വത്തിക്കാന്‍ സിറ്റി: സ്നേഹത്തിന്റെ അഭാവം മൂലം മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നവനാണ് യേശുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച്ച വത്തിക്കാന്‍ സ്‌ക്വയറില്‍ കൂടിയ വിശ്വാസികളെ ത്രികാല പ്രാര്‍ത്ഥനാവേളയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥത്തിലെ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 21 മുതല്‍ 42 വരെയുള്ള വാക്യങ്ങളാണ് മാര്‍പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. .
നമ്മുടെ പാപങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അതീതമായി അവിടുന്ന് ഭൂതകാലത്തിന്റെ മുറിവുകളില്‍നിന്നും തെറ്റുകളില്‍നിന്നും നമ്മുടെ ഹൃദയത്തെ സുഖപ്പെടുത്തുന്നു. ഗ്രന്ഥഭാഗത്തില്‍ മരണത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും നമ്മോട് സംസാരിക്കുന്ന രണ്ട് സാഹചര്യങ്ങളിലാണ് യേശു ഇടപെടുന്നത്. നമ്മുടെ കഷ്ടപ്പാടുകളെയും മരണത്തെയും സ്പര്‍ശിക്കാന്‍ യേശു തന്നെത്തന്നെ അനുവദിക്കുന്നു. ജീവിതത്തില്‍ കഷ്ടതയോ മരണമോ അവസാന വാക്കല്ലെന്നു പറയാനായി അവന്‍ രോഗശാന്തിയുടെ രണ്ട് അടയാളങ്ങള്‍ കാട്ടിത്തരുന്നു.
വലിയൊരു മഹാമാരിയുടെ മധ്യത്തില്‍ നാം നില്‍ക്കുമ്പോള്‍, ആ സാഹചര്യത്തെ നേരിടാന്‍ ഉതകുന്ന സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച്ച നല്‍കിയത്. നീണ്ട 12 വര്‍ഷമായി രക്തസ്രാവം മൂലം കഷ്ടപ്പെട്ട സ്ത്രീയെ യേശു സൗഖ്യമാക്കിയ സുവിശേഷ ഭാഗമാണ് പാപ്പ വിചിന്തനത്തിനായി തെരഞ്ഞെടുത്തത്. നമ്മെയെല്ലാവരെയും പ്രതിനിധീകരിക്കുന്ന പേരില്ലാത്ത ഈ സ്ത്രീയുടെ കഥയില്‍നിന്ന് നമുക്കും എങ്ങനെ രോഗശാന്തി നേടാമെന്ന് പാപ്പ വിശദീകരിക്കുന്നു.
ഈ രോഗം അവരെ തളര്‍ത്തിയിരുന്നു. പല വൈദ്യന്മാരും അവരെ ചികിത്സിച്ചു. ചികിത്സയ്ക്കായി തനിക്കുള്ളതെല്ലാം അവര്‍ ചെലവഴിച്ചു. എന്നിട്ടും ആ സ്ത്രീയുടെ സ്ഥിതി വഷളായതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. അവള്‍ക്ക് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നത്, ആരോഗ്യത്തെക്കാളുപരി അവളുടെ വികാരങ്ങളോടാണ്. അക്കാലത്തെ ആളുകളുടെ മനോഭാവം അനുസരിച്ച് അവള്‍ അശുദ്ധയായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതായത് അവള്‍ ആരുമില്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഭര്‍ത്താവിനെയൊ കുടുംബത്തെയോ സ്വന്തമാക്കാന്‍ സാധ്യതയില്ലാതെ അവള്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. മുറിവേറ്റ ഹൃദയത്തോടെയാണ് അവള്‍ ജീവിതം തള്ളിനീക്കിയത്.
ഫലപ്രദമല്ലാത്ത ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിച്ചിട്ടും ആ സ്ത്രീയുടെ അവസ്ഥ കൂടുതല്‍ വഷളായി. നമ്മുടെ അവസ്ഥയും അതുപോലെയാണ്. നാം അനുഭവിക്കുന്ന സ്നേഹക്കുറവിന് വ്യര്‍ഥമായ പരിഹാരമാര്‍ഗങ്ങള്‍ തേടി നടക്കുന്നു. ജയത്തിനും പണത്തിനുമായുള്ള നിഷ്ഫലമായ തെരച്ചിലിലേക്ക് നമ്മെത്തന്നെ എറിഞ്ഞുകൊടുക്കുന്നു.
അന്വേഷണത്തിനൊടുവില്‍ രോഗിയായ സ്ത്രീ യേശുവിന്റെ സമീപമെത്തുന്നു. ജനക്കൂട്ടത്തിന് ഇടയിലൂടെ യേശുവിന്റെ പിന്നിലെത്തി വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നു. യേശുവിന്റെ വസ്ത്രത്തിലൊന്നു തൊട്ടാല്‍ തന്റെ അസുഖം മാറും എന്ന് ആ സ്ത്രീ വിശ്വസിച്ചു. അതാണു സംഭവിച്ചതും. നാം യേശുവിനെ കണ്ടുമുട്ടാനായി അവിടുന്ന് കാത്തിരിക്കുന്നു. നമ്മുടെ ഹൃദയം അവിടുത്തേയ്ക്കുവേണ്ടി തുറക്കാന്‍, സുവിശേഷ ഭാഗത്തിലെ സ്ത്രീയെപ്പോലെ രോഗശാന്തിക്കായി യേശുവിനെ സ്പര്‍ശിക്കാന്‍ അവിടുന്ന് കാത്തിരിക്കുന്നു. യേശുവുമായുള്ള സ്നേഹത്തില്‍ വളരുന്നതിലൂടെ നാം സുഖപ്പെടുന്നു.
രോഗിയായ സ്ത്രീ വിശ്വാസപൂര്‍വം വസ്ത്രത്തില്‍ സ്പര്‍ശിച്ചപ്പോള്‍ യേശു അതിനോട് അനുകൂലമായി പ്രതികരിക്കുന്നു. അവള്‍ സുഖപ്പെടുന്നു. ജനക്കൂട്ടത്തിന്റെ നടുവില്‍നിന്ന് യേശു അവളെ അന്വേഷിക്കുന്നു. ഇതാണ് യേശുവിന്റെ വീക്ഷണം: ജനക്കൂട്ടത്തില്‍ ധാരാളം ആളുകളുണ്ട്. എന്നാല്‍ വിശ്വാസം നിറഞ്ഞ മുഖത്തേക്കും ഹൃദയത്തിലേക്കുമാണ് അവിടുത്തെ അന്വേഷണം. ബാഹ്യരൂപത്തിലേക്കല്ല ഒരാളുടെ വ്യക്തിത്വത്തിലേക്കാണ് അവിടുന്ന് ശ്രദ്ധിക്കുന്നത്.
യേശു ഭൂതകാലത്തിലെ മുറിവുകളെയും തെറ്റുകളെയും ശ്രദ്ധിക്കുന്നില്ല. മറിച്ച് പാപങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അതീതമായി നമ്മുടെ ഹൃദയങ്ങളിലേക്കെത്താന്‍ അവിടുന്ന് പ്രവര്‍ത്തിക്കുന്നു.
എല്ലാവരാലും അവഗണിക്കപ്പെട്ട സ്ത്രീയെ യേശു കൃത്യമായി സുഖപ്പെടുത്തുന്നു, അവളുടെ വിശ്വാസത്തെ പ്രകീര്‍ത്തിക്കുകയും അവളെ 'മകളേ' എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.
നിങ്ങളുടെ ഹൃദയങ്ങളിലേക്കു നോക്കാനും സുഖപ്പെടുത്താനും യേശുവിനെ അനുവദിക്കണമെന്ന ആഹ്വാനത്തോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. അവിടുത്തെ നോട്ടം ഇതിനകം നമ്മുടെ ഹൃദയങ്ങളില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ചുറ്റുമുള്ളവരിലേക്കു നാം തിരിയണം. മുറിവേറ്റവരെയും ഒറ്റപ്പെട്ടു കഴിയുന്നവരെയും നാം ശ്രദ്ധിക്കണം. സ്നേഹത്തിന്റെ പാതയിലേക്ക് അവരെ നയിക്കണം.
യേശു നിങ്ങളോട് ഒരു നോട്ടം ആവശ്യപ്പെടുന്നു. ബാഹ്യരൂപത്തില്‍ അവസാനിക്കുന്നതല്ല, ഹൃദയത്തിലേക്ക് നീളുന്ന ഒരു നോട്ടമാണ് അവിടുന്ന് നിങ്ങളോടു ആവശ്യപ്പെടുന്നത്. മുന്‍വിധിയോടെയുള്ള നോട്ടമല്ല, സ്വാഗതം ചെയ്യുന്ന നോട്ടം. കാരണം ജീവിതത്തെ സുഖപ്പെടുത്താന്‍ കഴിയുന്നത് സ്‌നേഹത്തിനു മാത്രമാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.