ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

 ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്നു പ്രവര്‍ത്തിച്ച ഈശോസഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അനുശോചിച്ചു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു അദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഭീകരവിരുദ്ധ നിയമമനുസരിച്ചു തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്കു സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

ജയില്‍ വാസത്തിനിടയില്‍ ആരോഗ്യനില തീര്‍ത്തും മോശമായതിനെത്തുടര്‍ന്നു കോടതി ഇടപ്പെട്ടാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനേകര്‍ തീവ്ര ദുഃഖത്തിലാണ്. അദേഹത്തിന്റെ സേവനം സ്വീകരിച്ച അനേകായിരങ്ങളുടെയും വിശിഷ്യ ഈശോസഭാ സമൂഹത്തിന്റെയും വേദനയില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പങ്കുചേരുന്നു. ഫാ. സ്റ്റാന്‍ സ്വാമിക്കു നിത്യശാന്തി നേര്‍ന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.

വ്യാജ ആരോപണങ്ങള്‍ ചുമത്തി ജയിലിലടച്ച ഫാ.സ്റ്റാന്‍ സ്വാമി നേരിട്ടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും അദേഹത്തിന്റെ മരണം വീരചരമമാണെന്നും കേരളാ കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്). ഈശോ സഭ കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ഭാരതത്തില്‍ ചെയ്തു വരുന്ന മഹത്തായ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ ഒരു കണ്ണിയായിരുന്ന അദേഹത്തെ വ്യാജ ആരോപണങ്ങള്‍ ചുമത്തി രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ഈ മതേതര രാജ്യത്തിന്റെ ചരിത്രത്തില്‍ മായ്ക്കാന്‍ കഴിയാത്ത കളങ്കമായി നിലനില്‍ക്കുമെന്നും അനുശോചന സന്ദേശത്തില്‍ കെസിഎംഎസ് പറഞ്ഞു.

ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ്. ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് ഫാ. സ്റ്റാന്‍ സ്വാമി. അവസാന ശ്വാസം വരെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടി.

എണ്‍പത്തിനാല് വയസുള്ള വൈദികനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ജ്വലിക്കുന്ന ഓര്‍മ്മയായിരിക്കും ഫാ. സ്റ്റാന്‍ സ്വാമിയെന്നും അദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു

ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ രക്തസാക്ഷിയാണ് ഫാ.സ്റ്റാന്‍ സ്വാമിയെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സിസെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആദിവാസികള്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച് ശുശ്രൂഷ ചെയ്ത വന്ദ്യ വയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവര്‍ക്ക് കാലം മാപ്പു നല്‍കില്ല. ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ നിയമ സംവിധാനങ്ങള്‍ പരാജയപ്പെട്ടത് വളരെ ഗൗരവത്തോടെ കാണണം.

ബോംബെ ഹൈക്കോടതി പോലും ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത് ഗൗരവമേറിയതാണ്. ഫാ.സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ ഇന്ത്യയിലെ ക്രൈസ്തവരുള്‍പ്പെടെയുള്ള ജനസമൂഹം പങ്കുചേരുന്നുവെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.