പ്രശസ്തമായ ഒരു സംഗീത പരിപാടിയിൽ വിധികർത്താക്കളോടൊപ്പം പ്രത്യേക അതിഥിയായി എത്തിയതായിരുന്നു ഗായിക എസ്. ജാനകി.സംസാരത്തിനിടയിൽ ഹേമവതി എന്ന കന്നഡ സിനിമയ്ക്കു വേണ്ടി താൻ പാടിയ 'ശിവ ശിവ യെന്നദ നാലിഗയേകെ' എന്ന പാട്ടിനെക്കുറിച്ച് അവർ പറയുകയുണ്ടായി. പാടിയിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ട് അതായിരുന്നു എന്ന് ജാനകി പറഞ്ഞപ്പോൾ ആ ഗാനം എല്ലാവർക്കും കേൾക്കണമെന്നായി. അതിൻ്റെ ഓഡിയോ അപ്പോൾ തന്നെ കേൾപ്പിക്കുകയും ചെയ്തു.അതിനു ശേഷം എല്ലാവരും തന്നെ അഭിനന്ദിക്കുന്നത് കേട്ടപ്പോൾ എസ്.ജാനകി പറഞ്ഞ വാക്കുകൾ ഹൃദയത്തെ തൊട്ടുണർത്തുന്നതാണ്:''ഈ പാട്ട് ഞാൻ പാടിയോ?നിങ്ങൾ കരുതുന്നുണ്ടോ ഈ പാട്ട് ഞാൻ പാടിയെന്ന്? ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പാട്ടിലെ സ്വരങ്ങളും അറിയില്ല. അങ്ങനെയുള്ള ഞാൻ എങ്ങനെ ഈ പാട്ട് പാടും.?* ഞാനല്ല, എന്നിലൂടെ ഈശ്വരൻ* പാടിയതാണ് ഈ ഗാനം. എല്ലാം ജഗദീശ്വരൻ്റെ കൃപ മാത്രം!"അന്ന് ആ മത്സരത്തിൽ പങ്കെടുത്തവരോട് കെ.എസ്.ചിത്ര പറഞ്ഞത് കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്: "താൻ വലിയ പാട്ടുകാരിയാണെന്ന് ആരെങ്കിലും അഹങ്കരിക്കുന്നെങ്കിൽ ജാനകിയമ്മയെപ്പോലുള്ളവർ പാടിയ ഇതുപോലുള്ള പാട്ടുകൾ കേൾക്കണം...."
ഒരു വ്യക്തിയുടെ യഥാർത്ഥമായ വളർച്ചയെന്നത് ആ വ്യക്തി എത്രമാത്രം ഉന്നതിയിൽ എത്തി എന്നതിലല്ല മറിച്ച് എത്രമാത്രം എളിമയിൽ നിലനിൽക്കുന്നു എന്നതാണ്. "തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും" (ലൂക്കാ 14 : 11) എന്ന ക്രിസ്തുവചനം എത്രയോ അർത്ഥവത്താണ്.നമുക്കു ചുറ്റുമുള്ള അനേകം വ്യക്തികൾ ഉയരങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അവരുടെ കഴിവും കഠിനാധ്വാനവും മാത്രമല്ല ദൈവകൃപയുമാണെന്ന് തിരിച്ചറിയണം.നമ്മൾ വലിയ കാര്യങ്ങൾ ചെയ്തു എന്ന മനോഭാവത്തിൽ നിന്ന് നമ്മിലൂടെ ദൈവം വലിയ കാര്യങ്ങൾ ചെയ്യുന്നു എന്ന എളിമയിലേക്ക് വളരാൻ നമുക്ക് കഴിയട്ടെ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26