കിറ്റെക്സിലെ നിയമലംഘനം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

കിറ്റെക്സിലെ നിയമലംഘനം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

തിരുവനന്തപുരം: ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍. പി ടി തോമസ് ഉള്‍പ്പെടെ നാല് എംഎല്‍എമാരാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. കഴിഞ്ഞമാസം രണ്ടിന് നല്‍കിയ കത്തില്‍ കമ്പനിയുടെ നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം ഒന്നിന് നിയമസഭയില്‍ കടമ്പ്രയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പി.ടി. തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തൊട്ടടുത്ത ദിവസം പി.ടി.തോമസ്, ടി.ജെ.വിനോദ്, എല്‍ദോസ് പി കുന്നപ്പിള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ കത്തു നല്‍കിയത്.

കിറ്റെക്‌സ് കമ്പനിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും വരെ കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. ഇതുള്‍പ്പെടെ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റെക്‌സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന തെളിവായാണ് നാല് എംഎല്‍എമാര്‍ നല്‍കിയ കത്തിനെ ഭരണപക്ഷം കാണുന്നത്. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കിറ്റെക്‌സിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമ്പോള്‍ കെ.മുരളീധരനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂല സമീപനമാണുള്ളത്. .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.