ഭരണകൂട ഭീകരത കൊലപ്പെടുത്തിയ ഫാ. സ്റ്റാന്‍ സ്വാമി; ജനാധിപത്യ ഇന്ത്യക്ക് നാണക്കേട്

ഭരണകൂട ഭീകരത കൊലപ്പെടുത്തിയ ഫാ. സ്റ്റാന്‍ സ്വാമി; ജനാധിപത്യ ഇന്ത്യക്ക് നാണക്കേട്

മനുഷ്യാവകാശങ്ങളും മുതിര്‍ന്ന പൗരനോടുള്ള സഹാനുഭൂതിയും കാറ്റില്‍ പറത്തി കള്ളക്കേസില്‍ കുടുക്കി ഭരണകൂടം ജയിലില്‍ അടച്ച ഫാ സ്റ്റാന്‍ സമി ഇന്ന് ലോകത്തോട് യാത്ര പറഞ്ഞു. സ്റ്റാന്‍സ്ലാവോസ് ലൂര്‍ദ് സ്വാമി എന്നായിരുന്നു ആ വൃദ്ധ താപസന്റെ പേര്. സ്റ്റാന്‍സാമി എന്ന് എല്ലാവരും വിളിച്ചു.

ബീഹാറിലെയും ജാര്‍ഖണ്ഡിലെയും ആദിവാസികളുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടി ജീവിതം മാറ്റി വച്ച മിഷനറി വൈദികനായിരുന്നു അദ്ദേഹം. അവരുടെ മക്കളുടെ വിദ്യാഭാസ-ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തന മേഖല. ഇതോടൊപ്പം അവര്‍ക്ക് നിയമ പരമായ സഹായം നല്‍കാനും ഈശോ സഭംഗമായ ഈ വൈദികന്‍ എന്നും പരിശ്രമിച്ചിരുന്നു.

പണവും രാഷ്ട്രീയ സ്വാധീനവുമുള്ളവര്‍ മറ്റുള്ളവരെ ചൂഷണം ചെയ്ത് അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കുകയും മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം തല്ലികൊല്ലുകയും ചെയ്യുന്ന ഈ രാജ്യത്ത് പാവങ്ങളെ സഹായിച്ചതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുകയും മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്ത സംഭവം ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണ്.

പ്രാദേശിക പോലീസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട ഭീമാ കൊറേഗാവ് കേസിലാണ് മാവോവാദി ബന്ധം ആരോപിച്ച് അദ്ദേഹത്തെ എന്‍ഐഎ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജയിലില്‍ അടച്ച അന്ന് മുതല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് അദ്ദേഹം അനുഭവിച്ചത്. 84 വയസുള്ള ഈ വന്ദ്യ പുരോഹിതന്‍ പാര്‍ക്കിസണ്‍സ് രോഗം കൂടി ബാധിച്ചതിനെ തുടര്‍ന്ന് കടുത്ത ആരോഗ്യ പ്രശനങ്ങള്‍ക്കൂടി നേരിട്ടിരുന്നു. എങ്കിലും അദ്ദേഹത്തിന് ജാമ്യം നല്‍കാനോ ജയിലില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാനോ ബന്ധപ്പെട്ടവര്‍ അനുവദിച്ചില്ല.

കോടതി ഉത്തരവിനെ തുടര്‍ന്ന് മേയ് 30 നാണ് ചികിത്സക്കായി സ്വാമിയെ സ്വന്തം ചെലവില്‍ തലോജ ജയിലില്‍ നിന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റിയത്. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്ന് ആരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി, സുധീര്‍ ധാവ്ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്ലാഖ, വരവര റാവു, പ്രഫ. സായിബാബ, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

തനിക്ക് ജാമ്യം തരുന്നില്ലെങ്കില്‍ ആശുപത്രിയിലേക്കു മാറ്റേണ്ടെന്നും ജയിലില്‍ കിടന്ന് മരിക്കാമെന്നും ജയിലിലായിരിക്കെ വിഡിയോ കോണ്‍ഫറന്‍സ് വഴി ഫാ. സ്റ്റാന്‍ സ്വാമി ഹൈകോടതി ജഡ്ജിയോട് പറഞ്ഞിരുന്നു. അഭിഭാഷകന്‍ ഇടപെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറാന്‍ അദ്ദേഹം സമ്മതിച്ചത്. അതിനിടെ കഴിഞ്ഞ മാസം കോവിഡ് ബാധിക്കുകയും ചെയ്തു.

പ്രായാധിക്യം കണക്കിലെടുത്ത് ഫാ. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നല്‍കണമെന്ന് ക്രൈസ്തവ മത മേലധ്യക്ഷന്‍മാരും വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍ഐഎ ജാമ്യ ഹര്‍ജികളെ നിരന്തരം എതിര്‍ക്കുകയായിരുന്നു. ബോംബെ ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നീതിയുടെ സ്വാമി എന്നറിയപ്പെട്ട ഫാ. സ്റ്റാന്‍സ്ലാവോസ് ലൂര്‍ദ് സ്വാമി നീതി ലഭിക്കാതെ ജീവിതത്തില്‍ നിന്ന് വിട വാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.