രക്ഷാപ്രവര്‍ത്തനത്തിനായി ഇനി നായ്ക്കള്‍ പാരച്യൂട്ടില്‍ പറന്നിറങ്ങും; റഷ്യയുടെ പരീക്ഷണം വൈറല്‍

രക്ഷാപ്രവര്‍ത്തനത്തിനായി ഇനി നായ്ക്കള്‍ പാരച്യൂട്ടില്‍ പറന്നിറങ്ങും; റഷ്യയുടെ പരീക്ഷണം വൈറല്‍

മോസ്‌കോ: രക്ഷാദൗത്യങ്ങളുടെ അഭിവാജ്യഘടകമാണ് നായ്ക്കള്‍. അപകടമേഖലകളില്‍ മനുഷ്യര്‍ക്ക് അസാധ്യമായ ഇടപെടല്‍ നടത്താന്‍ ഇവയ്ക്കാവും. ഇപ്പോഴിതാ വിമാനങ്ങള്‍ക്കോ ഹെലികോപ്ടറുകള്‍ക്കോ പറന്നിറങ്ങാന്‍ സാധ്യമല്ലാത്ത പ്രദേശങ്ങളില്‍ നായകളെ പാരച്യൂട്ടില്‍ ഇറക്കാനുള്ള പരീക്ഷണത്തിലാണ് റഷ്യ. 13,000 അടി ഉയരത്തിലുള്ള വിമാനത്തില്‍നിന്ന് ഒരു ജര്‍മന്‍ ഷെപ്പേഡിനെയാണ് സൈനികനൊപ്പം പാരച്യൂട്ടില്‍ താഴേക്കിറക്കിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നായകള്‍ക്ക് ഉയരത്തിലുള്ള വിമാനത്തില്‍നിന്ന് പാരച്യൂട്ടിന്റെ സഹായത്തോടെ പറന്നിറങ്ങാനാവുമോ എന്നുള്ളതായിരുന്നു പരീക്ഷണം. റോസ്‌ടെക് സ്‌റ്റേറ്റ് കോര്‍പറേഷന്റെ ഭാഗമായ ടെക്‌നോഡൈനാമിക്കയാണ് ഒരാള്‍ക്കൊപ്പം നായയെ വിമാനത്തില്‍ നിന്ന് ഭൂമിയിലിറക്കാന്‍ സഹായിക്കുന്ന പാരച്യൂട്ട് വികസിപ്പിച്ചെടുത്തത്. റഷ്യന്‍ പ്രതിരോധ വകുപ്പിനു വേണ്ടിയായിരുന്നു ഈ പരീക്ഷണം.



കാല്‍നടയായി എത്തിച്ചേരാന്‍ അധികസമയമെടുക്കുന്ന പ്രദേശങ്ങളില്‍ ഈ സംവിധാനം കൂടുതല്‍ പ്രയോജനപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ സൈന്യത്തിന്റെ പലവിധ പ്രവര്‍ത്തനങ്ങളിലും പരിശീലനം നേടിയ നായകളെ ഉപയോഗിക്കാറുണ്ട്.



ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ ഈ പാരച്യൂട്ടില്‍ സഞ്ചരിക്കാം. പാരച്യൂട്ട് ലാന്‍ഡിങ്ങിനു ശേഷവും നായ ആശങ്കകളൊന്നും പ്രകടിപ്പിച്ചില്ലെന്നു കമ്പനി വക്താവ് അറിയിച്ചു. താഴേക്കു പറക്കുമ്പോള്‍ അവയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഭയന്നതു പോലെയൊന്നും സംഭവിച്ചില്ല. വിമാനത്തിന്റെ വാതില്‍ തുറന്നയുടനെ കാറ്റും ശബ്ദവും കാരണം നായ അല്‍പം പരിഭ്രാന്തരായെങ്കിലും ഒപ്പമുണ്ടായിരുന്ന പരിശീലകന് അവയെ ശാന്തനാക്കാന്‍ സാധിച്ചതായി ടെസ്റ്റ് പാരച്യൂട്ടിസ്റ്റായ ആന്‍ഡ്രേ ടൊറോപ്‌കോവ് പ്രതികരിച്ചു.



നായകളുടെ പാരച്യൂട്ട് ചാട്ടത്തിന്റെ ഉയരം വര്‍ധിപ്പിക്കാനുള്ള പരീക്ഷണം തുടരുന്നതായി കമ്പനി അറിയിച്ചു. 8000 മീറ്റര്‍ വരെ ഉയരത്തില്‍നിന്ന് താഴേക്കിറങ്ങാന്‍ നായകളെ പരിശീലിപ്പിക്കും. 2021 അവസാനത്തോടെ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.