ദയാവധം വിനാശകരമായ നീക്കമെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍

ദയാവധം വിനാശകരമായ നീക്കമെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍

സിഡ്‌നി: ദുര്‍ബലര്‍ക്ക് ആവശ്യമായ സാന്ത്വന പരിചരണം നല്‍കാതെ, സര്‍ക്കാര്‍ അനുമതിയോടെ പൗരന്മാരെ കൊല്ലുന്നത് വിനാശകരമായ നീക്കമാണെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍. ഓസ്‌ട്രേലിയയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദയാവധം നിയമവിധേയമാക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.

സഭയുടെ പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണ് ദയാവധം. സര്‍ക്കാര്‍ നല്‍കുന്ന സേവനത്തില്‍ നിന്നു വ്യത്യസ്തമാണ് സഭയും മറ്റു സംഘടനകളും ആരോഗ്യ രംഗത്തും വയോജന പരിപാലന രംഗത്തും നല്‍കുന്ന സേവനം.

ലോകത്ത് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നല്‍കുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന കത്തോലിക്ക സഭ പ്രായമായവരുടെയും മരണത്തിനു കീഴടങ്ങുന്നവരുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നു ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പറഞ്ഞു. അവരുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കാനാണ് സഭ മുന്‍ഗണന നല്‍കുന്നത്. മറിച്ച് അവരെ കൊല്ലുന്നതിനോ ദയാവധത്തില്‍ സഹകരിക്കുന്നതിനോ സഭ തയാറല്ലെന്നു ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

ജീവിതത്തിന്റെ മാഹാത്മ്യവും പവിത്രതയും അതിന്റെ ഫലമായി ആരെയും കൊല്ലരുതെന്ന കല്‍പനയെയും വളരെ പരിപാവനമായാണ് സഭ കരുതുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഉള്‍പ്പെടെ ഈ മൂല്യങ്ങളാണ് ഞങ്ങളെ ഇത്രയും കാലം മുന്നോട്ടു നയിച്ചത്. അതു നിസാരമായി ഉപേക്ഷിക്കാന്‍ സഭയ്‌ക്കോ വിശ്വാസികള്‍ക്കോ ആവില്ല.

മനുഷ്യര്‍ ഏറെ പ്രത്യേകതകള്‍ ഉള്ളവരാണ്. അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാട് കൈസ്തവ വിശ്വാസത്തിന്റെ മാത്രം കുത്തകയല്ല. മിക്ക രാജ്യങ്ങളുടെയും നിയമവ്യവസ്ഥകള്‍, രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍, വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയൊക്കെ മനുഷ്യരുടെ ജീവനും അന്തസിനും മൂല്യം കല്‍പ്പിക്കുന്നു.

രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിനെതിരേ കത്തോലിക്ക സഭ വളരെയധികം ജാഗ്രത പുലര്‍ത്തും. ചിലരുടെ ജീവനെടുക്കുന്നതിനെതിരേ നിയമങ്ങളുടെ സംരക്ഷണം ലഭിക്കുമ്പോള്‍ ചിലരുടെ ജീവനെടുക്കുന്നതിന് അത്തരം സംരക്ഷണങ്ങളൊന്നും ലഭിക്കുന്നില്ല. ഇതിനെതിരേ സഭ ജാഗ്രത പുലര്‍ത്തും.

കോവിഡ് മഹാമാരിക്കാലത്ത് ജീവിതത്തിന്റെ പവിത്രതയും തത്വങ്ങളും നാം ഉയര്‍ത്തിപ്പിടിച്ചു. പ്രായമായവരെയും ദുര്‍ബലരെയും സുരക്ഷിതമാക്കാന്‍ ദൈനംദിന ജീവിതത്തില്‍ വിവിധ നിയന്ത്രണങ്ങള്‍ക്കു നാം തയാറായി. ഇത് നല്ല സാമൂഹിക ബോധമാണ്. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനാണ് നിയന്ത്രണങ്ങളെ നാം അംഗീകരിച്ചതെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.