഹിദ

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഡോക്ടറേറ്റ് നേടിയിട്ടില്ലെന്ന് പരാതി. വേറുതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേര്‍ത്തതാണെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ഷാഹിദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ് ഈ ആരോപണം ഉന്നയിച്ചത്. സര്‍വ്വകലാശാലയില്‍ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ബികോം ബിരുദം മാത്രമെ ഉള്ളുവെന്ന് യുവതി വ്യക്തമാക്കുന്നു.

ബികോം മൂന്നാം വര്‍ഷ ഇവര്‍ പാസായിട്ടില്ല. അതിനാല്‍ തന്നെ ഡിഗ്രീ യോഗ്യത പോലും ഷാഹിദയ്ക്ക് ഇല്ല. അധികയോഗ്യത പിജിഡിസിഎ ആണെന്നാണ് സര്‍വകാലാശ രേഖയില്‍ ഉള്ളത്. ഇതും തെറ്റാണ്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ സര്‍വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എവിടെ വേണമെങ്കിലും ഈ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരി പറയുന്നത്

ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നല്‍കിയ സത്യവാങ്മൂലം ഞാന്‍ ശേഖരിച്ചു. തുടര്‍ന്ന് ഞാന്‍ കേരള സര്‍വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങള്‍ ശേഖരിച്ചു. ആ രേഖകള്‍ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സര്‍വ്വകലാശാലയ്കക് കീഴിലെ അഞ്ചല്‍ സെന്റ് ജോണ്‌സ് കോളേജില്‍ ഇവര്‍ പഠിച്ചത്. എന്നാല്‍ ബികോം പൂര്‍ത്തിയാക്കാനായിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകള്‍ പ്രകാരം ഇവര്‍ വിദ്യാഭ്യാസയോഗ്യതയായി ബികോം, പിജിഡിസിഎ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാള്‍ക്ക് പിജി പാസാവാന്‍ സാധിക്കില്ല. അതിനാല്‍ ആ വാദവും തെറ്റാണ്. തോറ്റ ബികോം ഇവര്‍ എന്നു പാസായി. പിന്നെ എപ്പോള്‍ പിജിയും പിഎച്ച്ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല.

ഡോ. ഷാഹിദ കമാല്‍ എന്നാണ് വനിതാ കമ്മീഷന്‍ വെബ്‌സൈറ്റില്‍ അംഗത്തിന്റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. ഗുരുതരമായ ആരോപണം പരിശോധിക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും ആവശ്യപ്പെട്ടിട്ടുണ്ട്.

2009-ല്‍ കാസര്‍ഗോഡ് ലോക്‌സഭാ സീറ്റിലും 2011-ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാല്‍ മത്സരിച്ചെങ്കിലും രണ്ടിടത്ത് നല്‍കിയ സത്യവാങ്മൂലത്തിലും ബികോം ആണ് തന്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ താന്‍ ബികോം പാസായിട്ടില്ലെന്നും കോഴ്‌സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും സര്‍ക്കാരിനെയോ കബളിപ്പിട്ടില്ലെന്നാണ് ഷാഹിദ കമാലിന്റെ അവകാശവാദം. ബികോ പൂര്‍ത്തിയാക്കിയെന്ന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടൊള്ളൂവെന്ന് ഷാഹിദ കമാല്‍ ടെലിഫോണില്‍ പറഞ്ഞു. എന്നാല്‍ ബികോം പാസായിട്ടില്ലെങ്കില്‍ ബികോം തുടരുന്നു എന്ന് കൃത്യമായി എഴുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി വന്നാല്‍ സര്‍ഫിക്കറ്റ് ഹാജരാക്കാന്‍ ഷാഹിദ കമാലിനോട് കമ്മീഷന് ആവശ്യപ്പെടാം.വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി എടുത്തെന്നും ഇന്‍റർനാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽനിന്ന് ലഭിച്ച ഡി ലിറ്റ് ഉണ്ടെന്നുമാണ് ഷാഹിദാ കമാലിന്‍റെ വാദം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.