സഭാപിതാവായ തെർത്തുല്യൻ വിവാഹിതനായിരുന്നു. അദ്ദേഹം ഒരിക്കൽ ഭാര്യയോട് ചോദിച്ചു: ''ഞാൻ മരിച്ചു കഴിഞ്ഞാൽ വീണ്ടും നീ വിവാഹിതയാകുമോ?" "അതെക്കുറിച്ച് ഇപ്പോൾ എന്തിനാണ് അങ്ങ് ചിന്തിക്കുന്നത്? ആരാണ് ആദ്യം മരിക്കുന്നതെന്ന് ദൈവത്തിനല്ലെ അറിയൂ" ഇങ്ങനെയായിരുന്നു അവളുടെ മറുപടി.തെർത്തുല്യൻ തുടർന്നു: "ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്ക് വിവാഹം കഴിക്കാമെന്ന് അപ്പസ്തോലൻ പഠിപ്പിക്കുന്നുണ്ടെങ്കിലും നീ വിവാഹം കഴിക്കരുത്. എന്തെന്നാൽ സ്വർഗത്തിൽ ആത്മാക്കളുടെ സംഗമം ഉണ്ടെങ്കിൽ നീ തന്നെ എൻ്റെ ഭാര്യയായ് വേണമെന്ന് ഞാനാഗ്രഹിക്കുന്നു. അത്രമാത്രം ഉത്തമ ജീവിത പങ്കാളിയാണ് നീ...."എത്ര ആത്മാർത്ഥമായ വാക്കുകൾ അല്ലെ?
സ്വർഗ്ഗത്തിൽ വിവാഹം ഇല്ലെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. എങ്കിലും സന്തോഷ പ്രദമായ ദാമ്പത്യം ജീവിച്ച തെർത്തുല്യൻ, ഭൂമിയിലെ ഐക്യം സ്വർഗത്തിലും ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്നതായി സഭാചരിത്രം രേഖപ്പെടുത്തുന്നു.വിവാഹത്തെ ദൈവം യോജിപ്പിച്ച ബന്ധമായാണ് ക്രിസ്തു വിശേഷിപ്പിച്ചിരിക്കുന്നത്. (Ref മത്തായി 19 : 6) എന്നാൽ പലപ്പോഴും ഈ ബോധ്യം നമുക്കിടയിൽ നഷ്ടമാകുന്നില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട് മനുഷ്യൻ കണ്ടെത്തി മനുഷ്യർ തമ്മിൽ ഒന്നിക്കുന്ന ബന്ധമായ് മാത്രം വിവാഹത്തെ വിശേഷിപ്പിക്കുമ്പോൾ അവിടെ ദൈവത്തിന് പിന്നെ സ്ഥാനമില്ലല്ലോ. അങ്ങനെയുള്ള ബന്ധങ്ങളിൽ ഭാര്യാഭർത്താക്കന്മാർ വ്യക്തിപരമായ സുഖത്തിനും പരിഗണനയ്ക്കും മാത്രമേ മുൻഗണന നൽകൂ. അതുകൊണ്ടുതന്നെ നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കലഹങ്ങളും പിണക്കങ്ങളും വർദ്ധിക്കുകയും അവ പതിയെ വിവാഹമോചനത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും.
വ്യക്തിപരമായ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും കുടുംബ ജീവിതത്തിലുമെല്ലാം ദൈവത്തിനുള്ള സ്ഥാനം നഷ്ടപ്പെടുത്താതെ ജീവിക്കാനാകട്ടെ തുടർന്നുള്ള നാളുകളിലെ നമ്മുടെ പരിശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26