ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായിട്ട് ബുധനാഴ്ച്ച നൂറു വര്‍ഷം പൂര്‍ത്തിയായതിനോടുബന്ധിച്ച് രാജ്യമെങ്ങും വന്‍ ആഘോഷപരിപാടികള്‍. കടുത്ത സുരക്ഷയിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ലോകത്തെ ഒന്നാമത്തെ സാമ്പത്തിക-സൈനിക ശക്തിയാകാന്‍ എല്ലാവിധേനയും ശ്രമിക്കുന്ന ചൈന രാജ്യാന്തര തലത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഭരണം നയിക്കുന്ന പാര്‍ട്ടി പിറന്നാള്‍ ആഘോഷിക്കുന്നത്.
ചൈനയുടെ ഏകാധിപത്യ മനോഭാവവും മനുഷ്യാവകാശ ലംഘനങ്ങളും ലോകം ആകാംക്ഷയോടെയും ആശങ്കയോടെയും ഉറ്റുനോക്കുന്ന ഘട്ടത്തിലാണ് തങ്ങളുടെ ശക്തി വിളിച്ചോതുന്ന ശതാബ്ദി ആഘോഷങ്ങള്‍ നടത്തുന്നത്.
കടുത്ത സുരക്ഷയില്‍ നടക്കുന്ന ആഘോഷപരിപാടികളെക്കുറിച്ചുള്ള അധികവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറിലെ പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ 'തന്ത്രപ്രധാന' പ്രസംഗത്തോടെയാണ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായത്. പോര്‍വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രകടനങ്ങള്‍, പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള എക്‌സിബിഷനുകള്‍, കലാപരിപാടികള്‍ എന്നിവയുള്‍പ്പെടെ വിപുലമായ പരിപാടികളാണ് രാജ്യത്തു നടക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു ബെയ്ജിങ്ങില്‍ നടത്തിയ ആഘോഷപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രസിഡന്റ് ഷി ചിന്‍പിങ്
വാര്‍ഷികത്തിനു മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യത്തിന്റെ വികസനത്തിലും മാനവിക പുരോഗതിയിലും ഉജ്ജ്വലമായ അധ്യായമാണ് എഴുതി ചേര്‍ത്തതെന്നു പ്രസിഡന്റ് ചടങ്ങില്‍ പറഞ്ഞു.
മാവോ സേതൂങ്ങിനുശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായിട്ടാണ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കണക്കാക്കുന്നത്. 2012-ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും 2013-ല്‍ പ്രസിഡന്റായും ചുമതലയേറ്റശേഷം പിന്നീടിങ്ങോട്ട് ഷി ശക്തനായി വളരുകയായിരുന്നു. 1921-ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) സ്ഥാപിതമായത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ ചൈനയിലെ സെലിബ്രിറ്റികളും മതനേതാക്കളും ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പ്രമുഖര്‍ പങ്കുചേരുന്നുണ്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തക മേളയില്‍നിന്ന്
അതേസമയം മതനേതാക്കളെ ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍നിന്നുമുള്ളവരെ നിര്‍ബന്ധതിതമായി ചടങ്ങില്‍ പങ്കെടുപ്പിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
ഉയിഗര്‍ വംശജരുടെ നേരേ ഉള്‍പ്പെടെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതിനിടെ നടക്കുന്ന വാര്‍ഷിക ആഘോഷ പരിപാടികളില്‍ പലര്‍ക്കും പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി പ്രതിഷേധിക്കാനാവാത്ത അവസ്ഥയാണ്.
'ആഘോഷങ്ങളില്‍ ആളുകള്‍ ആത്മാര്‍ഥതയോടെയാണ് പങ്കെടുക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. പക്ഷേ അവര്‍ ചൈനയുടെ ആശയങ്ങളെയാണ് പിന്തുടരുന്നുവെന്ന് കാണിക്കേണ്ടത് അനിവാര്യമാണ്'-ണെന്ന് നാഷണല്‍ തായ്വാന്‍ നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ ഈസ്റ്റ് ഏഷ്യ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹുവാന്‍ലെയ് ഷാവോ പറഞ്ഞു.
ചൈനയുടെ ചരിത്രത്തെ പ്രകീര്‍ത്തിക്കുന്ന വിവിധ പരിപാടികളില്‍ 100 ശതമാനം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കന്നത്. കലാ-സാംസ്‌കാരിക-മത നേതാക്കളും പരിപാടികളില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമാണ്. അതിനുള്ള നിര്‍ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി മതവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നില്ലെങ്കില്‍ പോലും രാജ്യത്തെ മതവിഭാഗങ്ങളായ താവോയിസ്റ്റുകളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും പാര്‍ട്ടിയോടുള്ള കൂറ് പ്രകടിപ്പിക്കാന്‍ വിവിധ പരിപാടികള്‍ നടത്തുന്നു.
പാര്‍ട്ടി ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, സിനിമാ പ്രദര്‍ശനങ്ങള്‍, ഫിലിം സ്‌ക്രീനിംഗ്, ക്വിസ് എന്നിവയാണ് കിഴക്കന്‍ ചൈനയിലെ കൈസ്തവ കൂട്ടായ്മ നടത്തുന്നത്. പാര്‍ട്ടിയെ അനുസരിക്കുകയും പിന്തുടരുകയും വേണമെന്ന് കൂട്ടായമുടെ നേതാവ്
ഴാങ് കിയൂണ്‍ പറഞ്ഞു.
72 കൊല്ലമായി കമൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന ഭരിക്കുന്നത്. ജനാധിപത്യമോഹികളെ ചവിട്ടിയരച്ചാണ് പലപ്പോഴും പാര്‍ട്ടിയും രാജ്യവും ലോകത്തെ രണ്ടാമത്തെ ശക്തിയായി മാറിയത്. 1989-ലെ ടിയാനന്‍മെന്‍ ചത്വരത്തിലെ കൂട്ടക്കൊല ഇതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ്.
ശതാബ്ദിയാഘോഷച്ചടങ്ങില്‍ തൊഴിലാളികളുടെ വേഷം ധരിച്ച് പരിപാടി അവതരിപ്പിക്കുന്ന കലാകാരന്മാര്‍.
മറ്റു രാജ്യങ്ങളിലേക്കുള്ള ചൈനയുടെ സൈനികമായുള്ള കടന്നുകയറ്റങ്ങളെയും ലോകം ആശങ്കയോടെയാണ് കാണുന്നത്്. ഇന്ത്യയുടെയും ഭൂട്ടാന്റെയും കീഴിലുള്ള പ്രദേശങ്ങളില്‍ കടന്നു കയറാന്‍ ചൈന പലപ്പോഴും ശ്രമിക്കുന്നു. തായ്‌വാനും ഹോങ്കോങ്ങും ടിബറ്റും തങ്ങളുടെ കീഴിലുള്ള രാജ്യങ്ങളാണെന്നു വാദമുയര്‍ത്തുന്നു.
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതിയിലൂടെ ലോകമെങ്ങും തങ്ങുടെ സാന്നിധ്യം പരോക്ഷമായി ശക്തമാക്കാനാണ് ചൈന ശ്രമിക്കുന്നത്. നാസയുടെ പിന്തുണയില്ലാതെ ചൊവ്വയിലേക്ക് റോവര്‍ അയച്ചും ബഹിരാകാശത്തു സ്വന്തം നിലയം നിര്‍മിച്ചും ചൈന ലോക രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തോട് മുഖം തിരിച്ചുനില്‍ക്കുന്നു.
ഏറ്റവും ഒടുവില്‍ ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ത്തുന്ന അമേരിക്ക, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളെ ശത്രുതാ മനോഭാവത്തോടെ ചൈന നോക്കിക്കാണുന്നു. സ്വന്തം പൗരന്മാരെ അടിച്ചമര്‍ത്തിയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയുള്ള മറ്റു രാജ്യങ്ങളുടെ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ സമീപിച്ചുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം 100 വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.