ദുബായ്: മൃതദേഹം നാട്ടിലെത്തിക്കുന്ന ദിവസവും സമയവുമെല്ലാം തന്നില്‍ നിന്നും ചോദിച്ചറിഞ്ഞ ശേഷം. പിന്നീട് അറിയുന്നത് അയാളുടെ മരണവാർത്തയാണെന്ന് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരി. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഉളളുലയ്ക്കും അനുഭവം പങ്കുവച്ചിരിക്കുന്നത്. കായംകുളം സ്വദേശി സന്തോഷാണ് താമസമുറിയില്‍ തൂങ്ങി മരിച്ചത്.
വ്യാഴാഴ്ചയാണ് അദ്ദേഹം വിളിച്ചത്. കൂടെ താമസിക്കുന്നയാള്‍ തൂങ്ങിമരിച്ചുവെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നുമായിരുന്നു ചോദിച്ചത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം കമ്പനിയിലെ പിആർഒ വിളിക്കുമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. പിന്നീട് വൈകുന്നേരത്തോടെ കമ്പനിയിലെ പിആർഒ വിളിച്ചു. സ്വാഭാവികമായും രാവിലെ മരണം നടന്നിട്ട് ഇപ്പോഴാണോ വിളിക്കുന്നതെന്നും നിങ്ങളുടെ കമ്പനിയിലെ സന്തോഷെന്നയാള്‍ തന്നെ വിളിച്ച് വിവരം പറഞ്ഞിരുന്നുവെന്നും പിആർഒയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി കേട്ട് മനസുതകർന്നു. മരിച്ചത് സന്തോഷ് തന്നെയാണന്നായിരുന്നു പിആർഒയുടെ മറുപടി.
സഹോദരാ, മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ വരുമായിരുന്നില്ലേ അടുത്തേക്ക്, പരിഹരിക്കാന്‍ പറ്റാത്ത എന്ത് പ്രശ്നമാണുളളതെന്നും കുറിപ്പില്‍ അഷ്റഫ് താമരശേരി ചോദിക്കുന്നു. നടപടികള്‍ പൂർത്തിയാക്കി സന്തോഷിന്റെ മൃതദേഹം കൊച്ചിയിലേക്ക് വ്യാഴാഴ്ച തന്നെ അയച്ചു.
അഷ്റഫ് താമരശേരിയുടെ കുറിപ്പിന്റെ പൂർണരൂപം
ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു. ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ, എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ, ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും, അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു. ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു. ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു. എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും. ഞാന്‍ സന്തോഷിനോട് ചോദിച്ചു, അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു. തൂങ്ങിയാണ് മരിച്ചത്, എന്നാല്‍ ഞായറാഴ്ച വെെകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. കമ്പനിയിലെ പിആർഒ അഷ്റഫിക്കായെ വിളിക്കും, ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.
ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്. ഉച്ചക്ക് രണ്ട് മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്പനിയുടെ പിആർഒയോട് ചോദിച്ചു.
രാവിലെയല്ല, മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു. നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ പിആർഒ പറഞ്ഞു, അഷ്റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി. മരിച്ചത് സന്താേഷ് തന്നെയാണ്.
സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്. പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്, എന്തായിരുന്നു നിന്റെ പ്രശ്നം, അത് എന്നാേട് പറയാമായിരുന്നില്ലേ.....
വളരെയധികം വേദനയോടെ
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Ashrafthamaraserysocialworker
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.