കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ട് ഇന്തോനേഷ്യ; സഹായിക്കണമെന്ന് അഭ്യര്‍ഥന

കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ട്  ഇന്തോനേഷ്യ; സഹായിക്കണമെന്ന് അഭ്യര്‍ഥന

ജക്കാര്‍ത്ത: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് ഓക്‌സിജന്‍ ക്ഷാമം. ഇന്ത്യയില്‍ കോവിഡ് തരംഗത്തിന്റെ തീവ്രത കുറഞ്ഞപ്പോള്‍ അയല്‍ രാജ്യമായ ഇന്തോനേഷ്യ ഓക്‌സിജനില്ലാതെ ശ്വാസംമുട്ടുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ് ഈ രാജ്യം.

കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിട്ട സമയത്ത് ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ടാങ്ക് ഓക്‌സിജനെത്തിച്ച് നല്‍കിയ രാജ്യമാണ് ഇന്തോനേഷ്യ.

സിംഗപ്പുര്‍, ചൈന ഉള്‍പ്പടെ നിരവധി രാജ്യങ്ങളോട് അടിയന്തരമായി ഓക്‌സിജന്‍ എത്തിച്ച് സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. 1000 ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ ഉള്‍പ്പടെയുളള മെഡിക്കല്‍ ഉപകരണങ്ങള്‍ വെള്ളിയാഴ്ച സിംഗപ്പുര്‍ ഇന്തോനേഷ്യയില്‍ എത്തിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയും 1000 വെന്റിലേറ്ററുകള്‍ എത്തിച്ചിട്ടുണ്ട്. ഇതിനുപുറമേ 36,000 ടണ്‍ ഓക്‌സിജനും 10,000 കോണ്‍സന്‍ട്രേറ്റേഴ്‌സും സിംഗപ്പുരില്‍നിന്ന് വാങ്ങാനുളള തീരുമാനത്തിലാണ് ഇന്തോനേഷ്യയെന്ന് മന്ത്രി ലുഹുത് ബിന്‍സാര്‍ പണ്ഡ്‌ജെയ്തന്‍ പറഞ്ഞു. ചൈനയെയും സഹായത്തിനായി സമീപിച്ചിട്ടുണ്ട്. യു.എസും യു.എ.ഇയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോകത്തെ നാലാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. 2.4 മില്യണ്‍ കോവിഡ് 19 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുളളത്. 63,760 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. വ്യാഴാഴ്ച 39,000 പുതിയ കോവിഡ് കേസുകള്‍ ഇന്തോനേഷ്യയില്‍ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗികള്‍ വര്‍ധിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. അടിയന്തര ചികിത്സയ്ക്കായി കാത്തുകിടക്കുന്നവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവരും മരിക്കുന്ന സംഭവങ്ങളും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ പരിഭ്രാന്തി പൂണ്ട് ആളുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങിവെക്കുന്നതും രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.