ബ്രിസ്ബന്‍: മനസില്‍ നന്മയുടെയും കരുണയുടെയും ഉറവ വറ്റാതെ സൂക്ഷിക്കുന്ന ജനപ്രതിനിധികളാണ് ഒരു നാടിനെ സാമൂഹിക പുരോഗതിയിലേക്കു നയിക്കുന്നത്. ശാസ്ത്രം എത്ര അവഗണിച്ചാലും ജീവിക്കാനുള്ള ഓരോ ഗര്‍ഭസ്ഥ ശിശുവിന്റെയും അവകാശത്തെ ഹൃദയത്തോടു ചേര്‍ത്ത് അവര്‍ക്കു വേണ്ടി നിലകൊള്ളുകയാണ് ഓസ്‌ട്രേലിയയിലെ ഒരുപറ്റം പാര്‍ലമെന്റ് അംഗങ്ങള്‍.
ഗര്‍ഭച്ഛിദ്രത്തെതുടര്‍ന്ന് ജീവനോടെ പുറത്തുവരുന്ന കുഞ്ഞങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരാനിരിക്കുമ്പോള്‍ അതിനെ പിന്തുണച്ച് രാജ്യത്തെ നിരവധി എം.പിമാരാണ് രംഗത്തുവന്നിട്ടുള്ളത്.
ക്വീന്‍സ് ലാന്‍ഡില്‍നിന്നുള്ള നാഷണല്‍സ് എം.പി ജോര്‍ജ് ക്രിസ്റ്റെന്‍സെനാണ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സ്റ്റിര്‍ലിംഗില്‍നിന്നുള്ള ലിബറല്‍ എം.പി വിന്‍സ് കോന്നല്ലി ബില്ലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജോര്‍ജ് ക്രിസ്റ്റെന്‍സെന്‍ എം.പി.
ഗര്‍ഭച്ഛിദ്രത്തെതുടര്‍ന്ന് ജീവനോടെ പുറത്തുവന്ന നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ചികിത്സ കിട്ടാതെ മരിക്കുന്നതില്‍ കടുത്ത ഉത്കണ്ഠയാണ് വിന്‍സ് കോന്നല്ലി പ്രകടിപ്പിച്ചത്. ജീവനോടെ ജനിക്കുന്ന ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മികച്ച പരിചരണവും വൈദ്യസഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ കൂടുതല്‍ എം.പിമാര്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബില്ലിനു പിന്തുണ തേടി വിവിധ മേഖലകളില്‍നിന്നുള്ളവരുടെ ഒപ്പുശേഖരണവും വിന്‍സ് കോന്നല്ലി ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിവേദനവും അദ്ദേഹം തയാറാക്കിയിട്ടുണ്ട്.
വിന്‍സ് കോന്നല്ലി എം.പി.
നിരവധി കുഞ്ഞുങ്ങളാണ് ഗര്‍ഭച്ഛിദ്രത്തിനിടെ ജീവനോടെ പുറത്തുവരുന്നത്. ആ കുഞ്ഞുങ്ങളെ മരിക്കാന്‍ അനുവദിക്കുന്ന രീതിയാണ് നിലവില്‍ ഓസ്ട്രേലിയയിലുള്ളത്. പല സംസ്ഥാനങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം സംഭവങ്ങളുടെ എണ്ണം ആശങ്കപ്പെടുത്തുന്നു.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ 1999-നും 2016-നും ഇടയില്‍ ഇത്തരത്തില്‍ ജീവനോടെ പുറത്തുവന്ന ശേഷം ചികിത്സ കിട്ടാതെ മരിച്ച 27 കുഞ്ഞുങ്ങളുണ്ട്. 2005 നും 2015 നും ഇടയില്‍ ക്വീന്‍സ്ലാന്‍ഡില്‍ 204 സംഭവങ്ങളും വിക്ടോറിയയില്‍ 2016-ല്‍ മാത്രം 33 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 310 അബോര്‍ഷനുകള്‍ നടത്തിയപ്പോഴാണ് 33 ഗര്‍ഭസ്ഥ ശിശുക്കള്‍ ജീവനോടെ പുറത്തുവന്നത്.
നിലവില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തു മാത്രമാണ് ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിചരണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ ഇത്തരം സംഭവങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷിക്കാനോ റിപ്പോര്‍ട്ടു ചെയ്യാനോ പോലും തയാറായിട്ടില്ല.
ജീവനോടെ പുറത്തുവരുന്ന കുഞ്ഞങ്ങളെ മരണത്തിനു വിട്ടുകൊടുക്കരുതെന്നും മികച്ച പരിചരണം ഉറപ്പാക്കി അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും കരട് ബില്ലില്‍ ആവശ്യപ്പെടുന്നു. ക്രൈസ്തവ സംഘടനകളും പ്രോ-ലൈഫ് മൂവ്‌മെന്റുകളും അടക്കം നിരവധി പേര്‍ ഓസ്‌ട്രേലിയയില്‍ നേരത്തെ മുതല്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അടുത്തിടെ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ പാര്‍ലമെന്റിനു മുന്നില്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ ആഭിമുഖ്യത്തില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരേ വന്‍ പ്രതിഷേധ റാലിയും പ്രാര്‍ഥനാ യജ്ഞവും സംഘടിപ്പിച്ചിരുന്നു. മലയാളികള്‍ അടക്കം നിരവധി പേരാണ് റാലിയില്‍ പങ്കെടുത്തത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ പാര്‍ലമെന്റിനു മുന്നില്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ ആഭിമുഖ്യത്തില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരേ നടത്തിയ പ്രതിഷേധ റാലിയും പ്രാര്‍ഥനാ യജ്ഞവും
കത്തോലിക്ക വിശ്വാസികളായ ഡോക്ടര്‍മാരും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന ബില്ലിനെ പിന്തുണയ്ക്കുന്ന കത്തില്‍ ഒപ്പിടാന്‍ കത്തോലിക്കാ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗര്‍ഭച്ഛിദ്രത്തിനിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിവേദവനത്തില്‍ ഒപ്പിട്ട് നിങ്ങള്‍ക്കും വിന്‍സ് കോന്നല്ലി എം.പിയുടെ ഈ ഉദ്യമത്തില്‍ പങ്കുചേരാം. അതിനായി എം.പിയുടെ vinceconnelly.com.au എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.