ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കാനുള്ള തിയതി സിനഡില്‍ തീരുമാനിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കാനുള്ള തിയതി സിനഡില്‍ തീരുമാനിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചതനുസരിച്ച് ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന സിനഡില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള തിയതി നിശ്ചയിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മെത്രാന്‍മാര്‍ക്ക് അയച്ച കത്തില്‍ ആണ് കര്‍ദ്ദിനാള്‍ ഇക്കാര്യം അറിയിച്ചത്.

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം വന്നത് കഴിഞ്ഞ ദിവസമാണ്. പുതിയ കുര്‍ബാന ക്രമത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കി. 1999 ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനില്‍ നിന്ന് കത്ത് അയച്ചു. സിറോ മലബാര്‍ സഭയിലെ ആരാധന ക്രമം പരിഷ്‌കരിക്കാന്‍ സിനഡില്‍ തീരുമാനമായിരുന്നു. പരിഷ്‌കരിച്ച ആരാധന ക്രമം മാര്‍പ്പാപ്പയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായി ആണ് കുര്‍ബാന അര്‍പ്പിച്ച് പോന്നത്. എന്നാല്‍ ചങ്ങനാശേരി രൂപത അള്‍ത്താരയ്ക്ക് അഭിമുഖമായാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ വ്യത്യസ്തതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.

കുര്‍ബാനയുടെ ആദ്യ ഭാഗം ജനങ്ങള്‍ക്ക് അഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടന്‍ നടപ്പാക്കണമെന്നാണ് വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പ്. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.