തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മെയ് ആദ്യവാരം മുതല്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയത് 15 ലക്ഷത്തോളം മലയാളികള്‍. അവരില്‍ 10.45 ലക്ഷം പേരും തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഈ കാലയളവില്‍ 14,63,176 പേര്‍ തിരിച്ചെത്തിയെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. അതില്‍ 10,45,288 പേരാണ് ജോലി നഷ്ടമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. 2.90 ലക്ഷം പേര്‍ വിസ റദ്ദായത് ഉള്‍പ്പടെയുള്ള മറ്റ് കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കുട്ടികള്‍, പൗരന്‍മാര്‍, ഗര്‍ഭിണികള്‍ എന്ന ഗണത്തില്‍ വരുന്നവരാണ് മറ്റുള്ളവര്‍.
കേരളത്തില്‍ നിന്നും കുറഞ്ഞത് 20 ലക്ഷത്തിലേറേപ്പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുവെന്നാണ് കണക്കുകള്‍. കൂടുതല്‍ പേരും യുഎഇ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അയയ്ക്കുന്ന പണമാണ്. ഈ സാഹചര്യത്തില്‍ ഇത്രയും പ്രവാസികളുടെ മടക്കം കേരളത്തെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്.
2020 മെയ് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 8.40 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയതെങ്കില്‍ അടുത്ത ആറുമാസത്തിനുള്ളില്‍ ഇത് ഇരട്ടിയായി. ജൂണ്‍ 18 ഓടെയാണ് സംഖ്യ 14.63 ലക്ഷമായത്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ നാല് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് മടങ്ങിയെത്തിയവരില്‍ 96 ശതമാനം, യുഎഇയില്‍ നിന്ന് മാത്രം 8.67 ലക്ഷം ആളുകള്‍ നാട്ടിലെത്തി.ഈ കാലയളവില്‍ 55,960 പേര്‍ മാത്രമാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയതെന്നും നോര്‍ക്ക ഡാറ്റ വ്യക്തമാക്കുന്നു.
എന്നാല്‍ ഇവരില്‍ എത്രപേര്‍ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി, ആരൊക്കെ മറ്റ് ജോലികളിലേക്ക് മാറി എന്നതിനെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ സര്‍ക്കാറിന്റെ പക്കലില്ല. 2020 മെയ് മുതല്‍ 12 മാസത്തിനുള്ളില്‍ 27 ലക്ഷം അന്താരാഷ്ട്ര യാത്രക്കാര്‍ കേരളത്തില്‍ നിന്നും യാത്ര പുറപ്പെട്ടുവെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.