ഗ്ലാസുകളുടെ വഴക്ക്

ഗ്ലാസുകളുടെ വഴക്ക്

ഞങ്ങളുടെ പ്രൊഫസർ പറഞ്ഞ ഒരു കഥയുണ്ട്. ഒരിക്കൽ രണ്ട് ഗ്ലാസുകൾ തമ്മിൽ ചെറിയൊരു വഴക്കുണ്ടായി.ഒരു ഗ്ലാസ് ചെറിയതും രണ്ടാമത്തേത് വലിയതുമായിരുന്നു. ചെറിയ ഗ്ലാസ് പറഞ്ഞു:''യജമാനന് ഇഷ്ടം നിന്നോടാണ്. നിനക്ക് തരുന്നത്ര വെള്ളം എനിക്ക് നൽകുന്നില്ല."ഇതുകേട്ട വലിയ ഗ്ലാസിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു:"അങ്ങനെ ചിന്തിക്കുകയോ പറയുകയോ അരുത്. എൻ്റെയത്രയും വലുപ്പം നിനക്കില്ലല്ലോ? നിനക്ക് ഉൾക്കൊള്ളാവുന്ന ജലം നിനക്ക് നൽകുന്നുണ്ട്. അതിൽ കൂടുതൽ ആയാൽ വെള്ളം പാഴാകുമെന്നല്ലാതെ ഉപയോഗമൊന്നുമില്ല. നമ്മെ രണ്ടു പേരെയും വ്യത്യസ്തമായാണ് സൃഷ്ടിച്ചിരിക്കുന്നത്. വലുപ്പവും രൂപവും വ്യത്യസ്തം തന്നെ. ഓരോരുത്തർക്കും ആവശ്യമുള്ളത് യജമാനൻ നൽകും. അതുകൊണ്ട് പരാതിയില്ലാതെ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ശ്രമിക്കുക...."

ഈ കഥ പറഞ്ഞ ശേഷം പ്രൊഫസർ ഇങ്ങനെ പറഞ്ഞു:നമ്മളും ഗ്ലാസുകൾക്ക് തുല്യമാണ്. ദൈവം വ്യത്യസ്തമായ് നമ്മെയും മെനഞ്ഞിരിക്കുന്നു. ഒരു കുടുംബത്തിൽ ഉള്ളവർ പോലും കഴിവിലും സാമർത്ഥ്യത്തിലും വർണ്ണത്തിലും വ്യത്യസ്തരാണ്. ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ച് വളരാൻ ശ്രമിക്കുന്നവരെ ദൈവം കൂടുതൽ അനുഗ്രഹിക്കും.

ഇന്നീ കഥയോർക്കാൻ കാരണം പത്തു നാണയങ്ങളുടെ ഉപമയെക്കുറിച്ചുള്ള ധ്യാനമാണ്. യജമാനൻ ഓരോരുത്തർക്കും അവരുടെ കഴിവിനനുസരിച്ച് നാണയങ്ങൾ നൽകി. രണ്ടു പേർ കഠിനാധ്വാനം ചെയ്ത് അവ വർദ്ധിപ്പിച്ചപ്പോൾ ഒരാൾ മാത്രം യജമാനനെ കുറ്റം വിധിച്ച് അത് മണ്ണിൽ കുഴിച്ചിട്ടു. അവനിൽ നിന്ന് ആ നാണയമെടുത്ത് പത്തു നാണയമുള്ളവന് നൽകുകയും അവനെ ശിക്ഷാവിധിക്ക് എൽപ്പിച്ചു കൊടുക്കുകയും ചെയ്തു.(Refലൂക്ക 19:11-27).

ലഭിച്ച അനുഗ്രഹങ്ങളിലേക്ക് മിഴിയുയർത്താതെ പരിഭവം പറഞ്ഞിരിക്കുന്നവർ അലസതയുടെ തടവറയിൽ അകപ്പെടാൻ സാധ്യതയുണ്ടെന്ന സത്യം മറക്കാതിരിക്കാം.അലസത പിശാചിൻ്റെ താവളമാണെന്നും ഓർമവേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.