കോവിഡ് മരണം: പ്രവാസികള്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍

കോവിഡ് മരണം:  പ്രവാസികള്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് ആയിരത്തിലധികം മലയാളികള്‍.

ദുബായ്: കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ ഗള്‍ഫ് നാടുകളില്‍ രോഗം ബാധിച്ച് മരിച്ച ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഗള്‍ഫില്‍ 2000ല്‍ അധികം ഇന്ത്യക്കാരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇവരില്‍ പകുതിയും മലയാളികളാണ്. എന്നാല്‍ ഇവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ കേരളമോ, ഇന്ത്യയോ ഉള്‍പ്പെടുത്തിയിട്ടില്ല.


വിദേശത്ത് മരിച്ച ഇന്ത്യക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയോ മലയാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വിഷയം ഉന്നയിച്ച് വിവിധ പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ആയിരത്തിലധികം മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ കണക്കെടുപ്പ് കൃത്യമായി നടന്നിട്ടില്ല. സാധാരണക്കാരായ പ്രവാസികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. പലരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിച്ചില്ല. ഗള്‍ഫ് രാജ്യങ്ങളുടെ പ്രോട്ടോക്കോള്‍ പ്രകാരം അതത് രാജ്യങ്ങളില്‍ തന്നെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും കോവിഡ് പുനരധിവാസത്തിന് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് മരിച്ചവരെ എങ്ങനെ ഉള്‍ക്കൊള്ളിക്കും എന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആ പട്ടികയില്‍ ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോ എന്നതാണ് ആശങ്ക.

ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ അതില്‍ ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി സംഘടനകള്‍ പല നിലയ്ക്കും സര്‍ക്കാരിനെ സമീപിച്ചിരുന്നു. പക്ഷേ, കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് മരിച്ചവരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് മുന്നിലേക്ക് എത്തേണ്ടതുണ്ട്. അതിന് മുമ്പ് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തണം എന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.