പഴയ അപ്പനും മകനും പുതിയ അപ്പനും മകനും

പഴയ അപ്പനും മകനും പുതിയ അപ്പനും മകനും

അപ്പനും മകനും വഴക്കായിരുന്നു. ഒത്തുതീർപ്പിനു വേണ്ടി അവർ ആശ്രമത്തിലെത്തി. അപ്പനാണ് ആദ്യം സംസാരിച്ചത്:''അച്ചാ, എനിക്ക് മൂന്ന് ആൺമക്കളാണ്. മൂത്തവർ രണ്ടു പേരും അവരുടെ കുടുംബത്തോടൊപ്പം വിദേശത്താണ്. കൂടെ വന്നിരിക്കുന്നത് ഇളയവനാണ്. ഭാഗം വയ്പ് കഴിഞ്ഞപ്പോൾ തറവാട് വീടും മൂന്ന് ഏക്കർ സ്ഥലവും ഇവന് നൽകി. മദ്യം കഴിച്ച് വന്നാൽ പിന്നെ വീട്ടിൽ ബഹളമാണ്. എൻ്റെയും ഭാര്യയുടെയും പേരിൽ എഴുതി വച്ചിരിക്കുന്ന സ്ഥലത്തിൻ്റെ ആധാരം വേണമത്രെ. പണയം വച്ച് ബാങ്കിൽ നിന്ന് വായ്പയെടുക്കാനാണ്.എന്തുറപ്പിലാണ് ഞാനാ ആധാരം നൽകുക? മദ്യപിച്ച് വെളിവില്ലാതെ നടക്കുന്ന ഇവൻ അത് തിരിച്ച് എടുത്തു തരുമെന്ന് എന്താണുറപ്പ്?"അപ്പന് പറയാനുള്ളത് കഴിഞ്ഞപ്പോൾ മകൻ്റെ ഊഴമായിരുന്നു:''അപ്പൻ പറഞ്ഞത് ശരിയാണ്. ഞാൻ ആധാരം ചോദിച്ചു. മകളുടെ പഠനത്തിന്‌ വേണ്ടി വേറെ നിവൃത്തിയില്ല. കുഞ്ഞുനാളിൽ എനിക്ക് മദ്യം ഒഴിച്ചു തന്നത് അപ്പനാണ്. അപ്പൻ ആ ശീലം നിർത്തിയെങ്കിലും എനിക്കതിന് കഴിയുന്നില്ല..."മകനോട് മദ്യപാനം നിർത്താനും അപ്പനോട് യുക്തമായ തീരുമാനമെടുക്കാനും പറഞ്ഞ് പ്രാർത്ഥിച്ച് ഞാനവരെ യാത്രയാക്കി.

ഒരുവർഷം കഴിഞ്ഞ് അപ്പനും മകനും വീണ്ടും വന്നിരുന്നു. ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. "വഴക്കെല്ലാം അവസാനിച്ചോ?"ഞാൻ ചോദിച്ചു."അതെല്ലാം എന്നേ അവസാനിച്ചു. ഇവിടെ നിന്ന് പോയ അന്ന് എനിക്ക് അറ്റാക്ക് വന്നു. രാത്രി ആശുപത്രിയിൽ എത്തിച്ചതും ഒരാഴ്ചയിൽ അധികം കൂടെ നിന്നതും ഈ മകൻ തന്നെയാണ്. വീട്ടിലെത്തിയിട്ടും പരസഹായമില്ലാതെ എനിക്കൊന്നും ചെയ്യാൻ മേലെന്നായി. മകനാണ് എല്ലാം ചെയ്തു തന്നത്."അപ്പൻ പറഞ്ഞു കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു:''എൻ്റെ മദ്യപാനവും മാറി.അപ്പൻ്റെ ആധാരം എനിക്ക് പണയം വയ്ക്കാൻ തന്നെങ്കിലും ഞാനത് എടുത്തില്ല. പണം വേറെ വഴിക്ക് ക്രമീകരിച്ചു. വീട്ടിൽ ഇപ്പോൾ നല്ല സന്തോഷമാണ്. അച്ചൻ്റെ പ്രാർത്ഥനയിൽ തുടർന്നും ഞങ്ങളെ ഓർക്കണം.''ആ അപ്പനെയും മകനെയുമോർത്ത് ദൈവത്തിന് ഞാൻ നന്ദി പറഞ്ഞു.

ഒരുപാട് കുറവുകളുള്ളവരാണ് നമ്മൾ ഓരോരുത്തരും. മുതിർന്നവരിൽ നിന്നും കൂടെവസിക്കുന്നവരിൽ നിന്നുമെല്ലാം ലഭിക്കുന്ന തിരുത്തലുകളും ശാസനകളും മാനസാന്തരത്തിലേക്കുള്ള വഴികളാകണം.ക്രിസ്തുവിൻ്റെ ഈ വാക്കുകൾ ശ്രദ്ധിക്കൂ:"യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല"(മത്താ 21:32).ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത് പല വിധത്തിലാണ്. വ്യക്തികളിലൂടെയും സന്ദർഭങ്ങളിലൂടെയും വചനത്തിലൂടെയുമെല്ലാം അവിടുന്ന് നമ്മോട് സംസാരിക്കുന്നുണ്ട്.യഥാസമയം മാനസാന്തരത്തിന് തയ്യാറായില്ലെങ്കിൽ പിന്നീട് അവസരങ്ങൾ ലഭിച്ചെന്നു വരില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26