ആണവ മിസൈലുകള്‍ സൂക്ഷിക്കാന്‍ ചൈനയില്‍ നൂറിലധികം രഹസ്യ ഭൂഗര്‍ഭ അറകള്‍ നിര്‍മാണത്തില്‍; ഉപഗ്രഹ ചിത്രങ്ങളുമായി അമേരിക്കന്‍ ഗവേഷകര്‍

ആണവ മിസൈലുകള്‍ സൂക്ഷിക്കാന്‍ ചൈനയില്‍ നൂറിലധികം രഹസ്യ ഭൂഗര്‍ഭ അറകള്‍ നിര്‍മാണത്തില്‍;  ഉപഗ്രഹ ചിത്രങ്ങളുമായി അമേരിക്കന്‍ ഗവേഷകര്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈന മിസൈലുകള്‍ സൂക്ഷിക്കാന്‍ നൂറിലധികം രഹസ്യ ഭൂഗര്‍ഭ അറകള്‍ നിര്‍മ്മിക്കുന്നുവോ? രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ മരുഭൂമിയിലാണ് അതീവ രഹസ്യമായി നിര്‍മാണം പുരോഗമിക്കുന്നതായി സൂചനയുള്ളത്.

മരുഭൂമിയില്‍ ആഴത്തില്‍ നിഗൂഡമായ ഘടനകളിലാണ് ഭൂഗര്‍ഭ അറകളുടെ നിര്‍മാണം നടക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ആണവ ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കുന്നതെന്നാണ് നിഗമനം.

കാലിഫോര്‍ണിയയിലെ ജെയിംസ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ നോണ്‍പ്രോലിഫറേഷന്‍ സ്റ്റഡീസിലെ ഗവേഷകരാണ് ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തിയത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഗവേഷകരെ ഉദ്ധരിച്ച് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്.

ചൈനയിലെ പടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയില്‍ യുമെന് സമീപം 1,800 ചതുരശ്ര കിലോമീറ്ററോളമാണ് ഭൂഗര്‍ഭ അറകള്‍ ഒരുങ്ങുന്നതായി സൂചനയുള്ളത്. അണ്വായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിക്കാനാണിവയെന്നാണ് നിഗമനം.

സമാനമായ രീതിയില്‍ നിര്‍മിക്കുന്ന 119 ഭൂഗര്‍ഭ അറകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക രീതിയിലുള്ള ഷെല്‍ട്ടറുകള്‍ വഴിയാണ് ഇവയെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്ന കേന്ദ്രങ്ങളുടെ സവിശേഷതകള്‍ എല്ലാം ഇവയ്ക്കുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ വ്യക്തമായി.


ചൈനയിലെ രഹസ്യ ഭൂഗര്‍ഭ അറകളുടെ നിര്‍മാണത്തിന്റെ ഉപഗ്രഹ ചിത്രം

ഭൂഗര്‍ഭ അറകളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍, സൈനിക ശേഷയില്‍ ചൈനയെ സംബന്ധിച്ച് നിര്‍ണായക ചുവടുവയ്പ്പായി മാറും. നിലവില്‍ 250 മുതല്‍ 350 വരെ ആണവായുധങ്ങള്‍ ചൈനയുടെ പക്കല്‍ ഉണ്ടെന്നാണു വിശ്വസിക്കപ്പെടുന്നത്. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ ചെറിയ ആണവ ശേഷിയാണിത്. ഭൂഗര്‍ഭ അറകളുടെ നിര്‍മാണത്തോടെ ഇത് വലിയതോതില്‍ വികസിക്കുമെന്നാണ് അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്. ഭൂഗര്‍ഭ അറകളില്‍ സൂക്ഷിക്കാനുദ്ദേശിക്കുന്ന മിസൈലുകളുടെ യഥാര്‍ത്ഥ എണ്ണം അജ്ഞാതമാണ്.

ഓരോ ഭൂഗര്‍ഭ അറകളും രണ്ട് മൈല്‍ അകലത്തിലാണ് വേര്‍തിരിക്കപ്പെടുന്നത്. അവ താഴികക്കുടം പോലുള്ള വലിയ ആവരണത്താല്‍ മറയ്‌പ്പെട്ടിരിക്കുന്നു.

9,300 മൈല്‍ വരെ ദൂരത്തിലെത്തി 30 മിനിറ്റിനുള്ളില്‍ ലക്ഷ്യം കാണുന്ന ഡി.എഫ്. 41 എന്നറിയപ്പെടുന്ന ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിക്കാനാണ് ഭൂഗര്‍ഭ അറകളെന്നാണു സൂചന. യു.എസിന്റെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ മിസൈലിന്റെ പരിധിയില്‍ വരും.
ആണവ ശക്തിയായി മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഉയരാന്‍ ചൈന വെമ്പല്‍ കൊള്ളുന്നതിന്റെ ഭാഗമാണീ രഹസ്യ ഭൂഗര്‍ഭ അറകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.