മയാമി: അമേരിക്കയിലെ മയാമിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ബുധനാഴ്ച്ച രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകടം നടന്ന് ഏഴു ദിവസം പൂര്‍ത്തിയാകുമ്പോള്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.
കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരും അപകടത്തില്‍ മരിച്ചു. 10 വയസുള്ള ലൂസിയ ഗ്വാര, നാലു വയസുള്ള എമ്മ ഗുവാര എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്. ഇവരുടെ അമ്മ 42 കാരിയായ അനലി റോഡ്രിഗസിന്റെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. കുട്ടികളുടെ പിതാവ് മാര്‍ക്കസ് ഗ്വാരയുടെ മൃതദേഹവും ശനിയാഴ്ച കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് ലഭിച്ചു. മരിച്ചവരില്‍ 92 വയസുള്ള ഹില്‍ഡ നൊറിഗ എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. ഇനിയും കണ്ടെത്താനുള്ളത് 145 പേരെയാണ്.
അപകടത്തില്‍ മരിച്ച മാര്‍ക്കസ് ഗ്വാര, ഭാര്യ അന, മക്കളായ ലൂസിയ, എമ്മ എന്നിവര്‍
കെട്ടിടത്തിലെ 130 അപ്പാര്‍ട്ട്മെന്റുകളില്‍ 55 എണ്ണമാണ് തകര്‍ന്നുവീണത്. കുടുംബങ്ങളാണ് കൂടുതലും അപകടത്തില്‍പെട്ടത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവിടെ താമസിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്കു കടന്നിട്ടും കൂടുതല്‍ പേരെ രക്ഷിക്കാന്‍ കഴിയാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മൂന്ന് ഇന്ത്യക്കാരും കാണാതായവരില്‍ ഉള്‍പ്പെടുന്നുണ്ട്.
ടണ്‍കണക്കിനു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളിലെ തിരച്ചിലിനു രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഇസ്രയേലില്‍നിന്നും മെക്സിക്കോയില്‍നിന്നുമുള്ള വിദഗ്ധ സംഘങ്ങളുമുണ്ട്. പലരും ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണു നവീന സങ്കേതങ്ങള്‍ ഉപയോഗിച്ച് 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥ രക്ഷാപ്രവര്‍ത്തകരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കെട്ടിടം തകര്‍ന്നുള്ള അപകടങ്ങളില്‍ പത്തു മുതല്‍ പന്ത്രണ്ടാം ദിവസം വരെ ആളുകളെ ജീവനോടെ കണ്ടെത്തിയ സംഭവങ്ങളുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഇപ്പോഴും പ്രതീക്ഷയോടെയാണ് തെരച്ചില്‍ തുടരുന്നത്. മൂന്നു ദശലക്ഷം പൗണ്ട് തൂക്കമുള്ള കോണ്‍ക്രീറ്റാണ് അപകടസ്ഥലത്തുനിന്നു നീക്കം ചെയ്തത്. അമേരിക്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ കെട്ടിട ദുരന്തമാണിത്.
ഫ്‌ളോറിഡയിലെ മയാമിക്കു സമീപം കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് 12 നില കെട്ടിടം ഇടിഞ്ഞുവീണ് വലിയ അപകടമുണ്ടായത്. ഇതിനകം 139 പേരെയാണ് രക്ഷപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.