ന്യൂഡല്‍ഹി: ജമ്മുവിലെ സേനാ കേന്ദ്രങ്ങള്‍ക്കു വീണ്ടും ഡ്രോണ്‍ ഭീഷണി. രത്നുചക്, കലുചക് കരസേനാ താവളങ്ങള്‍ക്കു സമീപം രണ്ട് ഡ്രോണുകള്‍ സൈന്യം വെടിവച്ചു തുരത്തി. ഞായറാഴ്ച രാത്രി 11.45നും ഇന്നലെ പുലര്‍ച്ചെ 2.40നുമാണു ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. വ്യോമതാവളത്തിലെ ഇരട്ട സ്ഫോടനത്തിനു പിന്നാലെയാണു പുതിയ സംഭവം.
സേന വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പറന്നകന്ന ഡ്രോണുകള്‍ കണ്ടെത്താന്‍ പ്രദേശത്തുടനീളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സൈന്യത്തിന്റെ സമയോചിത ഇടപെടല്‍ മൂലം വലിയ ഭീഷണിയാണ് ഒഴിവായതെന്നു പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
ഡ്രോണുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സേന വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച ഡ്രോണ്‍ ആക്രമണം നടന്ന വ്യോമതാവളത്തില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണു രത്നുചക്; കലുചക് 8.5 കിലോമീറ്ററും. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ സേനാതാവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. കൂടാതെ ഡ്രോണുകളെ നേരിടുന്നതില്‍ വിദഗ്ധ പരിശീലനം നേടിയ എന്‍എസ്ജി കമാന്‍ഡോ സംഘത്തെ ജമ്മുവില്‍ നിയോഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.