ലണ്ടന്‍: ഭാരതത്തിലെ ക്രൈസ്തവര്‍ ഹിന്ദുത്വ വാദികളുടെ നിരന്തര ഭീഷണിയിലാണന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്ക്‌സിലെ (എല്‍.എസ്.ഇ) ഗവേഷകര്‍. അക്രമത്തിന്റേയും അപമാനത്തിന്റേയും മാനഭംഗത്തിന്റേയും വിവേചനത്തിന്റേയും നിരന്തര ഭീതിയിലാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ കഴിയുന്നത്. കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്‌സിന്റെ നിര്‍ദേശപ്രകാരം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്ക്‌സിലെ ഇന്ത്യന്‍ ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ മുമ്പ് ആക്രമിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഭൂസ്വത്ത് സംബന്ധിച്ച കേസുകളില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് മതിയായ നിയമ സഹായം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മതപരിവര്‍ത്തന നിരോധന നിയമങ്ങളാകട്ടെ മതന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുവാന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഹിന്ദു ദേശീയ സംഘടനകളുടെ പ്രീതി പിടിച്ചുപറ്റുവാനായി ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങള്‍ പോലീസും പ്രാദേശിക ഭരണകൂടങ്ങളും മാധ്യമങ്ങളും അവഗണിക്കുകയാണ് പതിവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്രൈസ്തവരെ കൂട്ടത്തോടെ ആക്രമിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പതിവുണ്ട്. ഹിന്ദുത്വ വാദികള്‍ വയറ്റില്‍ തൊഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയ സംഭവമുള്‍പ്പെടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തിലുള്ള അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര ഫാക്റ്റ് ഫൈന്‍ഡിംഗ് കമ്മീഷന്‍ രേഖപ്പെടുത്തണമെന്നതുള്‍പ്പെടെ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനങ്ങള്‍ ഇല്ലാതാക്കുവാനുള്ള ചില അടിയന്തിര നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നു. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനു നേര്‍ക്ക് കണ്ണടക്കുവാന്‍ ഇനി അന്താരാഷ്ട്ര സമൂഹത്തിനു കഴിയില്ലെന്ന് ഓപ്പണ്‍ ഡോഴ്‌സ് യു.കെ, അയര്‍ലന്‍ഡ് അഡ്വോക്കാസി തലവനായ ഡേവിഡ് ലാന്‍ഡ്രം പറഞ്ഞു.
രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിടുന്ന ക്രൂരവും ആസൂത്രിതവുമായ മതപീഡനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യയെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.