യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ സുപ്രധാന രഹസ്യ രേഖകള്‍ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ സുപ്രധാന രഹസ്യ രേഖകള്‍ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ലണ്ടന്‍: യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ സുപ്രധാന രഹസ്യ രേഖകള്‍ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങിയ രഹസ്യ രേഖകളാണ് തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ 50 പേജുകളുള്ള രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച്ച നാട്ടുകാരാണ് രേഖകള്‍ കണ്ടെത്തിയത്. ഞായറാഴ്ച്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. സംഭവത്തെ അതീവഗൗരവത്തോടെയാണ് പ്രതിരോധ വകുപ്പ് കാണുന്നത്.

കരിങ്കടല്‍ മേഖലയില്‍ ക്രിമിയന്‍ തീരത്തുകൂടി ബ്രിട്ടന്റെ യുദ്ധക്കപ്പലായ എച്ച്എംഎസ് ഡിഫെന്‍ഡര്‍ കടന്നുപോയതിനോടുള്ള റഷ്യന്‍ പ്രതികരണമാണ് രേഖകളില്‍ ഒന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിങ്കടലില്‍ പ്രാദേശിക അതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ബ്രിട്ടിഷ് യുദ്ധക്കപ്പലിനു നേരെ കഴിഞ്ഞദിവസം റഷ്യ നിറയൊഴിച്ചിരുന്നു. അതേസമയം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് യുക്രെയിന്‍ സമുദ്രമേഖലയിലൂടെ കടന്നുപോയതെന്നാണ് ബ്രിട്ടന്റെ വാദം. റഷ്യയില്‍നിന്ന് പ്രതികരണം ഉണ്ടാകുമെന്ന മുന്‍ധാരണയോടെയാണ് കപ്പല്‍ അതുവഴി കടന്നുപോയത്. ഇതുസംബന്ധിച്ച വിവരങ്ങളാണ് രേഖകളില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് കപ്പലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ ഇ-മെയിലുകളും പവര്‍ പോയിന്റ് അവതരണങ്ങളും രേഖകളിലുണ്ട്.

പ്രതിരോധ വകുപ്പിന്റെ നിര്‍ണായക രേഖകള്‍ പൊതുജനം കണ്ടെത്തിയ സംഭവം ലജ്ജാകരമാണെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ യു.എസ് നേതൃത്വത്തിലുള്ള നാറ്റോയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിക്കുന്നതോടെ യു.കെയുടെ സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള പദ്ധതികളാണ് മറ്റൊന്നിലുള്ളത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ ആദ്യ മാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തിങ്കളാഴ്ചത്തെ യു.കെ-യു.എസ് പ്രതിരോധ സംഭാഷണത്തിന്റെ സംക്ഷിപ്ത കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.