കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നവരുടെ എണ്ണം കൂട്ടുന്നതിനായി പുതിയ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍. 30 സെക്കന്‍ഡുള്ള പരസ്യത്തിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ സ്വയം സജ്ജരാകൂ എന്നാണ് രാജ്യത്തെ പൗരന്മാരോടായി ഫെഡറല്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്.
വാക്‌സിനേഷന്‍ കൊണ്ടു മാത്രമേ കോവിഡ് വ്യാപനം തടയാന്‍ കഴിയൂ എന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിനെ പലപ്പോഴായി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പൊതുജന അവബോധം വളര്‍ത്തണമെന്നും വിദഗ്ധര്‍ ആവശ്യം ഉന്നയിച്ചിരുന്നു. എങ്കിലേ വാക്‌സിനേഷനു തയാറായി കൂടുതല്‍ പേര്‍ മുന്നോട്ടു വരൂ. ഇതിനുള്ള മറുമരുന്ന് എന്ന നിലയിലാണ് കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കാനായി പരസ്യ പ്രചാരണം തുടങ്ങിയത്. ഇതുവഴി വാക്‌സിനേഷന്‍ സംബന്ധിച്ച പൊതുജനങ്ങളിലുള്ള ആശയക്കുഴപ്പം തീര്‍ക്കുകയും എവിടെയൊക്കെ കുത്തിവയ്പ്പുകള്‍ ലഭ്യമാണെന്ന് അറിയിക്കുകയുമാണ് ഉദ്ദേശം.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍ നിലവിലുള്ള പരസ്യങ്ങള്‍ അത്ര പോരെന്ന് മുന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ നിക്ക്‌കോട്ട്‌സ്‌വര്‍ത്ത് അടക്കമുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. രാജ്യത്ത് വിവിധ മേഖലകളില്‍ നിന്നായി പൊതുസമ്മതിയുള്ള ആളുകളെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയോഗിക്കണമെന്നാ്‌യിരുന്നു നിര്‍ദേശം. വാക്‌സിനേഷന്‍ സംബന്ധിച്ച അമേരിക്കയിലെ പരസ്യങ്ങളില്‍ മുന്‍ പ്രസിഡന്റുമാരായ ബറാക്ക് ഒബാമ, ബോര്‍ജ് ഡബ്‌ള്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍, ജിമ്മി കാര്‍ട്ടര്‍ തുടങ്ങിയവരാണ് എത്തിയത്. യു.കെയിലാവട്ടെ പ്രശസ്ത സംഗീതജ്ഞനായ എല്‍ട്ടണ്‍ ജോണും നടന്‍ മൈക്കിള്‍ കെയിനുമൊക്കെയാണ് പൊതുജന അവബോധത്തിനായി സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സിംഗപ്പൂരും ന്യൂസിലാന്‍ഡും ഇതേ മാതൃക പിന്തുടര്‍ന്ന് പ്രശസ്ത കലാകാരന്മാരെ പരസ്യങ്ങളില്‍ അണിനിരത്തി. എന്നാല്‍ ഓസ്‌ട്രേലിയ മാത്രം ഇക്കാര്യത്തില്‍ പിന്നോട്ടു പോയെന്നായിരുന്നു വിമര്‍ശനം. ഇതു പരിഹരിക്കാനാണ് പുത്തന്‍ പരസ്യ കാമ്പെയിനുകളുമായുള്ള സര്‍ക്കാരിന്റെ വരവ്.
അതേസമയം, അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും പോലെ ലോകപ്രശസ്തരെ ഉപയോഗിക്കാതെ, സാധാരണക്കാരെ പരസ്യ മോഡലുകളാക്കി പൊതുജനാവബോധം ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. കുത്തിവയ്പ്പ് എടുത്ത ശേഷം ബാന്‍ഡേജ് ഒട്ടിച്ച സാധാരണക്കാരുെട ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് രാജ്യത്തെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും ഒരേസമയം പ്രചരിപ്പിക്കാനാണ് നീക്കം.
കോവിഡിനെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമാകൂ, ഒപ്പം നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സമൂഹത്തെ ഒന്നാകെയും സജ്ജരാക്കൂ എന്നതാണ് പ്രധാന പരസ്യ വാചകം. നിങ്ങള്‍ സ്‌നേഹിക്കുന്ന ഓരോരുത്തരെയും വാക്‌സിനെടുക്കാന്‍ സ്ജ്ജരാക്കൂ എന്നാണ് പരസ്യവാചകം.
കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ മാത്രമാണ് ഏക പോംവഴിയെന്നും ഭാവിയിലേക്ക് ഇത് അത്യാവശ്യമാണെന്നും പരസ്യചിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ സാധാരണക്കാരെ ഇറക്കിയുള്ള പരസ്യ ചിത്രങ്ങള്‍ സംബന്ധിച്ച് വിര്‍മശനവും ഉയര്‍ന്നിട്ടുണ്ട്. ഇത് ഒരു തരത്തിലും ആകര്‍ഷകമല്ലെന്നാണ് പ്രതിപക്ഷ നേതാവായ ആന്റണി ആല്‍ബനീസിനിന്റെ പ്രതികരണം.
എയിഡ്‌സിനെതിരേയും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരേയും ലോകത്തിനു മാതൃകയാകുന്ന പ്രചാരണം നടത്തിയ നാടാണ് ഓസ്‌ട്രേലിയ. എന്നാല്‍ രോഗഭീഷണി ഉയര്‍ന്ന് ഒന്നര വര്‍ഷത്തിനു ശേഷവും ഇത്തരമൊരു പരസ്യ കാമ്പെയിനാണോ നടത്തേണ്ടിയിരുന്നതെന്ന് ആല്‍ബനീസ് ചോദിക്കുന്നു. അതേസമയം ഈ പരസ്യ ചിത്രങ്ങള്‍ക്ക് പതിയെ സ്വീകാര്യത ലഭിക്കുമെന്നാണ് കോമണ്‍വെല്‍ത്ത് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ ലഫ്. ജനറല്‍ ജോണ്‍ ഫ്രൂവന്‍ പറയുന്നത്. ഇംഗ്ലീഷ് സംസാരിക്കാത്ത ആളുകളിലേക്കു കൂടി ഇവ വേഗം എത്തിക്കുന്ന വിധമാണ് തയാറാക്കിയിട്ടുള്ളത്. ഈ വര്‍ഷം മുഴുവന്‍ ഓസ്‌ട്രേലിയയില്‍ പുതിയ പരസ്യങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കും. സാംസ്‌കാരികമായി ഏറെ വൈവിധ്യമുള്ള രാജ്യത്ത് വിവിധ സമൂഹങ്ങളുടെ ഭാഷകളിലേക്ക് പരസ്യങ്ങള്‍ മൊഴിമാറ്റി അവതരിപ്പിക്കും.
ഫൈസര്‍ വാക്‌സിന്റെ രാജ്യ വ്യാപക വിതരണത്തിനു മുന്നോടിയായി കൂടുതല്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്ന പ്രചാരണങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു. ജൂലൈ പകുതിയോടെ പത്തു ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിനുകള്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായപൂര്‍ത്തിയായ 11 ശതമാനം പേര്‍ മാത്രമാണ് ഓസ്‌ട്രേലിയയില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളതെന്നാണ് കണക്ക്. പുതിയ പരസ്യ തന്ത്രങ്ങള്‍ ആളുകളുടെ മനോഭാവം മാറ്റുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.