ന്യാന വാ ജാമ്പോ

ന്യാന വാ ജാമ്പോ

റുവാണ്ട : കേരള ക്രൈസ്തവർക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നാണ് നമ്മുടെ പരിശുദ്ധ കന്യാമറിയത്തിന്റെ കുറവിലങ്ങാടു പ്രത്യക്ഷീകരണം. എ ഡി 105 ലാണ് നിഷ്കളങ്കരായ ഏതാനും കുഞ്ഞുങ്ങൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത് . അതിനു ശേഷം ഫാത്തിമയിലും ലൂർദ്ദിലും വേളാങ്കണ്ണിയിലും മെഡ്ജുഗോറിയിലും മറ്റു പല സ്ഥലങ്ങളിലും ഉണ്ടായ പ്രത്യക്ഷീകരണങ്ങൾ  പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. സ്നാപക യോഹന്നാൻ പറഞ്ഞ , അനുതപിച്ചു പാപമോചനം നേടുവിൻ, അല്ലെങ്കിൽ നിങ്ങൾ നശിക്കും എന്ന സന്ദേശം തന്നെയായിരുന്നു  പരിശുദ്ധ അമ്മക്കും നൽകുവാനുണ്ടായിരുന്നത്.


നാമെല്ലാവരും ഈ വിശുദ്ധ സ്ഥലങ്ങൾ  സന്ദർശിക്കാൻ ആഗ്രഹം ഉള്ളവരും അത് വേളാങ്കണ്ണിയിലെങ്കിലും പോയി ഭാഗികമായി  പൂർത്തിയാക്കിയവരും ആയിരിക്കാം. എന്നാൽ പരിശുദ്ധ അമ്മയുടെ ആ സന്ദേശം എത്രമാത്രം പ്രാവർത്തികമാക്കിയിട്ടുള്ളവരാണെന്ന കാര്യം, നാം നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. കിഴക്കേ ആഫ്രിക്കയിലെ റുവാണ്ട എന്ന, കേരളത്തിന്റെ 70 ശതമാനം മാത്രം  വിസ്തൃതി  ഉള്ള രാജ്യത്തിൽ, കിബെഹോ എന്ന പ്രദേശത്തും സ്‌ക്കൂൾ വിദ്യാർഥിനികൾക്ക് പരിശുദ്ധ അമ്മ 1981 മുതൽ 1988 വരെ  പല തവണകളിലായി  പ്രത്യക്ഷപ്പെടുകയുണ്ടായി. അവിടെയും ആ കുഞ്ഞുങ്ങളോട്  പരിശുദ്ധ അമ്മ നൽകിയ സന്ദേശം - അനുതപിച്ചു പാപമോചനം നേടി യേശുവിങ്കലേക്കു തിരിച്ചു വരാത്ത  പക്ഷം നിങ്ങളുടെ രാജ്യം ഒരു വലിയ വിപത്തിനെയാണ് നേരിടാൻ പോകുന്നത്- എന്നാണ്  . ആ സ്‌കൂൾ വിദ്യാർത്ഥിനികളുടെ പേരുകൾ ഇവയാണ് - അൽഫോൻസിൻ മുമുരുക്കെ,  അനതാലി മുകാമസിംബാക, മേരി ക്ലാരെ മുക്കാൻഗംഗോ . പരിശുദ്ധ അമ്മ അവരെ പരിചയപ്പെടുത്തിയത് ഞാൻ , 'ന്യാന വാ ജാമ്പോ' എന്നാണ്. ആഫ്രിക്കൻ ഭാഷയായ കിനിയാറുവാണ്ടയിൽ ഇതിനർത്ഥം ' വചനത്തിന്റെ അമ്മ' എന്നാണ്. പരിശുദ്ധ അമ്മ, ആ കുഞ്ഞുമക്കളോട്  വീണ്ടും വീണ്ടും പറഞ്ഞത്, നിങ്ങളെല്ലാവരും മാതാവിന്റെ  7  വ്യാകുലങ്ങളുടെ രക്‌ത കണ്ണീരിന്റെ ജപമാല  ചൊല്ലി പ്രാർത്ഥിക്കണമെന്നാണ്. 1982 ആഗസ്ത് 19 -ആം തിയതിയിലെ ദർശനത്തിൽ ആ കുഞ്ഞുങ്ങൾക്കു  ഒട്ടനവധി ചിന്ന ഭിന്നമായ മൃതദേഹങ്ങളുടെയും ആക്രമണകളുടെയും ചിത്രങ്ങളാണ് തെളിഞ്ഞു വന്നത്. എന്താണ് പരിശുദ്ധ അമ്മ അവിടെ പല തവണ പ്രത്യക്ഷപ്പെടാനുള്ള കാരണം എന്ന് പരിശോധിച്ചാൽ ഉത്തരം വ്യക്തം. ആ കാലഘട്ടത്തിൽ, റുവാണ്ട, രണ്ടു ഗോത്ര വർഗ്ഗങ്ങളായ ടുട്സിസും ഹുട്യൂസും  തമ്മിലുള്ള കാലങ്ങളായുള്ള പകപോക്കലിന്റെയും വിദ്വേഷത്തിന്റെയും കൊലപാതങ്ങളുടെയും യുദ്ധഭൂമിയായിരുന്നു. അതിന്റെ തിക്ത ഫലങ്ങൾ  അനുഭവിച്ചുകൊണ്ടിരുന്നവരുടെ ഉള്ളുരുകിയുള്ള പ്രാത്ഥനയുടെ ഫലമായിട്ടായിരിക്കാം വളരെ സങ്കടത്തോടെ മാതാവ് പ്രത്യക്ഷപ്പെട്ടത്.


വിശുദ്ധ ലൂക്കായുടെ സുവിശേഷം ധനവാന്റെയും ലാസറിന്റെയും ഉപമയിൽ,  (ലുക്കാ 16:31)ഇങ്ങനെ പറയുന്നു "മോശയും പ്രവാചകന്മാരും  പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും, അവർക്കു ബോധ്യമാവുകയില്ല." പരിശുദ്ധ അമ്മയുടെ സന്ദേശം അവിടെയുള്ള അധികം പേർ അനുസരിച്ചുവോ എന്ന കാര്യം സംശയമാണെന്നാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. റുവാണ്ടയിൽ അത് കഴിഞ്ഞു എന്ത് സംഭവിച്ചു ? കുറച്ചു വർഷങ്ങൾക്കു ശേഷം 1994 ൽ അവിടുത്തെ ആഭ്യന്തര കലഹത്തിൽ അന്നത്തെ പ്രസിഡണ്ടായ ജുവിനാൽ ഹബ്യാരിമാന വധിക്കപ്പെടുകയും പത്തു ലക്ഷം പേർ നരഹത്യക്കു വിധേയരാവുകയും ചെയ്‌തു. അവർ കൊന്നത്, ശത്രു രാജ്യത്തിൽ നിന്നും അവരെ ആക്രമിച്ച  പട്ടാളക്കാരെയല്ല, മറിച്ചു തങ്ങളുടെ സ്വന്തം  അയൽക്കാരെയും കൂട്ടുകാരെയും ആയിരുന്നു, വർഗ്ഗത്തിന്റെ പേരിൽ!   ലോകം മുഴുവനും ഇതുവരെ കൊറോണ മൂലം മരിച്ച ഏതാണ്ട്  അത്രയും പേർ ഈ ചെറു രാജ്യത്തിൽ വർഗീയതയുടെ പേരിൽ കൊല്ലപ്പെട്ടു. ശവശരീരങ്ങൾ 'കഗേര  നദി'യിലേക്കു, മുതലകൾക്കു ഭക്ഷണമായി വലിച്ചെറിയപ്പെട്ടു!


990 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റുവാണ്ട സന്ദർശിക്കുകയും അവിടുത്തെ ജനങ്ങളോട് പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കാൻ നിർദേശിക്കുകയുമുണ്ടായി. 1992 ൽ കിബെഹോയിലെ വ്യാകുല മാതാവിൻറെ ദേവാലയത്തിൻറെ തറക്കല്ലിടീൽ നടന്നു. ജിക്കോൻഗോരോ ബിഷപ്, മാർ അഗസ്റ്റിൻ മിസാഗോ, 2001 ജൂൺ 29നു ആ മൂന്നു കുട്ടികൾക്കുണ്ടായ പരിശുദ്ധ മാതാവിന്റെ  പ്രത്യക്ഷീകരണം സ്ഥിരീകരിച്ചു. കിബെഹോ ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. എല്ലാ വർഷവും നവംബർ 28 ന്, അതായത് 1981ൽ അൽഫോൻസിന് ആദ്യം മാതാവ് പ്രത്യക്ഷപ്പെട്ട ദിവസമാണ് കിബോഹോയിലെ മാതാവിന്റെ തിരുന്നാളായി ആഘോഷിക്കുന്നത്. പല്ലൊട്ടിൻ സന്യാസ സഭയിലെ പുരോഹിതരാണ് ഇപ്പോൾ ഈ ദൈവാലയത്തിന്റെ ചുമതല നിർവഹിച്ചു കൊണ്ടിരിക്കുന്നത്. 2006 നവംബർ മാസത്തിൽ കിബെഹോയിലെ വ്യാകുല മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ നടന്നു. കിബെഹോ തീർത്ഥാടന കേന്ദ്രത്തിലേക്ക്, റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി എയർപോർട്ടിൽ നിന്നും 162 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാനാകും. അനേകം തീർത്ഥാടകരുടെ ആകർഷണകേന്ദ്രമാണ് ഇവിടം ഇന്നും .

✍ വർഗീസ് തമ്പി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26