ഗാബറോണ്‍: ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍നിന്ന് ലോകത്തെ രണ്ടാമത്തെ വലിയ വജ്രം കണ്ടെത്തി. 1,174 കാരറ്റിന്റെ വജ്രക്കല്ലാണ് കണ്ടെത്തിയത്. കഴിഞ്ഞമാസം 1098 കാരറ്റിന്റെ വജ്രം കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം.
വലിപ്പം കൊണ്ട് ലോകത്ത് ആദ്യസ്ഥാനങ്ങളില്‍ വരുന്ന രണ്ടു വജ്രക്കല്ലുകളാണ് ഒരു മാസത്തിനിനിടെ ബോട്‌സ്വാനയില്‍നിന്നു തന്നെ കണ്ടെത്തിയത്. മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ള പുതിയ വജ്രം കനേഡിയന്‍ ഡയമണ്ട് കമ്പനിയായ ലുകാറയാണ് ജൂണ്‍ 12ന് കണ്ടെടുത്തത്. വജ്രക്കല്ല് രാജ്യത്തെ കാബിനറ്റില്‍ ബുധനാഴ്ച്ച അവതരിപ്പിച്ചു.
ബോട്‌സ്വാന രാജ്യത്തിനും ലുകാറ കമ്പനിക്കും ഇത് ചരിത്ര നിമിഷമാണെന്ന് മാനേജിങ് ഡയറക്ടര്‍ നസീം ലഹ്രി പറഞ്ഞു. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രക്കല്ലായി ഇത് മാറുമെന്നാണ് വിവരം. ഇതുവരെ ലഭിച്ച വജ്രക്കല്ലുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇത് മൂന്നാം സ്ഥാനത്തെത്തുമെന്ന് ലഹ്രി പറഞ്ഞു.
കഴിഞ്ഞമാസം ബോട്‌സ്വാനന്‍ വജ്രകമ്പനിയായ ഡേബ്‌സ്വാനാണ് ഏറ്റവും വലിയ വജ്രങ്ങളിലൊന്ന് കണ്ടെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്ന് അവകാശപ്പെട്ട അത് 1098 കാരറ്റ് ആയിരുന്നു. അതിനെ മറികടക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ വജ്രം.
ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളുടെ ഉറവിടമായി മാറിയിരിക്കുകയാണ് ബോട്‌സ്വാന. ഏറ്റവും വലിയ പത്ത് വജ്രങ്ങളില്‍ ആറെണ്ണവും ബോട്‌സ്വാനയില്‍നിന്നാണ്. 1905ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് കണ്ടെത്തിയ 3106 കാരറ്റിന്റെ വജ്രമാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. ഈ വജ്രത്തിന്റെ ഭാഗങ്ങള്‍ ബ്രിട്ടീഷ് കിരീടത്തെ അലങ്കരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.