ലോകമെങ്ങുമുള്ള മിഷനറിമാർക്കു പ്രചോദനമായി പ്രേഷിത ചൈതന്യത്തിൽ കത്തിജ്വലിച്ച ഒരു പെൺകുട്ടി; അവൾ തുടങ്ങിയ പെൺകുട്ടികളുടെ ഒരു ചെറിയ മിഷനറി മുന്നേറ്റത്തിന് പൊന്തിഫിക്കൽ പദവി കിട്ടുക, അതാണ് പൗളീന മേരി ജരീക്കോ. ഫ്രാൻസിലെ ലയൺസിൽ 1799 ജൂലൈ 22 -ആം തിയ്യതി ആന്റണി ജിയാൻ ദമ്പതികളുടെ ഏഴാമത്തെ കുഞ്ഞായി ഭൂജാതയായ പൗളീനയ്ക്കു ചെറുപ്പത്തിൽ തന്നെ മാതൃ വിയോഗം നേരിടേണ്ടി വന്നു. എന്നാൽ കൂടുതൽ പ്രാർത്ഥന നിറഞ്ഞ ഒരു ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു അപ്പോൾ അവൾ ചെയ്തത്. പതിനേഴാം വയസ്സിലെ ക്രിസ്തുമസ് ദിനത്തിൽ അവൾ നിത്യകന്യകയായി സ്വയം ദൈവത്തിനു സമർപ്പിച്ചു. ചെറുപ്പം മുതലേ സുവിശേഷ ചൈതന്യം മറ്റുള്ളവരിലേക്ക് പകരാൻ അവൾ ബദ്ധശ്രദ്ധയായിരുന്നു.
വിവാഹിതയായ സഹോദരിയുടെ വീട്ടിൽ പൗളീന ഇടയ്ക്കിടയ്ക്ക് ചെല്ലും. അവിടെ അവളുടെ സഹോദരീ ഭർത്താവിന്റെ സ്ഥാപനത്തിൽ ലോക മോഹങ്ങളിൽ മുഴുകി ജീവിക്കുന്ന കുറച്ചധികം പെൺകുട്ടികൾ ഉണ്ടായിരുന്നു. പൗളീനയുടെ നിരന്തര സന്ദർശനത്തിലൂടെ, അവളുടെ വിശുദ്ധിയുടെ പരിമളം ലൗകീകരായ പെൺകുട്ടികളിലേക്കു പടർന്നു. അവരും കൂടുതൽ പ്രാർത്ഥിക്കാനും സത്പ്രവർത്തികൾ ചെയ്യാനും തുടങ്ങി. ലോകമെങ്ങും നടക്കുന്ന പ്രേഷിത പ്രവർത്തനങ്ങൾക്കായി പണം ശേഖരിച്ചു നൽകണം എന്ന ആഗ്രഹം പൗളീനയിൽ ശക്തമായത് അപ്പോഴാണ്. പൗളീന ലൗകീക ചിന്തകളിൽ നിന്ന് വിടുവിച്ചെടുത്ത ഈ പെണ്കുട്ടികളായിരുന്നു ധന ശേഖരണത്തിന് ഏറ്റവും മുൻപിൽ നിന്ന് പ്രവർത്തിച്ചത്. വിശ്വാസ പ്രചാരണ സമൂഹം എന്ന സംഘടനയുടെ തുടക്കം കുറിക്കുകയായിരുന്നു അവിടെ! ഒരാൾ പത്തുപേരിലേക്കും ആ പത്തുപേരിൽ ഓരോരുത്തരും അടുത്ത പത്തുപേരിലേക്കും വ്യാപിക്കുന്ന സുവിശേഷ തീക്ഷ്ണത, അവർ നീക്കിവെക്കുന്ന കുഞ്ഞു സമ്പാദ്യം ഒരു ഏകീകൃത സംവിധാനത്തിലേക്ക് എത്തിച്ചേരാനും വലിയൊരു തുക സഭാധികാരികളെ ഏല്പിക്കാൻ സാധിക്കുന്നതിനും കാരണമായി.
ഈ പെൺകുട്ടിയുടെ ഹൃദയത്തിൽ ഉദിച്ച ആശയം വിശ്വാസപ്രചരണസമൂഹം (സൊസൈറ്റി ഓഫ് പ്രൊപഗേഷൻ ഓഫ് ഫെയ്ത്) എന്ന പേരിൽ 1822 മെയ് 3 -ആം തിയ്യതി ഔദ്യോഗിക രൂപം പ്രാപിച്ചു. ഈ സമൂഹത്തിനു 1922 ൽ പയസ് പതിനൊന്നാമൻ മാർപ്പാപ്പ പൊന്തിഫിക്കൽ പദവി നൽകി. സുവിശേഷവത്കരണതിരുസംഘത്തിന്റെ കീഴിലുള്ള നാല് പൊന്തിഫിക്കൽ സംഘടനകളിൽ ഒന്നാണത് എന്ന് പറയുമ്പോൾ ഈ പുണ്യചരിതയുടെ പ്രാധാന്യം വ്യക്തമാണല്ലോ ? സത്പ്രവർത്തികൾ ചെയ്യുക മാത്രമായിരുന്നില്ല പൗളീനയുടെ ശൈലീ. ചിലയാളുകൾക്കു ഇങ്ങനെയൊരു കുഴപ്പമില്ലേ ? സത്പ്രവർത്തികൾ ചെയ്യുന്നവർക്ക് പ്രാർത്ഥനാ ശീലമില്ല; പ്രാർത്ഥിക്കുന്നവർക്ക് സത്പ്രവർത്തികൾ ചെയ്തു ശീലമില്ല! എന്നാൽ പൗളീന അങ്ങനെ ആയിരുന്നില്ല. വിശുദ്ധരുടെ ജീവിത ശൈലിയാണ് അവൾ പിന്തുടർന്നത്. സത്പ്രവർത്തികൾ ചെയ്യാൻ സംഘടന രൂപീകരിക്കുമ്പോൾ തന്നെ പ്രാർത്ഥനാ കൂട്ടായ്മകൾ ഉണ്ടാക്കി വലിയ പ്രാർത്ഥനകൾ സംഘടിപ്പിക്കാൻ അവൾ മുൻപിൽ നിന്നു.
ഈശോയുടെ തിരുഹൃദയത്തെ വേദനിപ്പിക്കുന്നവരുടെ പ്രവർത്തികൾക്ക് പരിഹാരം ചെയ്യുന്ന പ്രാർത്ഥനാ കൂട്ടായ്മയായിരുന്നു ഇതിൽ ആദ്യത്തേത്. അവളുടെ കൂട്ടുകാരികളായ പെണ്കുട്ടികളെയെല്ലാം അവൾ കൂടെ കൂട്ടി. സമയം കിട്ടുമ്പോഴൊക്കെ തിരുഹൃദയത്തെ വേദനിപ്പിക്കുന്നവരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്ത് അവർ പ്രാർത്ഥിച്ചു. പൗളീന വലിയൊരു മരിയ ഭക്തകൂടെ ആയിരുന്നു. അക്കാലത്തു പതിനഞ്ചു രഹസ്യങ്ങൾ ആയിരുന്നല്ലോ! ഒരു രഹസ്യം ഒരാളെ ഏല്പിച്ചു. അങ്ങനെ പതിനഞ്ചുപേർ ചേർന്ന് ദിവസവും ഒരു മുഴുവൻ ജപമാലയും ചൊല്ലി കാഴ്ചവച്ചു. അതുപോലെ പതിനഞ്ചു പേരുള്ള അനേകം സംഘങ്ങൾ. ജീവിക്കുന്ന ജപമാലയുടെ കൂട്ടായ്മയെന്ന് അവൾ വിളിച്ച ഈ പ്രാർത്ഥനാ സംഘം ആരംഭിച്ചത് 1826 ൽ ആണ്.
ജപമാല കൂട്ടായ്മയിലൂടെ വിശുദ്ധിയിൽ വളരാനും അവർ പ്രചോദനം നൽകി. പുണ്യവായനക്കുള്ള വിശുദ്ധ പുസ്തകങ്ങളും വിശുദ്ധ വസ്തുക്കളും വിതരണം ചെയ്യുന്ന ഒരു ശൃംഘലയായി ഈ കൂട്ടായ്മയെ മാറ്റിക്കൊണ്ടായിരുന്നു അത്. മിഷൻ ഞായറുകളിൽ മാത്രമല്ല പ്രേഷിതപ്രവർത്തനം നടക്കുന്ന എല്ലായിടങ്ങളിലും പ്രചോദനമേകുന്ന വ്യക്തിത്വമാണ് ഈ പൗളീനയുടേത്. സ്വന്തമായി മിഷൻ പ്രവർത്തനം നടത്താൻ ദൂരെ ദേശങ്ങളിൽ പോകാൻ സാധിക്കാത്തവർക്കും പൗളീന ഒരു പ്രചോദനമാണ്. അടുത്തുതന്നെ ഈ പുണ്യ ചരിത വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരും.
(ജോസഫ് ദാസൻ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.