ശ്രീലങ്കയിലെ മന്ത്രിസഭാ യോഗം രാജപക്സെ കുടുംബ യോഗം തന്നെ; എത്ര രാജപക്സെകള്‍? എണ്ണി അന്തം വിട്ട് ജനം

 ശ്രീലങ്കയിലെ മന്ത്രിസഭാ യോഗം രാജപക്സെ കുടുംബ യോഗം തന്നെ;  എത്ര രാജപക്സെകള്‍? എണ്ണി അന്തം വിട്ട് ജനം

കൊളംബോ: ശ്രീലങ്കയില്‍ രാജപക്സെ കുടുംബ യോഗവും മന്ത്രിസഭാ യോഗവും ഏകദേശം ഒന്നായി മാറുന്ന അവസ്ഥയെത്തി. പ്രസിഡന്റും പ്രധാനമന്ത്രിയും ഉള്‍പ്പെട്ട കുടുംബത്തില്‍ നിന്ന്. ബാസില്‍ രാജപക്സെ എന്ന 70 കാരന്‍ ധനമന്ത്രിയായി കഴിഞ്ഞയാഴ്ച ചുമതലയേറ്റതോടെ ദൃഢ കുടുംബ ബന്ധമുള്ളവരുടെ എണ്ണം കാബിനറ്റില്‍ ഏഴായി. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ബിഹാറിലും അരങ്ങേറിയ കുടുംബ വാഴ്ചകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു രാജപക്സെകള്‍.

പ്രസിഡന്റ് ഗോതബായ രാജപക്സെ (72), പ്രധാനമന്ത്രി മഹിന്ദ രാജപക്സെ (75), കൃഷിമന്ത്രി ചമല്‍ രാജപക്സെ (78) എന്നിവര്‍ക്കു പുറമെയാണ് ബാസില്‍ രാജപക്സെ എന്ന ഇവരുടെ അനുജനും മന്ത്രിയായത്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയായിരുന്നു ഇതുവരെ ധനകാര്യം കൈകാര്യം ചെയ്തിരുന്നത്. മഹിന്ദ രാജപക്സെയുടെ മകനും ദേശീയ റഗ്ബി ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നമല്‍ രാജപക്സെ (35) യുവജന-കായിക മന്ത്രിയാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും എന്റര്‍പ്രൈസ് വികസനത്തിന്റെയും മന്ത്രി കൂടിയാണ് അദ്ദേഹം.

ചമല്‍ രാജപക്സെയുടെ മകന്‍ ശശീന്ദ്രയുടെ ചുമതലകള്‍ വലുതാണ്: 'നെല്ലും ധാന്യങ്ങളും, ജൈവ ഭക്ഷണം, പച്ചക്കറികള്‍, പഴങ്ങള്‍, മുളക്, ഉള്ളി, ഉരുളക്കിഴങ്ങ്, വിത്ത് ഉല്‍പാദനം, ഹൈടെക് അഗ്രികള്‍ച്ചര്‍ എന്നിവയുടെ സഹമന്ത്രി.' നിപുണ റണാവക എന്ന രാജപക്സെ മരുമകനും കാബിനറ്റ് അംഗമാണ്.

നേരത്തെ മഹിന്ദ രാജപക്സെ പ്രസിഡന്റ് ആയിരിക്കുമ്പോഴും കുടുംബം അധികാര ശ്രേണിയില്‍ കളം നിറഞ്ഞിരുന്നെങ്കിലും ഇത്ത്രത്തോളം പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. 2010-2015 കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ബാസിലിന് ശ്രീലങ്കന്‍, യു.എസ് ഇരട്ട പൗരത്വമുണ്ട്. 2020 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാസില്‍ മത്സരിച്ചില്ലെങ്കിലും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത് പാര്‍ലമെന്റംഗമാക്കി.

തന്റെ രണ്ട് സഹോദരന്മാരുടെയും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാന പങ്കുവഹിച്ചയാളാണ്, കുടുംബത്തിലെ പ്രായോഗിക തന്ത്രജ്ഞനായി അംഗീകരിക്കപ്പെട്ടിട്ടുള്ള ബാസില്‍. താളം തെറ്റിയ സമ്പദ് വ്യവസ്ഥയുടെ പതനമൊഴിവാക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്ന സഹോദരന്മാരുടെ നിരീക്ഷണത്തിന്റെ ഫലമാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണമെന്ന് വിശകലന വിദഗ്ധരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും പറയുന്നു.

2015 ലെ തെരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്സെ മൂന്നാം തവണ പ്രസിഡന്റാകുന്നതിനെതിരെയായിരുന്നു ജനവിധി. പക്ഷേ, മഹിന്ദ രജപക്സെ പ്രധാനമന്ത്രിയായി 2018 ല്‍ സത്യപ്രതിജ്ഞ ചെയ്തെങ്കിലും പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാതെ ഒടുവില്‍ പിന്മാറി. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഗോതബായ രാജപക്സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 72 കാരനായ ഗോതബായ പ്രസിഡന്റായശേഷം പ്രതിരോധമന്ത്രിയുടെ അധിക തസ്തിക സ്വയം ഏറ്റെടുക്കുകയും 75 കാരനായ മഹിന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തു. പിന്നെ രണ്ടാം തലമുറ വന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ കുടുംബം അധികാരത്തിലാണ്. പ്രസിഡന്റായിരുന്ന 10 വര്‍ഷത്തിനിടെ മഹിന്ദ രാജപക്സെ 2009 ല്‍ ശ്രീലങ്കയുടെ പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് തമിഴ് പുലികള്‍ എന്നറിയപ്പെടുന്ന വിമതരെ തകര്‍ത്തു. അദ്ദേഹത്തിന്റെ സഹോദരന്മാരും അന്ന് പ്രധാന പദവികള്‍ വഹിച്ചിരുന്നു.

2006 ലെ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായ തമിഴ് വംശജര്‍ക്കു നേരെ ക്രൂരമായ സൈനികാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷമായ സിംഹളര്‍ ഇദ്ദേഹത്തിനുകൂലമായിരുന്നു. പാര്‍ലമെന്റ് സ്പീക്കറായിരുന്നു ചമല്‍ രാജപക്സെ.

ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായാണ് ശ്രീലങ്കന്‍ പീപ്പീള്‍സ് പാര്‍ട്ടിയെ വിജയിപ്പിച്ച് ഗോതബായ 2019 ല്‍ അധികാരമേറ്റത്്. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗയുടെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി പരാജയപ്പെട്ടു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്ച മൂലമാണെന്ന ആരോപണം ഗോതബായ മുതലാക്കി. 250 ഓളം പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ ദിന സ്‌ഫോടനവും തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഗോതബായക്കു കഴിഞ്ഞു.

ഗോതബയ രാജപക്സെയുടെ അധികാര കേന്ദ്രീകരണത്തെക്കുറിച്ചും കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം പ്രധാന തസ്തികകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. യുദ്ധസമയത്ത് നടന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ ഒരു പരിധിവരെ ശ്രീലങ്ക കൈവരിച്ച പുരോഗതിയെ അദ്ദേഹം മാറ്റിമറിച്ചുവെന്നും അവര്‍ പറയുന്നു.

വിമതരെ ഉപദ്രവിക്കാന്‍ രാജപക്സെ പോലീസിനെയും ജുഡീഷ്യറിയെയും ഉപയോഗിച്ചെന്നും യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ തടസപ്പെടുത്തിയെന്നുമുള്ള പരാതി രൂക്ഷമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീര്യം തകരുമെന്നതാണ് അന്വേഷണം തടയാനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്.

ഗുരുതരമായ അധിക്ഷേപത്തിന് ഇരയായ സൈനിക ഉദ്യോഗസ്ഥര്‍ക്കും മാപ്പ് നല്‍കി. നിയമപരമായ ശിക്ഷാനടപടികളില്ലാതെ പ്രസിഡന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി കഴിഞ്ഞ വര്‍ഷം രാജപക്സെ കൊണ്ടു വന്നു. ഭരണകൂടത്തിന് അമിത സംരക്ഷണമേകുന്നു ഇതെന്ന് ശ്രീലങ്കന്‍ ബാര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനിടെ, കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായതും വിനോദ സഞ്ചാരികള്‍ വരാതായതും രാജ്യത്തെ സാമ്പത്തിക ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടി. യുദ്ധസമയത്ത് അപ്രത്യക്ഷരായവര്‍ക്ക് നീതി ആവശ്യപ്പെട്ടും ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ചോദിച്ചും ആയിരക്കണക്കിന് ആളുകളുടെ ആവര്‍ത്തിച്ചുള്ള പ്രകടനങ്ങള്‍ ശ്രീലങ്ക കണ്ടു. പക്ഷേ, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പ്രതിഷേധം തകര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. അതേസമയം, പടിപടിയായി കുടുംബവാഴ്ച ശക്തമാവുകയുമാണ്.

'നാല് സഹോദരന്മാരും മറ്റ് നിരവധി കുടുംബാംഗങ്ങളും സര്‍ക്കാരിലെ സുപ്രധാന പദവികള്‍ വഹിക്കുന്നു,'- തലസ്ഥാനമായ കൊളംബോ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ പോളിസി ഓള്‍ട്ടര്‍നേറ്റീവിലെ മുതിര്‍ന്ന ഗവേഷകനായ ഭവാനി ഫോന്‍സേക്ക പറഞ്ഞു. 'ദുര്‍ബലമാണ് പ്രതിപക്ഷം. എക്സിക്യൂട്ടീവ് യഥാര്‍ത്ഥ പരിശോധനയ്ക്കു വിധേയമാകാതെ അസന്തുലിതാവസ്ഥയിലും. ഈ സാഹചര്യത്തില്‍, ശ്രീലങ്കയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് വളരെയധികം ആശങ്കാജനകമാണ്.'

ഏതാനും പതിറ്റാണ്ടുകളായി പേയ്‌മെന്റ് ബാലന്‍സില്‍ ഇപ്പോഴത്തയത്ര ഗുരുതരമായ പ്രതിസന്ധി രാജ്യം നേരിട്ടിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാനും രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുമുള്ള 'പ്രൊഫഷണല്‍, സാങ്കേതിക ഇന്‍പുട്ട് ' ആണ് ആവശ്യം-പ്രതിപക്ഷ നിരയിലെ നിയമനിര്‍മ്മാതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഹര്‍ഷ ഡി സില്‍വ പറഞ്ഞു'.

രാജപക്സെമാര്‍ വിശ്വസിക്കുന്നത് അവരുടെ കുടുംബത്തില്‍ മാത്രമേ വൈദഗ്ദ്ധ്യം ഉള്ളൂവെന്നാണ്. ഒരു സഹോദരന് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അടുത്ത സഹോദരന്‍ ശ്രമിക്കും. അത് പരാജയപ്പെട്ടാല്‍, ഒരു മൂന്നാം സഹോദരന്‍ ചെയ്യും. രാജപക്സേ ഇതരര്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുകയാണ് ജനങ്ങള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.