ഗെയിമിന് മുന്നിൽ തളച്ചിടുന്ന ജീവിതം

ഗെയിമിന് മുന്നിൽ   തളച്ചിടുന്ന ജീവിതം


പ്ലസ്ടുവിന് പഠിക്കുന്ന മകനുമായാണ് ആ സ്ത്രീ എന്നെ കാണാൻ വന്നത്. വരാമെന്നു പറഞ്ഞ സമയത്തേക്കാൾ ഏറെ വൈകിയാണ് അവർ വന്നതും. എത്തിയ പാടെ അവൾ പറഞ്ഞു: "അച്ചാ, വൈകിയതിൽ ക്ഷമിക്കണം. തീരെ സുഖമില്ലായിരുന്നു. രാത്രി മുഴുവനും പനിയായിരുന്നു. രാവിലെ എഴുന്നേറ്റ് കഞ്ഞി വച്ച് ഭർത്താവിനും മക്കൾക്കും കൊടുത്ത ശേഷമാണ് വരാൻ കഴിഞ്ഞത്." ഞാൻ പറഞ്ഞു: ''വയ്യെങ്കിൽ മറ്റൊരു ദിവസം വരാമായിരുന്നില്ലേ, ഒന്നു ഫോൺ വിളിച്ചാൽ മതിയായിരുന്നു." "മകൻ്റെ കാര്യമായതുകൊണ്ട് നീട്ടിവയ്ക്കണ്ടാ എന്നു കരുതി.പതിനേഴ് വയസിൻ്റെ പക്വതയൊന്നും എൻ്റെ മകനില്ല. രാവിലെ എഴുന്നേൽക്കുന്നതു തന്നെ എട്ടു മണിക്കാണ്. പഠന കാര്യത്തിലും നല്ല ഉഴപ്പാണ്. സദാസമയവും മൊബൈലിൽ ഗെയിം കളിയാണ്. അച്ചനൊന്ന് സംസാരിക്കണം." ഞാനവനോട് ചോദിച്ചു: "നിനക്ക് ആരാകാനാണ് ആഗ്രഹം?" "മെക്കാനിക്കൽ എഞ്ചിനീയർ." "ഇങ്ങനെ വൈകി എഴുന്നേറ്റ്, ഉത്തരവാദിത്വബോധമില്ലാതെ നടന്നാൽ എങ്ങനെയാണ് എഞ്ചിനീയറാകാൻ കഴിയുക?" അവൻ ഒന്നും പറഞ്ഞില്ല.ഞാൻ തുടർന്നു: "ഏത് ഗെയിമാണ് നീ കളിക്കുന്നത്?" "ഫ്രീ ഫയർ'' "എത്ര മണിക്കൂർ?" "ആറ് മണിക്കൂറെങ്കിലും കളിക്കും." അവനോട് ഞാൻ പറഞ്ഞു: ''കുറച്ചു കൂടെ ഗൗരവമായ് ജീവിതത്തെ എടുത്തില്ലെങ്കിൽ നീ എവിടെയും എത്താൻ സാധ്യതയില്ല. നിൻ്റെ അമ്മയെ നോക്കൂ മക്കളെയും ജീവിത പങ്കാളിയെയും ശുശ്രൂഷിക്കണം എന്ന ആഗ്രഹത്താൽ രോഗാവസ്ഥ പോലും വകവയ്ക്കാതെ രാവിലെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി നിന്നെയും കൂട്ടി ഇവിടെ വന്നിരിക്കുന്നു. ഈ അമ്മയെ ഓർത്തെങ്കിലും നന്നായി ജീവിക്കാൻ പരിശ്രമിക്കുക...." കുറച്ചു നേരം അവരുമായ് സംസാരിച്ച് അവർക്കു വേണ്ടി പ്രാർത്ഥിച്ചശേഷം അവരെ ഞാൻ യാത്രയാക്കി. അവർ തിരിച്ചു പോയപ്പോൾ എൻ്റെ ചിന്ത മുഴുവനും മക്കൾക്കായ് അധ്വാനിക്കുന്ന മാതാപിതാക്കളെക്കുറിച്ചായിരുന്നു. സ്വന്തം രോഗങ്ങൾ മറച്ചുവച്ച്, വിശപ്പ് ഇല്ലെന്നു പറഞ്ഞ്, പുതിയ വസ്ത്രങ്ങൾ പോലും വാങ്ങാതെ കുടുംബത്തെ കെട്ടിപ്പടുക്കാൻ എത്രമാത്രമാണ് അവർ സഹിക്കുന്നത്.

ഇന്നീ സംഭവം ഓർക്കാൻ കാരണം ശിമയോൻ്റെ അമ്മായിയമ്മയെ കുറിച്ചുള്ള വായനയാണ്. കടുത്ത പനിപിടിച്ച് കിടപ്പിലായിരുന്ന അവൾക്ക് ക്രിസ്തുവിൻ്റെ സാനിധ്യത്തിൽ സൗഖ്യം ലഭിച്ചപ്പോൾ അവൾ ആദ്യം ചെയ്തത് വീട്ടിലുള്ളവരെ ശുശ്രൂഷിക്കുകയായിരുന്നു (Refമർക്കോ 1:29 -34).

കുടുംബത്തിനു വേണ്ടി ആത്മാർത്ഥമായ് അധ്വാനിക്കുന്ന മാതാപിതാക്കളെ ഓർത്ത് നല്ലവരായ് ജീവിക്കാൻ മക്കൾക്ക് കഴിയട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.