യൂറോ കപ്പില്‍ ഇറ്റാലിയന്‍ മുത്തം: ഇംഗ്ലണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (3-2) കീഴടക്കി

യൂറോ കപ്പില്‍ ഇറ്റാലിയന്‍ മുത്തം:  ഇംഗ്ലണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (3-2) കീഴടക്കി

വെംബ്ലി: ഇഞ്ചോടിഞ്ച് ആവേശം കണ്ട കലാശപ്പോരാട്ടത്തിനൊടുവിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ 3-2ന് കീഴടക്കി ഇറ്റലി യൂറോ കപ്പ് ഫുട്ബാള്‍ കിരീടം സ്വന്തമാക്കി.

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ സേവുചെയ്ത ഇറ്റാലിയന്‍ ഗോളി ജിയാന്‍ ലൂയി ഡൊണറുമ്മെയാണ് സൂപ്പര്‍ ഹീറോ.

പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്‌കോര്‍ ചെയ്തു.

1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണിരോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മടക്കം. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയണ്‍സിന് വിനയായത്.

റോബര്‍ട്ടോ മാന്‍ചീനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയില്‍ മുത്തമിട്ടത്. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോല്‍ക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ഡോണറുമ്മയെ തെരെഞ്ഞെടുത്തു.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ഇറ്റലി നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഫൈനലില്‍ ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറണ്‍ ട്രിപ്പിയര്‍ ടീമില്‍ ഇടം നേടി. വര്‍ണാഭമായ സമാപന ചടങ്ങുകളോടെയാണ് ഫൈനല്‍ മത്സരം ആരംഭിച്ചത്.

മത്സരം തുടങ്ങിയ ഉടന്‍ തന്നെ ഇറ്റലിയ്ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിട്ടില്‍ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തില്‍ നിന്നും പിറന്ന കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ന്‍ പന്ത് ട്രിപ്പിയര്‍ക്ക് കൈമാറി.

പന്തുമായി ബോക്സിലേക്ക് കയറാന്‍ ശ്രമിച്ച ട്രിപ്പിയര്‍ മികച്ച ഒരു ക്രോസ് ബോക്സിലേക്ക നല്‍കി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിശക്തമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഗോള്‍കീപ്പര്‍ ഡോണറുമ്മയ്ക്ക് അത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.

യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ഇറ്റലി പതറി. ഏഴാം മിനിട്ടില്‍ ഇറ്റലിയ്ക്ക് ഇംഗ്ലണ്ട് ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമര്‍ഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധനിര നേരിട്ടു. ഗോള്‍ നേടിയതോടെ പ്രതിരോധത്തില്‍ കൂടുതല്‍ ശക്തി പകരാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 35-ാം മിനിട്ടില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ മേസണ്‍ മൗണ്ടിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലില്‍ കുരുക്കാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയില്‍ 48-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെര്‍ലിങ് പന്തുമായി ബോക്സിലേക്ക് കയറിയെങ്കിലും താരത്തിന് സ്‌കോര്‍ ചെയ്യാനായില്ല. 50-ാം മിനിട്ടില്‍ ഇറ്റലിയ്ക്ക ഇംഗ്ലീഷ് ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഇന്‍സീന്യെയ്ക്ക് വീണ്ടും പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി.

56-ാം മിനിട്ടില്‍ ഹാരി മഗ്വയറിന്റെ ഹെഡ്ഡര്‍ ഇറ്റാലിയന്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു, തൊട്ടുപിന്നാലെ ഇന്‍സീന്യെ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പിക്ക്ഫോര്‍ഡ് അത് തട്ടിയകറ്റി അപകടം ഒഴിവാക്കി. 61-ാം മിനിട്ടില്‍ കിയേസയുടെ ഗോളെന്നുറച്ച ഷോട്ട് മികച്ച ഡൈവിലൂടെ പിക്ക്ഫോര്‍ഡ് തട്ടിയകറ്റി. 63-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഡോണറുമ്മ തട്ടിയകറ്റി.

ഒടുവില്‍ 67-ാം മിനിട്ടില്‍ ഇറ്റലി സമനില ഗോള്‍ നേടി. പ്രതിരോധതാരം ലിയോണാര്‍ഡോ ബൊനൂച്ചിയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഇംഗ്ലീഷ് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയ കോര്‍ണര്‍ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും അത് കൃത്യമായി പിക്ക്ഫോര്‍ഡ് രക്ഷപ്പെടുത്തി.

എന്നാല്‍ പന്ത് ക്രോസ് ബാറില്‍ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു. അമിതമായി പ്രതിരോധത്തിലേക്ക് ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബൊനൂച്ചിയുടെ ടൂര്‍ണമെന്റിലെ ആദ്യ ഗോളാണിത്.

74-ാം മിനിട്ടില്‍ തുറന്ന അവസരം ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83-ാം മിനിട്ടില്‍ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

95-ാം മിനിട്ടില്‍ സ്റ്റെര്‍ലിങ് ബോക്സിലേക്ക് കുതിച്ചെങ്കിലും താരത്തിന് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായില്ല. 103-ാം മിനിട്ടില്‍ ഇറ്റലിയുടെ മുന്നേറ്റത്തെ സധൈര്യത്തോടെ നേരിട്ട പിക്ക്ഫോര്‍ഡ് ഇംഗ്ലീഷ് ഗോള്‍വല കാത്തു. 105-ാം മിനിട്ടില്‍ ഇറ്റാലിയന്‍ ബോക്സിന് പുറത്തുനിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അവസരം ഗോളാക്കി മാറ്റാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 106-ാം മിനിട്ടില്‍ ഇറ്റലിയുടെ ബെര്‍ണാഡെസ്‌കിയുടെ ഫ്രീകിക്ക് പിക്ക്ഫോര്‍ഡ് കൈയ്യിലൊതുക്കി.

എക്സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങള്‍ ഇരു ടീമുകള്‍ക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 1976-ലാണ് ഇതിനുമുന്‍പ് ഒരു യൂറോ കപ്പ് ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പില്‍ മുത്തമിട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.