സ്ഥാനക്കയറ്റ സംവരണം: ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

സ്ഥാനക്കയറ്റ സംവരണം: ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചവരാണെങ്കിലും ഭിന്നശേഷിക്കാരാണെങ്കില്‍ അവര്‍ സംവരണത്തിന് അര്‍ഹരാണെന്ന് സുപ്രീംകോടതി. ഭിന്നശേഷിയുളളവര്‍ സംവരണ ആനുകൂല്യം എപ്പോള്‍ ആവശ്യപ്പെടുന്നോ അന്ന് മുതല്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്ന് ശതമാനം സംവരണം, ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ബാധകമല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് സുപ്രീംകോടതി വിധി. ഭിന്നശേഷിക്കാര്‍ ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു എന്നത് ഉദ്യോഗ കയറ്റത്തിനുള്ള സംവരണത്തിന് തടസ്സമല്ലെന്ന് കോടതി പറഞ്ഞു. ഭിന്നശേഷിയുള്ളവരാണെങ്കില്‍ ഉദ്യോഗ കയറ്റത്തില്‍ അവര്‍ ഒരുപോലെ സംവരണത്തിന് അര്‍ഹരാണ്. ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചോ, സംവരണം അനുസരിച്ച് ജോലിയില്‍ പ്രവേശിച്ചോ എന്നത് പ്രസക്തല്ല. എന്ന് മുതല്‍ ആവശ്യപ്പെടുന്നോ അന്ന് മുതല്‍ അവര്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം ഉറപ്പാക്കിക്കൊണ്ട് 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്ന ഭിന്നശേഷിക്കാര്‍ പിന്നീട് സംവരണത്തിന് പുറത്താകുന്ന വ്യവസ്ഥ ചോദ്യം ചെയ്ത് ഇടുക്കിയിലെ സര്‍ക്കാര്‍ ജീവനക്കാരിയായ ലീസമ്മ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഉദ്യോഗകയറ്റത്തിന് ഭിന്നശേഷിക്കാര്‍ ഒരുപോലെ അര്‍ഹരാണെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതിയും ശരിവെച്ചത്. വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയൈ സമീപിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.